ഭക്തർക്കുനേരെ സോപാനത്ത് പൊലീസിന്റെ ബലപ്രയോഗമെന്ന് ആക്ഷേപം
text_fieldsശബരിമല: കഠിന വ്രതമെടുത്ത് മണിക്കൂറുകൾ കാത്തുനിന്ന് ദർശനത്തിനെത്തുന്ന ഭക്തർക്കുനേരെ സോപാനത്ത് പൊലീസിന്റെ ബലപ്രയോഗമെന്ന് ആരോപണം. പതിനെട്ടാംപടിയിലും തിരുനടക്ക് മുന്നിലുടമക്കം ഡ്യൂട്ടിയിലുള്ള ഉദ്യോഗസ്ഥരിൽ ചിലർ ബലപ്രയോഗം നടത്തുന്നതായാണ് പരാതി.
തീർഥാടകസൗഹൃദ സമീപനമൊരുക്കണമെന്ന് ദേവസ്വം മന്ത്രിയുടെ കർശന നിർദേശം നിലനിൽക്കെയാണ് ഇത്. സന്നിധാനത്ത് പൊലീസിന്റെ മൂന്നാം ബാച്ച് കഴിഞ്ഞ ദിവസം ചുമതലയേറ്റിരുന്നു. ഇതിന് പിന്നാലെയാണ് പരാതികൾ ഏറിയത്. ആദ്യ ബാച്ചിന്റെ പ്രവർത്തനം സംബന്ധിച്ച് കാര്യമായ പരാതികളുണ്ടായിരുന്നില്ല.
പ്രായാധിക്യം ഏറിയ തീർഥാടകരോട് പോലും പരുഷമായാണ് പെരുമാറുന്നതെന്നാണ് ആക്ഷേപം. അന്തർസംസ്ഥാന തീർഥാടകർക്ക് നേരെയാണ് ബലപ്രയോഗം ഏറെയും നടക്കുന്നത്. പതിനെട്ടാംപടിയിൽ ഡ്യൂട്ടിയിലുള്ള പൊലീസുകാരെ സംബന്ധിച്ചും പരാതിയുണ്ട്. ചില പൊലീസുകാർ പിടിച്ചുതള്ളുന്നത് മൂലം തീർഥാടകർ കൊടിമരച്ചുവട്ടിലേക്ക് നിലതെറ്റി വീഴാറുണ്ട്. ഇതിനെതിരെ തീർഥാടകർ പൊലീസിനെതിരെ ആക്രോശിക്കുന്നതും പതിവ് കാഴ്ചയാണ്. നടയുടെ മുന്നിൽനിന്ന് ബലമായി തള്ളിനീക്കുന്നതായും ആക്ഷേപമുണ്ട്. ൈഫ്ലഓവർ ഒഴിഞ്ഞുകിടക്കുന്ന സമയങ്ങളിൽ പോലും മതിയായ ദർശന സൗകര്യമൊരുക്കാൻ പൊലീസ് തയാറാകുന്നില്ലെന്നും പറയുന്നു.
കഴിഞ്ഞ മണ്ഡലകാലത്ത് സമാന പരാതി ഉയർന്നതിനെത്തുടർന്ന് അത്തരക്കാരെ സോപാന ഡ്യൂട്ടിയിൽനിന്ന് ഒഴിവാക്കുന്നതടക്കം നടപടികൾ സ്വീകരിച്ചിരുന്നു. ഒരുവിഭാഗം പൊലീസുകാർ കാട്ടുന്ന തെറ്റായ നടപടികൾക്ക് മുഴുവൻ പൊലീസുകാരും പഴികേൾക്കേണ്ട സ്ഥിതിയാണുള്ളത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.