ഓടിക്കളിച്ച മുറ്റത്ത് മിന്‍സ മോള്‍ക്ക് നിത്യനിദ്ര
text_fieldsചിങ്ങവനം (കോട്ടയം): ഖത്തറില്‍ സ്‌കൂള്‍ ബസില്‍ മരിച്ച നാലുവയസ്സുകാരിക്ക് നാടിന്‍റെ യാത്രാമൊഴി. പാദസരമണിഞ്ഞ് ഓടിക്കളിച്ചിരുന്ന ചിങ്ങവനം പന്നിമറ്റത്തെ വീട്ടുമുറ്റത്ത് മിന്‍സ മോള്‍ക്ക് നിത്യനിദ്ര. കൺമുന്നിൽ മകളുണ്ടാകണമെന്ന പിതാവ് അഭിലാഷിന്‍റെ ആഗ്രഹപ്രകാരം വീട്ടുമുറ്റത്തായിരുന്നു സംസ്കാരം.
മൃതദേഹം ബുധനാഴ്ച ഉച്ചക്ക് 12.15ഓടെയാണ് കോട്ടയം ചിങ്ങവനം പന്നിമറ്റത്തെ കൊച്ചുപറമ്പിൽ വീട്ടിലെത്തിച്ചത്. രാവിലെ കൊച്ചി വിമാനത്താവളത്തിൽ കൊണ്ടുവന്ന മൃതദേഹത്തിനൊപ്പം മിന്‍സയുടെ പിതാവ് അഭിലാഷും മാതാവ് സൗമ്യയും സഹോദരി മിഖയും എത്തിയിരുന്നു.
ഫ്രീസറിൽ അലങ്കരിച്ച മുല്ലപ്പൂക്കള്‍ക്കു നടുവില്‍ മൃതദേഹം കണ്ടതോടെ നാട് വിങ്ങിപ്പൊട്ടി. ബന്ധുക്കൾ സങ്കടം അടക്കാന്‍ കഴിയാതെ നിലവിളിച്ചത് എല്ലാവരെയും നൊമ്പരത്തിലാഴ്ത്തി. ഇതോടെ നിയന്ത്രണംവിട്ട മാതാവ് സൗമ്യയും സഹോദരി മിഖയും കണ്ണീർക്കാഴ്ചയായി.
അഭിലാഷിന്‍റെ മാതാവ് സെലീനാമ്മ വീണു പരിക്കേറ്റതിനെ തുടര്‍ന്ന് കഴിഞ്ഞ ജൂലൈയിൽ നാട്ടിലെത്തിയിരുന്നു. അന്ന് മിന്‍സയുടെ കളിചിരികളാല്‍ നിറഞ്ഞ കൊച്ചുപറമ്പ് വീടിന് ഒരു മാസം കഴിഞ്ഞപ്പോള്‍ നേരിടേണ്ടി വന്നത് വലിയ ദുരന്തമാണ്. പിറന്നാള്‍ ദിനത്തില്‍ പിതാവിന്റെ കൈപിടിച്ചു തുള്ളിച്ചാടി മിന്‍സ സ്‌കൂള്‍ ബസില്‍ കയറിയത് അന്ത്യയാത്രയിലേക്കാണെന്ന് വിശ്വസിക്കാന്‍ കഴിയുന്നില്ല ആർക്കും.പിതാവ് അഭിലാഷ് സങ്കടമെല്ലാം ഉള്ളിലൊതുക്കിയെങ്കിലും മകള്‍ക്ക് അന്ത്യചുംബനം നല്‍കിയപ്പോള്‍ വിതുമ്പിപ്പോയി. പിന്നാലെ കൊച്ചുപറമ്പ് വീട്ടുമുറ്റത്ത് പ്രവേശന ഭാഗത്തെ പടിഞ്ഞാറെ മൂലയില്‍ നിറയെ റോസപ്പൂക്കളാല്‍ അലങ്കരിച്ച കല്ലറയിൽ മിന്‍സക്ക് അന്ത്യവിശ്രമം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.