ന്യൂനപക്ഷ ഭവന പുനരുദ്ധാരണ പദ്ധതി: അർഹരിൽ ധനസഹായം ലഭിച്ചത് അഞ്ച് ശതമാനത്തിനും താഴെ
text_fieldsമലപ്പുറം: ന്യൂനപക്ഷ ക്ഷേമ വകുപ്പിന്‍റെ കീഴിൽ ന്യൂനപക്ഷ വിഭാഗങ്ങളിലെ വിധവകൾ, വിവാഹമോചിതർ, ഉപേക്ഷിക്കപ്പെട്ട സ്ത്രീകൾ തുടങ്ങിയവർക്കായി നടപ്പാക്കുന്ന ഇമ്പിച്ചിബാവ ഭവന പുനരുദ്ധാരണ പദ്ധതി പ്രകാരം കഴിഞ്ഞ വർഷം ധനസഹായം നൽകിയത് നാമമാത്ര അപേക്ഷകർക്കെന്ന് വിവരാവകാശ രേഖ. 2021-22ൽ ലഭിച്ച 13,862 അപേക്ഷകരിൽ 624 പേർക്ക് മാത്രമാണ് സർക്കാർ ധനസഹായം നൽകിയത്. ഇതിൽ 13,034 പേർ അർഹരാണെങ്കിലും അഞ്ച് ശതമാനത്തിനും താഴെ പേർക്ക് മാത്രമാണ് ധനസഹായം ലഭിച്ചത്. 100 പേർ പദ്ധതി പ്രകാരം അപേക്ഷിക്കുമ്പോൾ നാല് പേർക്ക് മാത്രമാണ് ആനുകൂല്യം അനുവദിക്കുന്നത്.
ഏറ്റവും കൂടുതൽ അപേക്ഷകൾ ലഭിച്ചത് മലപ്പുറം ജില്ലയിൽ നിന്നാണ്. ഇവിടെ ലഭിച്ച 2621 അപേക്ഷകളിൽ 123 പേർക്കാണ് ധനസഹായം അനുവദിച്ചത്. വയനാട് ജില്ലയിൽ 1351 അപേക്ഷകളിൽ 21 പേർക്കും എറണാകുളത്ത് 1226 അപേക്ഷകരിൽ 73 പേർക്കുമാണ് ധനസഹായം നൽകിയത്. കൃത്യമായ മാനദണ്ഡങ്ങൾ പ്രകാരം അപേക്ഷിച്ചവർക്കുപോലും ധനഹായം ലഭിക്കുന്നില്ലെന്ന ആക്ഷേപം ശക്തമാണ്.അതാത് വർഷം ബജറ്റിൽ വകയിരുത്തുന്ന തുകക്ക് ആനുപാതികമായാണ് അർഹരായ അപേക്ഷകർക്ക് ധനസഹായം അനുവദിക്കുന്നതെന്നാണ് ന്യൂനപക്ഷക്ഷേമ വകുപ്പ് വ്യക്തമാക്കുന്നത്.
വളരെ പ്രയാസപ്പെട്ടാണ് അപേക്ഷകർ ധനസഹായത്തിന് ആവശ്യമായ രേഖകൾ തയാറാക്കുന്നത്. ദിവസങ്ങളോളം സർക്കാർ ഓഫിസുകളിൽ കയറിയിറങ്ങിയാണ് പത്തോളം രേഖകൾ തയാറാക്കുന്നത്. ഒരു വർഷം കിട്ടിയില്ലെങ്കിൽ അടുത്ത വർഷം വീണ്ടും ഈ രേഖകൾ എല്ലാം തയാറാക്കി അപേക്ഷ നൽകേണ്ടി വരുന്നതായും അർഹമായ ആനുകൂല്യം ലഭിക്കുന്നില്ലെന്നും വ്യാപക പരാതിയുണ്ട്. അതേസമയം പുതിയ അപേക്ഷകളിൽ മാനദണ്ഡങ്ങൾ പ്രകാരം അർഹരായ കൂടുതൽ പേരെ ഉൾപ്പെടുത്താനുള്ള ശ്രമങ്ങൾ നടക്കുന്നുണ്ടെന്നും കൂടുതൽ പേർക്ക് അവസരം നൽകാൻ അപേക്ഷ തീയതി നീട്ടിയിട്ടുണ്ടെന്നും ന്യൂനപക്ഷക്ഷേമ ഡയറക്ടേററ്റ് ഓഫിസ് അറിയിച്ചു.
ഓരോ ജില്ലയിൽ നിന്നു ലഭിച്ച അപേക്ഷകരുടെ എണ്ണവും ധനസഹായം അനുവദിച്ചവരുടെ എണ്ണവും (ബ്രാക്കറ്റിൽ)
തിരുവനന്തപുരം 619 (45)
കൊല്ലം 550 (38)
പത്തനംതിട്ട 188 (21)
ആലപ്പുഴ 955 (27)
കോട്ടയം 876 (40)
ഇടുക്കി 509 (23)
എറണാകുളം 257 (73)
തൃശൂർ 1257 (53)
പാലക്കാട് 886 (39)
മലപ്പുറം 2621 (123)
കോഴിക്കോട് 1176 (55)
വയനാട് 1351 (21)
കണ്ണൂർ 1074 (42)
കാസർകോട് 574 (24)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.