ന്യൂനപക്ഷ സ്കോളർഷിപ്: നിയമപരിശോധനയും പഠനവും നടത്തും, സര്‍വകക്ഷി യോഗത്തിലാണ് ധാരണ
text_fieldsതിരുവനന്തപുരം: ന്യൂനപക്ഷ വിദ്യാർഥികള്‍ക്കുള്ള സ്കോളര്‍ഷിപ്പുമായി ബന്ധപ്പെട്ട ഹൈകോടതി വിധിയില്‍ നിയമപരമായ പരിശോധനയും വിദഗ്ധസമിതിയെ നിയോഗിച്ചുള്ള പഠനവും പ്രായോഗിക നിർദേശങ്ങളും സമന്വയിപ്പിച്ച് തീരുമാനത്തിലെത്താന്‍ മുഖ്യമന്ത്രി പിണറായി വിജയൻ വിളിച്ച സര്‍വകക്ഷിയോഗത്തിൽ ധാരണ.
എല്ലാ അർഥത്തിലും അഭിപ്രായ സമന്വയമുണ്ടാകണമെന്നാണ് സർക്കാർ താൽപര്യമെന്ന് മുഖ്യമന്ത്രി പറഞ്ഞു. വെള്ളിയാഴ്ചയിലേത് ആദ്യ യോഗമായി കണ്ടാല്‍ മതി. വീണ്ടും ചര്‍ച്ചകൾ നടക്കും. സമൂഹം ആര്‍ജിച്ച പൊതു അന്തരീക്ഷത്തിന് കോട്ടം തട്ടരുതെന്ന കാര്യത്തില്‍ എല്ലാ കക്ഷികളും യോജിച്ചെന്നും അദ്ദേഹം പറഞ്ഞു.
ആനുകൂല്യം ലഭിച്ചുകൊണ്ടിരിക്കുന്ന സമുദായങ്ങൾക്ക് അതിൽ കുറവ് വരുത്താൻ പാടില്ലെന്ന് പ്രതിപക്ഷ േനതാവ് വി.ഡി. സതീശൻ പറഞ്ഞു. എന്നാൽ, മറ്റ് അർഹരായ ന്യൂനപക്ഷ സമുദായങ്ങൾക്കുകൂടി ആനുപാതികമായി ആനുകൂല്യങ്ങൾ ലഭ്യമാക്കണം. നിയമ പരിശോധന നടത്തി സർക്കാർ പദ്ധതി തയാറാക്കണം. പദ്ധതി നിർദേശം സമുദായ നേതാക്കളുമായും രാഷ്ട്രീയ പാർട്ടികളുമായും ചർച്ച നടത്തി സമന്വയത്തിലെത്തണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
എ. വിജയരാഘവന് (സി.പി.എം), ശൂരനാട് രാജശേഖരന് (കോൺഗ്രസ്), കാനം രാജേന്ദ്രന് (സി.പി.ഐ), പി.കെ. കുഞ്ഞാലിക്കുട്ടി (മുസ്ലിം ലീഗ്), സ്റ്റീഫന്‍ ജോര്‍ജ് (കേരള കോണ്‍ഗ്രസ് എം), മാത്യു ടി. തോമസ് (ജനതാദള്‍ എസ്), പി.സി. ചാക്കോ (എന്‍.സി.പി), പി.ജെ. ജോസഫ് (കേരള കോൺഗ്രസ്), ഡോ. കെ.സി. ജോസഫ് (ജനാധിപത്യ കേരള കോണ്‍ഗ്രസ്), കാസിം ഇരിക്കൂര്‍ (ഐ.എന്‍.എല്‍), ജോര്‍ജ് കുര്യന് (ബി.ജെ.പി), ഉഴമലയ്ക്കല്‍ വേണുഗോപാല്‍ (കോണ്‍ഗ്രസ് എസ്), അഡ്വ. വേണുഗോപാലന്‍ നായര്‍ (കേരള കോണ്‍ഗ്രസ് ബി), ഷാജി കുര്യന് (ആര്.എസ്.പി ലെനിനിസ്റ്റ്), അനൂപ് ജേക്കബ് (കേരള കോണ്‍ഗ്രസ് ജേക്കബ്), വർഗീസ് ജോര്‍ജ് (ലോക്താന്ത്രിക് ജനതാദള്‍), എ.എ. അസീസ് (ആര്.എസ്.പി) എന്നിവര്‍ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.