പത്താം ക്ലാസ് പാസായി; ഇനി മിർഷാനക്ക് ടീച്ചറാവണം
text_fieldsമൊഗ്രാൽ: പ്രതികൂല ചുറ്റിപാടിനെ അതിജീവിച്ച് എസ്.എസ്.എൽ.സി പരീക്ഷയിൽ ഉന്നതവിജയം കരസ്ഥമാക്കിയ നഫീസത്ത് മിർഷാനയുടെ നേട്ടത്തിന് ഇരട്ടിമധുരം.
അരക്കുതാഴെ തളർന്ന ശരീരവുമായി വീൽചെയറിലിരുന്ന് പരീക്ഷ എഴുതുമ്പോൾ തന്നെ മൊഗ്രാൽ വൊക്കേഷനൽ ഹയർ സെക്കൻഡറി സ്കൂൾ വിദ്യാർഥിനി മിർഷാനക്ക് വലിയ പ്രതീക്ഷ ഉണ്ടായിരുന്നു. കഴിഞ്ഞ അഞ്ചുവർഷമായി അതിജീവനത്തിെൻറ പാതയിലാണ് ഈ മിടുക്കി. 2015 വർഷാവസാനത്തിലാണ് മിർഷാനക്ക് അരക്കുതാഴെ തളർച്ച വന്നുതുടങ്ങിയത്.
മദ്റസാധ്യാപകനായ പിതാവ് അബ്ദുൽകരീം മൗലവി മകളെ ചികിത്സിക്കാത്ത ആശുപത്രികളില്ല. ഡോക്ടർമാർ കൈമലർത്തിയപ്പോൾ ചികിത്സക്ക് അവധി നൽകി വർഷങ്ങൾക്കുശേഷം മിർഷാന വീണ്ടും സ്കൂളിൽ എത്തുകയായിരുന്നു.
പത്താംതരം പരീക്ഷയിൽ പാസായ സന്തോഷത്തിലാണ് ഇപ്പോൾ മിർഷാന. ‘ഇനിയും പഠിക്കണം. എനിക്ക് ഒരു അധ്യാപികയാവണം’ -മിർഷാന പറഞ്ഞു. മിർഷാനയുടെ ഓരോ ചുവടുവെപ്പിനും പിന്തുണയും സഹായവുമായി മൊഗ്രാൽ ഡയറി എന്ന വാട്സ് ആപ് കൂട്ടായ്മയും മൊഗ്രാൽ ദേശീയവേദിയും അധ്യാപകരും പി.ടി.എ കമ്മിറ്റിയും ഒപ്പമുണ്ട്. മിർഷാനയുടെ വിജയവാർത്തയറിഞ്ഞ് മൊഗ്രാൽ ദേശീയവേദി പ്രവർത്തകർ മിർഷാനയുടെ വീട്ടിലെത്തി സന്തോഷത്തിൽ പങ്കുചേരുകയും അഭിനന്ദനങ്ങൾ അറിയിച്ച് മധുരം നൽകുകയും ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.