ന്യൂനപക്ഷ സ്കോളർഷിപ്: സർക്കാറിനെ രൂക്ഷമായി വിമർശിച്ച് 'കത്തോലിക്കാസഭ'
text_fieldsതൃശൂർ: ന്യൂനപക്ഷ സ്കോളർഷിപ് വിഷയത്തിൽ ഹൈകോടതി വിധിക്കെതിരെ സർക്കാർ സുപ്രീംകോടതിയെ സമീപിച്ചതിനെതിരെ രൂക്ഷവിമർശനവുമായി തൃശൂർ അതിരൂപത മുഖപത്രമായ 'കത്തോലിക്കാസഭ'.
'80:20 സർക്കാർ സുപ്രീംകോടതിയിലേക്ക്: മുഖംമൂടി അഴിയുന്നു' എന്ന കവർപേജ് ലേഖനത്തിലാണ് സർക്കാറിനെ അതിരൂക്ഷമായി വിമർശിക്കുന്നത്. മതേതരത്വമെന്ന് കൊട്ടിഘോഷിക്കുന്ന ഇടതുപക്ഷ സർക്കാറിെൻറ വ്യക്തമായ വർഗീയ പ്രീണനവും ക്രൈസ്തവരോടുള്ള തികഞ്ഞ അനീതിയുമാണ് ഇത്.
മുസ്ലിംവിഭാഗത്തിന് അർഹിക്കുന്നതിൽ കൂടുതൽ സ്കോളർഷിപ്പുകൾ നൽകുന്ന അനീതിക്ക് അന്ത്യം കുറിച്ചാണ് ജനസംഖ്യാനുപാതികമായി ആനുകൂല്യങ്ങൾ നൽകണമെന്ന് ഹൈകോടതി ഉത്തരവിട്ടത്. പൊതുഖജനാവിലെ പണം കൊണ്ടാണ് സർക്കാർ ഒരു മതവിഭാഗത്തെ പ്രീണിപ്പിക്കാൻ കേസ് നടത്തുന്നത്.
ഒട്ടേറെ അഴിമതിയാരോപണങ്ങൾക്കിടയിലും ഇടത് സർക്കാറിന് ഭരണത്തുടർച്ച ലഭിച്ചത് യു.ഡി.എഫിെൻറ അന്ധമായ മുസ്ലിം പ്രീണനം മൂലം സഹികെട്ട് ക്രിസ്ത്യൻ സമുദായത്തിലെ നല്ലൊരു ശതമാനം വോട്ട് ഇടതുപക്ഷത്തേക്ക് ഒഴുകിയതു കൊണ്ടാണ്. അതെല്ലാം മറന്നാണ് സംസ്ഥാന സർക്കാർ ക്രൈസ്തവരെ തള്ളിപ്പറഞ്ഞ് സുപ്രീംകോടതിയിൽ അപ്പീൽ നൽകിയത്.
കേരളത്തിലെ ന്യൂനപക്ഷങ്ങളിൽ മുസ്ലിം സമുദായം കഴിഞ്ഞാൽ തൊട്ടുപിന്നിലാണ് ക്രിസ്ത്യൻ സമുദായം. ബുദ്ധ, സിഖ്, ജൈന, പാർസി വിഭാഗങ്ങളുടെ അംഗസംഖ്യ തുലോം കുറവാണ്. എന്നിട്ടും കാലങ്ങളായി ക്രിസ്ത്യൻ വിഭാഗത്തെ അവഗണിച്ചാണ് 80:20 ആനുപാതം നടപ്പാക്കിയത്. സ്കോളർഷിപ്പുകൾ വിതരണം ചെയ്യാൻ തുടങ്ങിയത് മുതൽ മുസ്ലിം സമ്മർദത്തിന് വഴങ്ങിയാണ് ഇരുമുന്നണികളും 80:20 നടപ്പാക്കിയത്. കേരളത്തിൽ മാത്രമാണ് ഈ അനീതി.
കേന്ദ്ര സർക്കാർ അനുവദിക്കുന്ന കോടികളുടെ ന്യൂനപക്ഷ ക്ഷേമ പദ്ധതികൾ 80:20 അനുപാതത്തിലല്ല വിതരണം ചെയ്യുന്നത്. വോട്ട് ബാങ്ക് പ്രീണനത്തിെൻറ ഭാഗമായി ഇരുമുന്നണികളും ക്രൈസ്തവരെ അവഗണിക്കുകയായിരുന്നു. ഒരുവിഭാഗത്തിന് മാത്രമായി ന്യൂനപക്ഷ ആനുകൂല്യങ്ങൾ നൽകുന്നത് കടുത്ത അനീതിയാണെന്ന് പറയാൻ സർക്കാർ മടിക്കുന്നത് മുസ്ലിം സമ്മർദങ്ങൾക്ക് വഴങ്ങിയതു കൊണ്ടാണെന്നും 'കത്തോലിക്കാസഭ' കുറ്റപ്പെടുത്തുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.