സ്കോളർഷിപ്: ഭിന്നതയുണ്ടാക്കുന്ന തരത്തിൽ ആരും പ്രതികരണം നടത്തരുത് -എ. വിജയരാഘവൻ
text_fieldsതിരുവനന്തപുരം: സച്ചാർ, പാലോളി റിപ്പോർട്ട് അനുസരിച്ച് മുസ്ലിംകൾക്ക് നടപ്പാക്കിയ പ്രത്യേക സ്േകാളർഷിപ് എല്ലാ ന്യൂനപക്ഷങ്ങൾക്കും ജനസംഖ്യാനുപാതമായി നൽകാൻ പുനക്രമീകരിച്ചത് സർവകക്ഷിയോഗത്തിന്‍റെ അടിസ്ഥാനത്തിലെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി എ. വിജയരാഘവൻ. ഈ വിഷയത്തിൽ സമൂഹത്തിൽ ഭിന്നതയുണ്ടാക്കുന്ന തരത്തിൽ ആരും പ്രതികരണം നടത്തരുതെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
സർക്കാർ സർവകക്ഷിയോഗം വിളിച്ച് ആശയവിനിമയം നടത്തിയാണ് ജനസംഖ്യാനുപാതമായി നൽകാൻ തീരുമാനമെടുത്തത്. കോടതി വിധിയെ തുടർന്നായിരുന്നു ഈ മാറ്റം വരുത്തിയത്. വിവിധ ജനവിഭാഗങ്ങൾ തമ്മിലുള്ള ഐക്യത്തിന് തടസ്സമുണ്ടാകാതെ വിഷയം പരിഹരിക്കാനാണ് പൊതുനിർദേശമെന്ന നിലയിലാണ് എല്ലാവരുമായി ആശയവിനിമയം നടത്തിയത്.
നിലവിൽ നൽകുന്ന സ്കോളർഷിപ്പുകളുടെ എണ്ണം ഒരുസമുദായത്തിനും കുറയുന്നില്ല. അധിക ചെലവ് ഗവൺമെന്‍റ് വഹിക്കും. എല്ലാ വിഭാഗം ആളുകളും അതിനെ സ്വീകരിച്ചു. അത്തരമൊരു നിലപാടിലെത്താൻ ഗവ. സ്വീകരിച്ച ജനാധിപത്യ രീതിയാണ് അതിന് കാരണം. യു.ഡി.എഫിൽ മുസ്ലിം ലീഗാണ് വ്യത്യസ്തമായ നിലപാട് സ്വീകരിക്കുന്നത്. വിഷയത്തെ മറ്റൊരു രീതിയിൽ തിരിച്ചു വിടാൻ ശ്രമം നടക്കുന്നുണ്ടോ എന്നാണ് സംശയിക്കുന്നത്.
നേരത്തെ മുസ്ലിംകൾക്ക് മാത്രമായി കൊണ്ടുവന്ന സ്കീം ഇടതുപക്ഷം 80ഃ20 അനുപാതത്തിലാക്കുകയും ഇപ്പോൾ ജനസംഖ്യാനുപാതികമാക്കുകയും ചെയ്തതോടെ മുസ്ലിംകൾക്ക് ലഭിക്കുന്ന ശതമാനം വീണ്ടും കുറച്ചു. ഇത് ശരിയല്ല എന്നാണ് ലീഗ് നിലപാട്. ഇക്കാര്യം ചൂണ്ടിക്കാട്ടിയപ്പോൾ, യു.ഡി.എഫ് ഭരണത്തിലുള്ളപ്പോഴും ഇതുതന്നെയാണ് തുടർന്നതെന്നായിരുന്നു വിജയരാഘവന്‍റെ മറുപടി. ഇപ്പോൾ മറ്റൊരു സാഹചര്യം രൂപപ്പെട്ടത് കോടതി വിധിയെ തുടർന്നാണ്. കുഞ്ഞാലിക്കുട്ടി അദ്ദേഹത്തിന്‍റെ ആഗ്രഹപ്രകടനം നടത്തുകയാണ്. ആഗ്രഹപ്രകടനം ആർക്കും നടത്താം. കുഞ്ഞാലിക്കുട്ടിക്ക് രാഷ്ട്രീയ താൽപര്യം ഉണ്ട്. സമൂഹത്തിൽ ഭിന്നിപ്പുണ്ടാക്കാനുള്ള ശ്രമം കേരളം നിരാകരിക്കുമെന്നും വിജയരാഘവൻ പറഞ്ഞു.
