ന്യൂനപക്ഷ സ്കോളർഷിപ്: സുപ്രീംകോടതിയെ സമീപിച്ചത് അനുപാതം മാറ്റിയശേഷം
text_fieldsതിരുവനന്തപുരം: ന്യൂനപക്ഷ സ്കോളർഷിപ് പ്രശ്നത്തിൽ സർക്കാർ സുപ്രീംകോടതിയിൽ ഹരജി നൽകുന്നത് സ്കോളർഷിപ് വിതരണം ജനസംഖ്യാനുപാതികമാക്കി നടപ്പാക്കാൻ വിജ്ഞാപനമിറക്കിയ ശേഷം.
സ്കോളർഷിപ് ജനസംഖ്യാനുപാതികമാക്കാനുള്ള ഹൈകോടതി ഉത്തരവിെൻറ ചുവടുപിടിച്ച് സെപ്റ്റംബർ രണ്ടിന് വിവിധ ന്യൂനപക്ഷ സ്കോളർഷിപ്പിലേക്കുള്ള വിജ്ഞാപനം ന്യൂനപക്ഷ ഡയറക്ടറേറ്റ് പ്രസിദ്ധീകരിച്ചിരുന്നു. ഇതുപ്രകാരം സ്കോളർഷിപ്പിനായി ആയിരക്കണക്കിന് വിദ്യാർഥികൾ അപേക്ഷിക്കുകയും ചെയ്തിട്ടുണ്ട്. മുൻ വർഷങ്ങളെ അപേക്ഷിച്ച് അേപക്ഷകരുടെ എണ്ണം വൻതോതിൽ വർധിക്കുകയും ചെയ്തു. സ്കോളർഷിപ് ജനസംഖ്യാനുപാതികമായിരിക്കുമെന്ന് പ്രത്യേകം സൂചിപ്പിച്ചുകൊണ്ടായിരുന്നു വിജ്ഞാപനം.
സച്ചാർ, പാലോളി കമ്മിറ്റി റിപ്പോർട്ടുകളുടെ വെളിച്ചത്തിൽ മുസ്ലിം പിന്നാക്കാവസ്ഥ പരിഹരിക്കാൻ നടപ്പാക്കിയ സ്കോളർഷിപ് പദ്ധതി ന്യൂനപക്ഷ സമുദായങ്ങൾക്കിടയിൽ വീതംവെക്കാനുള്ള ഹൈകോടതി ഉത്തരവിനെതിരെ സർക്കാർ സുപ്രീംകോടതിയിൽ പോകണമെന്ന് നേരത്തേതന്നെ ആവശ്യമുയർന്നിരുന്നു. മുസ്ലിം സംഘടനകൾ ഒന്നടങ്കം സച്ചാർ സംരക്ഷണസമിതി രൂപവത്കരിച്ച് പ്രക്ഷോഭത്തിനിറങ്ങുകയും മുഖ്യമന്ത്രിയെ കണ്ട് നിവേദനം നൽകുകയും ചെയ്തു. വിധിക്കെതിരെ സർക്കാർ കോടതിയെ സമീപിക്കാത്തതിൽ മുസ്ലിം സംഘടനകൾ കടുത്ത അമർഷത്തിലായിരുന്നു.
തുടർ പ്രക്ഷോഭങ്ങൾക്കുള്ള ആലോചനകളും നടക്കുന്നതിനിടെയാണ്, നേരത്തേ വിധി നടപ്പാക്കാൻ ന്യായീകരണം ചമച്ച സർക്കാർതന്നെ സുപ്രീംകോടതിയെ സമീപിച്ചത്. സ്കോളർഷിപ്പുമായി ബന്ധപ്പെട്ട കാര്യങ്ങൾ ഹൈകോടതിയെ നേരാംവണ്ണം ബോധ്യപ്പെടുത്തിയില്ലെന്ന വിമർശനവും ഉയർന്നിരുന്നു.
മേയ് 28ന് ഹൈകോടതി പുറപ്പെടുവിച്ച വിധിപ്രകാരം സർവകക്ഷി യോഗം വിളിച്ച് നിലവിലുണ്ടായിരുന്ന 80:20 അനുപാതം മാറ്റാനുള്ള തീരുമാനത്തിേലക്കാണ് സർക്കാർ പോയത്. ഇതിെൻറ ഭാഗമായാണ് ഇൗ വർഷത്തെ സ്കോളർഷിപ് ജനസംഖ്യാനുപാതികമാക്കി വിജ്ഞാപനമിറക്കിയത്. വിഷയം കഴിഞ്ഞ നിയമസഭ സമ്മേളനത്തിൽ ഉയർന്നുവന്നപ്പോഴും വിധിക്കെതിരെ സുപ്രീംകോടതിയെ സമീപിക്കുന്നതിൽ നിലപാട് പറഞ്ഞിരുന്നില്ല.ഹൈകോടതി വിധിയിൽ ന്യൂനപക്ഷങ്ങൾക്കിടയിലെ ഉപതരംതിരിവിന് സംസ്ഥാനങ്ങൾക്ക് അധികാരമില്ലെന്ന് വ്യക്തമാക്കിയിരുന്നു. ഇക്കാര്യത്തിൽ മുതിർന്ന അഭിഭാഷകൻ കെ. പരാശരെൻറ നിയമോപദേശം സർക്കാർ തേടിയിരുന്നതല്ലാതെ വിധിക്കെതിരെ ഹരജി നൽകുന്നതിൽ തീരുമാനമെടുത്തിരുന്നില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.