ന്യൂനപക്ഷ സ്കോളർഷിപ്: ആശയക്കുഴപ്പം തീർക്കാൻ സർക്കാർ
text_fieldsതിരുവനന്തപുരം: ന്യൂനപക്ഷ സ്കോളർഷിപ് കോടതിവിധിയെ തുടർന്നുണ്ടായ ആശയക്കുഴപ്പം എല്ലാവരുമായി ബന്ധപ്പെട്ട് പരിഹരിക്കാൻ സർക്കാർ. സ്കോളർഷിപ് 80:20 അനുപാതത്തിൽ നടപ്പാക്കുന്നത് സംബന്ധിച്ച ഉത്തരവുകൾ റദ്ദാക്കിയതോടെ ഉരുത്തിരിഞ്ഞ നിയമ പ്രശ്നം മാത്രമല്ല, സർക്കാറിെൻറ മുന്നിലുള്ളത്. സമൂഹത്തിൽ വർഗീയ മുതലെടുപ്പിന് ഇടം നൽകരുതെന്ന നിലപാടാണ് സി.പി.എമ്മിനും കോൺഗ്രസിനുമുള്ളത്.
സി.പി.എം നിലപാട് പരസ്യമാക്കിയില്ലെങ്കിലും സമവായത്തിൽ പരിഹരിക്കണമെന്ന നിലപാടാണ് നേതൃത്വത്തിന്. സ്വീകരിക്കേണ്ട നടപടിയെക്കുറിച്ച് സർക്കാർ വിശദമായി പരിശോധിക്കണമെന്ന അഭിപ്രായം നേതൃത്വം അറിയിച്ചു. മുഖ്യമന്ത്രിയുടെ കീഴിലാണ് ന്യൂനപക്ഷ ക്ഷേമ വകുപ്പ് എന്നതിനാൽ അദ്ദേഹത്തിെൻറ മുൻകൈയിലാകും പരിഹാര നീക്കങ്ങൾ. ബന്ധപ്പെട്ട എല്ലാവരുമായി ചർച്ചക്കുള്ള സാധ്യതയും പരിശോധിക്കുന്നു.
വിധിയിൽ പുനഃപരിശോധന വേണോ, മേൽ കോടതിയെ സമീപിക്കണോ എന്നതടക്കം നിയമവകുപ്പ് പരിശോധിക്കുകയാണ്. എൽ.ഡി.എഫിലും യു.ഡി.എഫിലും കോടതിവിധിയെ അനുകൂലിക്കുകയും എതിർക്കുകയും ചെയ്യുന്ന ഘടകകക്ഷികളുണ്ടെന്നതിനാൽ സമവായത്തിലുള്ള പരിഹാരത്തിനാണ് സി.പി.എമ്മിനും കോൺഗ്രസിനും താൽപര്യം. സർക്കാറിൽ പങ്കാളിയായ രണ്ടു കേരള കോൺഗ്രസ് വിഭാഗങ്ങളും വിധിയെ സ്വാഗതം ചെയ്യുകയും െഎ.എൻ.എൽ എതിർക്കുകയും ചെയ്യുന്നെന്നതിനെ സി.പി.എം ഗൗരവമായാണ് കാണുന്നത്. യു.ഡി.എഫിലെ രണ്ടാം കക്ഷിയായ മുസ്ലിം ലീഗും കേരള കോൺഗ്രസും സ്വീകരിക്കുന്ന വിരുദ്ധ നിലപാട് കോൺഗ്രസിനും മുന്നറിയിപ്പാണ്.
കുറച്ച് നാളുകയായി ക്രൈസ്തവ സമുദായത്തിൽ സംഘ്പരിവാർ സമൂഹ മാധ്യമങ്ങളിലൂടെയും അസത്യ പ്രചാരണങ്ങളിലൂടെയും കടത്തിവിട്ട ഇസ്ലാമോഫോബിയയുടെ ഗൗരവം ഇപ്പോഴാണ് സി.പി.എമ്മും കോൺഗ്രസും തിരിച്ചറിയുന്നത്. വിധിക്കുശേഷം വീണുകിട്ടിയ അവസരം മുതലെടുത്ത് സമുദായ ധ്രുവീകരണ നടപടികളിലേക്ക് ഇതിനകം ആർ.എസ്.എസ്, ബി.ജെ.പി നേതാക്കൾ കടന്നുകഴിഞ്ഞതായി ഇരു പാർട്ടി നേതൃത്വവും മനസ്സിലാക്കുന്നു.
അതുകൊണ്ടുതന്നെ ഇരു മുന്നണികൾക്കുള്ളിലും തർക്കവും അപസ്വരവും ഉയർന്നുവരുന്നതിനു പകരം ചർച്ചയുടെ അന്തരീക്ഷം സാധ്യമാകണമെന്ന നിലപാടാണ് കോൺഗ്രസിനും സി.പി.എമ്മിനും. നിയമസഭയിൽ വിധിയുടെ പേരിൽ പരസ്പരമുള്ള കുറ്റപ്പെടുത്തലുകൾക്കപ്പുറം സമാധാന പരിഹാരത്തിനാകും ഉൗന്നൽ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.