ന്യൂനപക്ഷ സ്കോളർഷിപ്: വീണ്ടുമൊരു പഠനം കാലവിളംബം വരുത്തുമെന്ന് ആശങ്ക
text_fieldsകോഴിക്കോട്: ഹൈകോടതി വിധിയിലൂടെ റദ്ദായ ന്യൂനപക്ഷ വിദ്യാർഥി സ്കോളർഷിപ് പുനഃസ്ഥാപിക്കുന്നതിലെ സർക്കാർ നടപടി കാലവിളംബം വരുത്തുമെന്ന് ആശങ്ക. മുസ്ലിം ന്യൂനപക്ഷ വിഭാഗത്തിനു ലഭിച്ചുകൊണ്ടിരുന്ന ആനുകൂല്യം ഇല്ലാതായ സാഹചര്യത്തിൽ വെള്ളിയാഴ്ച ചേർന്ന സർവകക്ഷി യോഗത്തിൽ ഇതുസംബന്ധിച്ച് പഠിക്കാൻ വിദഗ്ധസമിതി രൂപവത്കരിക്കുമെന്നാണ് മുഖ്യമന്ത്രി അറിയിച്ചത്. ഏതുവിഷയത്തിലാണ് സമിതി പഠനം നടത്തുകയെന്ന് വ്യക്തമാക്കിയിട്ടില്ല. സമിതി രൂപവത്കരണവും അവരുടെ പഠനവും അനന്തമായി നീളുകയാണെങ്കിൽ നഷ്ടം സംഭവിക്കുക ആനുകൂല്യം ലഭിച്ചുകൊണ്ടിരുന്ന സമുദായത്തിനാണ്.
സച്ചാർ കമ്മിറ്റി വർഷങ്ങൾ പഠിച്ചാണ് റിപ്പോർട്ട് തയാറാക്കിയത്. കേരളത്തിൽ സച്ചാർ കമ്മിറ്റി റിപ്പോർട്ട് നടപ്പാക്കുന്നതു സംബന്ധിച്ച് പഠിക്കാൻ നിയോഗിച്ച പാലോളി കമ്മിറ്റിയും നിരവധി സിറ്റിങ്ങുകളും കൂടിയാലോചനകളും നടത്തി. അതുകൊണ്ടുതന്നെ ഇക്കാര്യത്തിൽ ഇനി പഠനത്തിെൻറ ആവശ്യമില്ലെന്നാണ് മുസ്ലിം സംഘടനകളുടെ ഉറച്ച നിലപാട്.
ഇനിയും ഒരു കമ്മിറ്റിയുണ്ടാക്കി പഠനം അനന്തമായി നീട്ടിക്കൊണ്ടുപോയി ന്യൂനപക്ഷ അവകാശങ്ങൾ നിഷേധിക്കുന്ന സാഹചര്യമുണ്ടായാൽ പ്രക്ഷോഭം അടക്കമുള്ള പ്രതിഷേധങ്ങളിലേക്ക് അത് ന്യൂനപക്ഷ സംഘടനകളെ വലിച്ചിഴക്കും.
മുസ്ലിം ലീഗും എസ്.വൈ.എസും ഇക്കാര്യത്തിൽ പ്രതിഷേധം ഉയർത്തിക്കഴിഞ്ഞു. അതേസമയം, കോടതി വിധിയുടെ പശ്ചാത്തലത്തിൽ എന്തു നിലപാട് സ്വീകരിക്കണമെന്ന് തീരുമാനിക്കാനാണ് സമിതി രൂപവത്കരണമെങ്കിൽ അതിന് കാലവിളംബം പാടില്ലെന്നാണ് മുഴുവൻ മുസ്ലിം സംഘടനകളുടെയും നിലപാട്. ഐ.എൻ.എൽ ഇക്കാര്യം യോഗത്തിൽ തന്നെ വ്യക്തമാക്കുകയുണ്ടായി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.