ചികിത്സ കിട്ടാതെ കുട്ടി മരിച്ച സംഭവം: ആരോഗ്യ മന്ത്രി അന്വേഷണത്തിന് ഉത്തരവിട്ടു
text_fieldsഎറണാകുളം: അബദ്ധത്തിൽ നാണയം വിഴുങ്ങിയ മൂന്നു വയസ്സുകാരൻ വിദഗ്ദ ചികിത്സ ലഭിക്കാതെ മരിച്ച സംഭവത്തിൽ മന്ത്രി അന്വേഷണത്തിന് ഉത്തരവിട്ടു. കടുങ്ങല്ലൂർ സ്വദേശികളായ രാജ-നന്ദിനി ദമ്പതികളുടെ മകൻ പൃഥ്വിരാജാണ് മരിച്ചത്. മൂന്ന് സർക്കാർ ആശുപത്രികളിൽ എത്തിച്ചെങ്കിലും ചികിത്സ നിഷേധിച്ചെന്ന ആരോപണവുമായി ബന്ധുക്കൾ രംഗത്തെത്തിയിരുന്നു.
ഇതിനുപിന്നാലെയാണ് കെ.കെ. ഷൈലജ അന്വേഷണത്തിന് ഉത്തരവിട്ടത്. ആരോഗ്യവകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറിക്കാണ് അന്വേഷണ ചുമതല. അത്യന്തം ദൗർഭാഗ്യകരമായ സംഭവമെന്ന് മന്ത്രി പറഞ്ഞു. സംഭവത്തിൽ ദേശീയ ബാലാവകാശ കമ്മീഷനും റിപോർട്ട് തേടി. അതേസമയം സംഭവത്തിൽ വിശദീകരണവുമായി ആലപ്പുഴ മെഡിക്കൽ കോളജ് അധികൃതരും രംഗത്തെത്തി. കുട്ടിയുടെ മരണകാരണം നാണയമല്ലെന്നാണ് അവർ പറയുന്നത്.
ശനിയാഴ്ച രാവിലെ 11നായിരുന്നു സംഭവം. നാണയം വഴുങ്ങിയ കുട്ടിയെ ആലുവ താലൂക്ക് ആശുപത്രിയിലേക്കാണ് ആദ്യം എത്തിച്ചത്. അവിടെ പീഡിയാട്രീഷൻ ഇല്ലാത്തതിനാൽ എറണാകുളം ജനറൽ ആശുപത്രിയിലേക്ക് കൊണ്ടുപോയി. എന്നാൽ അവിടെയും പീഡിയാട്രീഷൻ ഇല്ലാത്തതിനാൽ ആലപ്പുഴ മെഡിക്കൽ കോളജിലേക്ക് റഫർ ചെയ്യുകയായിരുന്നു.
ആശുപത്രിയിലെത്തിച്ചപ്പോഴെല്ലാം കുഴപ്പമില്ലെന്നും വെള്ളവും പഴവും ധാരാളം നൽകിയ ശേഷം വയറിളക്കിയാൽ നാണയം തനിയെ പൊയ്ക്കൊള്ളുമെന്നായിരുന്നു ഡോക്ടർമാർ പറഞ്ഞതെന്ന് കുട്ടിയുടെ അമ്മ പറഞ്ഞു.
എന്നാൽ തിരികെ വീട്ടിലെത്തിയ ശേഷം ശനിയാഴ്ച രാത്രിയോടെ കുട്ടിയുടെ ആരോഗ്യനില വഷളായി, തുടർന്ന് വീണ്ടും ആലുവ താലൂക്ക് ആശുപത്രിയിലെത്തിച്ചു. ഞായറാഴ്ച പുലർച്ചയോടെയാണ് മരിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.