ന്യൂനപക്ഷ സ്കോളർഷിപ്: നിലപാടിൽ ഉറച്ചുതന്നെയെന്ന് ലീഗ്, സർക്കാർ ശ്രമം സ്പർധയുണ്ടാക്കാൻ
text_fieldsമലപ്പുറം: ന്യൂനപക്ഷ സ്കോളർഷിപ് വിഷയത്തിൽ നിലപാടിൽ ഉറച്ചുതന്നെയെന്ന് മുസ്ലിം ലീഗ്. മുസ്ലിം വിഭാഗത്തിന്‍റെ പിന്നാക്കാവസ്ഥ പരിഹരിക്കാനാണ് സച്ചാർ കമീഷൻ നിർദേശം. അത് മുസ്ലിം സമുദായത്തിന് തന്നെ ലഭ്യമാകണം. മറ്റ് വിഭാഗങ്ങളുടെ പിന്നാക്കാവസ്ഥ പരിഹരിക്കാൻ മറ്റ് പദ്ധതികൾ വേണം. സർക്കാറിന്‍റെ ഇപ്പോഴത്തെ തീരുമാനത്തെ ഒരുതരത്തിലും സ്വാഗതം ചെയ്യുന്നില്ലെന്നും നേതാക്കളായ പി.കെ. കുഞ്ഞാലിക്കുട്ടി, സാദിഖലി ശിഹാബ് തങ്ങൾ, പി.കെ. ബഷീർ എന്നിവർ വാർത്താസമ്മേളനത്തിൽ പറഞ്ഞു.
ദേശീയതലത്തിൽ മുസ്ലിം പിന്നാക്കാവസ്ഥ പരിഹരിക്കാനാണ് സച്ചാർ കമീഷൻ കൊണ്ടുവന്നത്. എന്നാൽ, കേരളത്തിൽ ഇതിന് പുറമേ പാലോളി കമീഷനെ കൊണ്ടുവന്നു. ഇതിന്‍റെ ആവശ്യമുണ്ടായിരുന്നില്ല. സച്ചാർ കമീഷൻ റിപ്പോർട്ട് തന്നെ നടപ്പാക്കിയാൽ മതിയായിരുന്നു.
പാലോളി കമീഷനെ തുടർന്നാണ് ന്യൂനപക്ഷ അനുപാതം 80:20 ആയത്. ഇത് നൂറ് ശതമാനം ഒരു വിഭാഗത്തിന്‍റെ പിന്നാക്കാവസ്ഥ പരിഹരിക്കാൻ കൊണ്ടുവന്ന പദ്ധതിയായിരുന്നു. മറ്റ് ന്യൂനപക്ഷങ്ങൾക്ക് മറ്റ് പദ്ധതി കൊണ്ടുവന്നാൽ മതിയായിരുന്നു.
സച്ചാർ കമീഷൻ റിപ്പോർട്ട് നടപ്പിലാക്കുന്നതിന് പകരം ഇടത് സർക്കാർ ആനുകൂല്യങ്ങൾ വെട്ടിക്കുറച്ച് ഇപ്പോൾ ഏതാണ്ട് ഇല്ലാതാക്കിയിരിക്കുകയാണ്. സച്ചാർ കമീഷൻ നിർദേശ പ്രകാരമുള്ള ആനുകൂല്യം 100 ശതമാനം മുസ്ലിം പിന്നാക്കാവസ്ഥ പരിഹരിക്കാൻ ഉപയോഗിക്കണമെന്നാണ് ഞങ്ങളുടെ നിലപാട്. മറ്റ് ന്യൂനപക്ഷ വിഭാഗങ്ങൾക്ക് വേറെ പദ്ധതി ജനസംഖ്യാനുപാതികമായി നടപ്പാക്കണം. ഇതാണ് മുസ്ലിം ലീഗ് രേഖാമൂലം സർക്കാറിന് നൽകിയ നിർദേശം. അനാവശ്യമായി വിവാദമുണ്ടാക്കുന്ന ഒരു കാര്യം സർക്കാർ കൊണ്ടുവരരുതെന്നും ലീഗ് നേതാക്കൾ വാർത്താസമ്മേളനത്തിൽ പറഞ്ഞു.
