ന്യൂനപക്ഷ സ്കോളർഷിപ്: അപ്പീൽ/ പുനഃപരിശോധന ഹരജി നിർദേശം മന്ത്രിസഭ തള്ളി
text_fieldsതിരുവനന്തപുരം: ന്യൂനപക്ഷ സ്കോളർഷിപ് പ്രശ്നത്തിൽ മന്ത്രിസഭയുടെ പരിഗണനക്കെത്തിയത് കോടതി ഉത്തരവിൽ പുനഃപരിശോധന ഹരജി ഉൾപ്പെടെ മൂന്ന് നിർദേശങ്ങൾ. ഇതിൽ മന്ത്രിസഭ അംഗീകരിച്ചത് സ്കോളർഷിപ്പിെൻറ അനുപാതം 80:20 ൽനിന്ന് മാറ്റി ജനസംഖ്യാനുപാതികമാക്കാനുള്ള നിർദേശം. കഴിഞ്ഞ വർഷം ഒാരോ സമുദായത്തിലുള്ള വിദ്യാർഥികൾക്കും ലഭിച്ച സ്കോളർഷിപ്പുകളും തുകയും നിലനിർത്താനുള്ള നിർദേശമടങ്ങിയ അനുപാത മാറ്റ നിർദേശം മന്ത്രിസഭ അംഗീകരിച്ചപ്പോൾ മറ്റ് രണ്ട് നിർദേശങ്ങളും തള്ളുകയായിരുന്നു.
സച്ചാർ, പാലോളി കമ്മിറ്റി റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിൽ മുസ്ലിം വിദ്യാർഥികൾക്ക് മാത്രമായി അനുവദിച്ച സ്കോളർഷിപ് ജനസംഖ്യാനുപാതികമാക്കാനുള്ള ഹൈകോടതി വിധിക്കെതിരെ പുനഃപരിശോധന/ അപ്പീൽ ഹരജി സമർപ്പിക്കണമെന്നതായിരുന്നു പ്രശ്നം പരിശോധിക്കാൻ സർക്കാർ നിയോഗിച്ച നാലംഗ സമിതിയുടെ ശിപാർശകളിലൊന്ന്. മന്ത്രിസഭ അംഗീകരിച്ച ശിപാർശക്ക് പുറമെ, യോഗ്യരായ മുഴുവൻ അപേക്ഷകർക്കും സ്കോളർഷിപ് നൽകാനുള്ള മറ്റൊരു നിർദേശംകൂടി മന്ത്രിസഭയുടെ പരിഗണനക്ക് സമർപ്പിച്ചിരുന്നു. യോഗ്യരായ അപേക്ഷകർക്ക് മുഴുവൻ സ്കോളർഷിപ് നൽകാനുള്ള നിർദേശം വലിയ സാമ്പത്തിക ബാധ്യതയുണ്ടാക്കുമെന്നും പ്രയോഗികമെല്ലന്നുമുള്ള അഭിപ്രായമാണ് സർക്കാർതലത്തിൽ ഉയർന്നത്.
ക്രിസ്ത്യൻ സഭകളുടെയും സംഘടനകളുടെയും അറിവോടെ ഹൈകോടതിയിൽ വന്ന കേസിലെ വിധിക്കെതിെര പുനഃപരിശോധന ഹരജി നൽകുന്നതിലെ രാഷ്ട്രീയ അപകടം തിരിച്ചറിഞ്ഞാണ് നാലംഗ സമിതിയുടെ നിർദേശങ്ങളിലൊന്ന് സർക്കാർ തള്ളിയത്. കേസിൽ അപ്പീൽ സാധ്യതയില്ലെന്ന നിയമോപദേശം സർക്കാർ ലഭ്യമാക്കിയതായും സൂചനയുണ്ട്. ഇതുകൂടി മുൻനിർത്തിയാണ് മുസ്ലിം സംഘടനകൾ ഉന്നയിച്ച അപ്പീൽ/പുനഃപരിശോധന ഹരജി പരിഗണിക്കാതിരുന്നത്. ഹൈകോടതി വിധിയെ സ്വാഗതം ചെയ്ത ക്രിസ്ത്യൻ സഭകളും സംഘടനകളും വിധി നടപ്പാക്കണമെന്ന് ആവശ്യമുയർത്തുകയും ചെയ്തിരുന്നു. ഇൗ സാഹച്യത്തിൽ പുനഃപരിശോധന/ അപ്പീൽ ഹരജി ക്രിസ്ത്യൻ സമുദായത്തിൽ സർക്കാറിനെതിരായ വികാരമുയർത്താൻ ഇടയാക്കുമെന്നുമുള്ള വിലയിരുത്തലിലാണ് നിർദേശം തള്ളിയത്.
കേസിൽ വിധി പറഞ്ഞ ബെഞ്ചിൽതന്നെ പുനഃപരിശോധന ഹരജിക്ക് സാധ്യതയുണ്ടെന്ന് നിയമവിദഗ്ധർ ഉൾപ്പെടെ ചൂണ്ടിക്കാട്ടുേമ്പാഴാണ് സർക്കാർ നിയോഗിച്ച സമിതിയുടെ ഇതുസംബന്ധിച്ച നിർദേശം മന്ത്രിസഭ പരിഗണിക്കാതിരുന്നത്. കഴിഞ്ഞവർഷം നൽകിയ സ്കോളർഷിപ്പുകളുടെ എണ്ണവും തുകയും മുസ്ലിം വിദ്യാർഥികൾക്ക് നഷ്ടപ്പെടാതെ ജനസംഖ്യാനുപാതികമായി സ്കോളർഷിപ് വീതംവെക്കുേമ്പാൾ അധികംവരുന്ന സാമ്പത്തിക ബാധ്യതകൂടി പരിശോധിച്ചാണ് ഇൗ തീരുമാനം നടപ്പാക്കാൻ സർക്കാർ തീരുമാനിച്ചത്. സ്കോളർഷിപ്പിെൻറ അനുപാതം നിലവിലുള്ള 80:20ൽ നിന്ന് 59:41 എന്ന അനുപാതത്തിലേക്ക് മാറുമെന്ന വശം മറച്ചുവെച്ചും പകരം നിലവിൽ ലഭിക്കുന്ന ആനുകൂല്യം ആർക്കും നഷ്ടപ്പെടില്ലെന്ന ഭാഗത്തിന് ഉൗന്നൽ നൽകിയുമാണ് മന്ത്രിസഭ തീരുമാനം മുഖ്യമന്ത്രിയുടെ ഒാഫിസിൽനിന്ന് വാർത്താക്കുറിപ്പായി പ്രസിദ്ധീകരണത്തിന് നൽകിയതും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.