അതേസമയം, ന്യൂനപക്ഷ സ്കോളർഷിപ് വിഷയത്തിൽ തങ്ങളുടെ നിലപാടിൽ ഉറച്ചുതന്നെയെന്ന് മുസ്ലിം ലീഗ് വ്യക്തമാക്കി. മുസ്ലിം വിഭാഗത്തിന്‍റെ പിന്നാക്കാവസ്ഥ പരിഹരിക്കാനാണ് സച്ചാർ കമീഷൻ നിർദേശം. അത് മുസ്ലിം സമുദായത്തിന് തന്നെ ലഭ്യമാകണം. മറ്റ് വിഭാഗങ്ങളുടെ പിന്നാക്കാവസ്ഥ പരിഹരിക്കാൻ മറ്റ് പദ്ധതികൾ വേണം. സർക്കാറിന്‍റെ ഇപ്പോഴത്തെ തീരുമാനത്തെ ഒരുതരത്തിലും സ്വാഗതം ചെയ്യുന്നില്ലെന്നും നേതാക്കളായ പി.കെ. കുഞ്ഞാലിക്കുട്ടി, സാദിഖലി ശിഹാബ് തങ്ങൾ, പി.കെ. ബഷീർ എന്നിവർ വാർത്താസമ്മേളനത്തിൽ പറഞ്ഞു.
ദേശീയതലത്തിൽ മുസ്ലിം പിന്നാക്കാവസ്ഥ പരിഹരിക്കാനാണ് സച്ചാർ കമീഷൻ കൊണ്ടുവന്നത്. എന്നാൽ, കേരളത്തിൽ ഇതിന് പുറമേ പാലോളി കമീഷനെ കൊണ്ടുവന്നു. ഇതിന്‍റെ ആവശ്യമുണ്ടായിരുന്നില്ല. സച്ചാർ കമീഷൻ റിപ്പോർട്ട് തന്നെ നടപ്പാക്കിയാൽ മതിയായിരുന്നു.
പാലോളി കമീഷനെ തുടർന്നാണ് ന്യൂനപക്ഷ അനുപാതം 80:20 ആയത്. ഇത് നൂറ് ശതമാനം ഒരു വിഭാഗത്തിന്‍റെ പിന്നാക്കാവസ്ഥ പരിഹരിക്കാൻ കൊണ്ടുവന്ന പദ്ധതിയായിരുന്നു. മറ്റ് ന്യൂനപക്ഷങ്ങൾക്ക് മറ്റ് പദ്ധതി കൊണ്ടുവന്നാൽ മതിയായിരുന്നു.
സച്ചാർ കമീഷൻ റിപ്പോർട്ട് നടപ്പിലാക്കുന്നതിന് പകരം ഇടത് സർക്കാർ ആനുകൂല്യങ്ങൾ വെട്ടിക്കുറച്ച് ഇപ്പോൾ ഏതാണ്ട് ഇല്ലാതാക്കിയിരിക്കുകയാണ്. സച്ചാർ കമീഷൻ നിർദേശ പ്രകാരമുള്ള ആനുകൂല്യം 100 ശതമാനം മുസ്ലിം പിന്നാക്കാവസ്ഥ പരിഹരിക്കാൻ ഉപയോഗിക്കണമെന്നാണ് ഞങ്ങളുടെ നിലപാട്. മറ്റ് ന്യൂനപക്ഷ വിഭാഗങ്ങൾക്ക് വേറെ പദ്ധതി ജനസംഖ്യാനുപാതികമായി നടപ്പാക്കണം. ഇതാണ് മുസ്ലിം ലീഗ് രേഖാമൂലം സർക്കാറിന് നൽകിയ നിർദേശം. അനാവശ്യമായി വിവാദമുണ്ടാക്കുന്ന ഒരു കാര്യം സർക്കാർ കൊണ്ടുവരരുതെന്നും ലീഗ് നേതാക്കൾ വാർത്താസമ്മേളനത്തിൽ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.