ന്യൂനപക്ഷ സ്കോളർഷിപ് വിഷയത്തിൽ പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍റെ പ്രസ്താവനയെ തള്ളി നേരത്തെ ലീഗ് നേതാക്കൾ രംഗത്തെത്തിയിരുന്നു. ന്യൂനപക്ഷ സ്കോളര്‍ഷിപ്പിൽ മുസ്ലിം സമുദായത്തിന് നഷ്ടമുണ്ടായെന്ന് ഇന്നലെ കാസര്‍കോട് പറഞ്ഞ സതീശൻ, ഇന്ന് രാവിലെ കോട്ടയത്ത് വച്ച് ആ അഭിപ്രായം തിരുത്തിയിരുന്നു. ഏതെങ്കിലും സമുദായത്തിന് കിട്ടി കൊണ്ടിരിക്കുന്ന ആനുകൂല്യങ്ങളിൽ നിലവിൽ കുറവ് വരുന്നില്ലെന്നാണ് 80:20 അനുപാതം റദ്ദാക്കിയ ഹൈക്കോടതി നടപടിയെ പിന്തുണച്ച് സതീശൻ ഇന്ന് രാവിലെ പറഞ്ഞത്.
എന്നാൽ, ഈ പ്രസ്താവനക്കെതിരെ ലീഗ് രംഗത്തുവന്നു. സതീശൻ പറഞ്ഞത് തെറ്റാണെന്ന് ഇ.ടി. മുഹമ്മദ് ബഷീർ എം.പി മാധ്യമങ്ങളോട് പറഞ്ഞു.
''അനുപാതം എടുത്തു കളയുന്നതോടെ മുസ്ലിം സമുദായത്തിന്‍റെ പിന്നോക്കാവസ്ഥ പരിഹരിക്കാൻ നിയമിക്കപ്പെട്ട സച്ചാര്‍ കമ്മീഷൻ ശുപാര്‍ശയാണ് ഇല്ലാതായത്. ഇത് വലിയ നഷ്ടമാണ്. ന്യൂനപക്ഷ സ്കോളര്‍ഷിപ്പിൽ 80:20 അനുപാതം നിശ്ചയിച്ചത് വിഎസ് സര്‍ക്കാരാണ്. അത് തെറ്റും അനീതിയുമാണ്. നൂറ് ശതമാനം മുസ്ലിം വിദ്യാര്‍ത്ഥികൾക്ക് നൽകേണ്ട സ്കോളര്‍ഷിപ്പാണ് ഇത്. അതിനെയാണ് എല്ലാ ന്യൂനപക്ഷ വിഭാഗങ്ങൾക്കുമായി വിഭജിച്ച് നൽകിയത്. അതാണ് കോടതി ഇടപെട്ട് തള്ളിയതും. തെറ്റുകൾ തിരുത്തി സ്കോളര്‍ഷിപ്പ് പുനസ്ഥാപിക്കുകയാണ് വേണ്ടത്. ഇക്കാര്യത്തിൽ മുസ്ലീം ലീഗിൻ്റെ നിലപാട് വ്യക്തമാണ്. അക്കാര്യം മനസിലാക്കാൻ പ്രതിപക്ഷ നേതാവിന് സാധിച്ചോ എന്നറിയില്ല. സച്ചാര്‍ കമ്മീഷൻ റിപ്പോര്‍ട്ടിലെ ഒരു ശുപാര്‍ശയും കേരളത്തിൽ നടക്കില്ല എന്ന അവസ്ഥയാണ് നിലവിലുള്ളത്. ഇക്കാര്യം തിരിച്ചറിയാൻ സര്‍ക്കാരും പ്രതിപക്ഷനേതാവും തയ്യാറാവണം -ഇ.ടി. മുഹമ്മദ് ബഷീര്‍ എംപി പറഞ്ഞു.
ഇതിന് പിന്നാലെ വിശദീകരണവുമായി പ്രതിപക്ഷ നേതാവ് രംഗത്തെത്തി. സ്കോളര്‍ഷിപ്പുകളുടെ എണ്ണം കുറയില്ല എന്നാണ് താൻ പറഞ്ഞതെന്നും സമുദായത്തിന് മാത്രമായി നടപ്പാക്കിയ ഒരു സ്കീം ഇല്ലാതായത് നഷ്ടം തന്നെയാണെന്നും അദ്ദേഹം വ്യക്തമാക്കി. തന്‍റെ അഭിപ്രായം മനസിലാക്കാതെയാണ് ലീഗിന്‍റെ പ്രതികരണം. ന്യൂനപക്ഷ സ്കോളര്‍ഷിപ്പിൽ മുസ്ലിംലീഗ് പറഞ്ഞ അഭിപ്രായം യു.ഡി.എഫ് ചര്‍ച്ച ചെയ്യും. ലീഗിന്‍റെ ആവശ്യം സര്‍ക്കാര്‍ പരിഗണിക്കണം -സതീശൻ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.