എസ്.ഐയുടെ മോശം പെരുമാറ്റം; അന്വേഷണറിപ്പോർട്ട് തേടി ഹൈകോടതി
text_fieldsകൊച്ചി: പാലക്കാട് ആലത്തൂരിൽ അഭിഭാഷകനോട് പൊലീസ് ഉദ്യോഗസ്ഥൻ അപമര്യാദയായി പെരുമാറിയ സംഭവത്തിൽ എസ്.ഐക്കെതിരായ അന്വേഷണ റിപ്പോർട്ട് സമർപ്പിക്കണമെന്ന് ഹൈകോടതി. ഇതിന് സർക്കാർ കൂടുതൽ സമയം തേടിയതിനെത്തുടർന്ന് സംഭവവുമായി ബന്ധപ്പെട്ട കോടതിയലക്ഷ്യ ഹരജി ഹൈകോടതി മാർച്ച് 26ന് പരിഗണിക്കാൻ മാറ്റി. അതേസമയം, എസ്.ഐയുടെ മാപ്പപേക്ഷ ഇതുവരെ സ്വീകരിച്ചിട്ടില്ലെന്ന് ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ വ്യക്തമാക്കി. എസ്.ഐ മോശമായി പെരുമാറിയത് സംബന്ധിച്ച് പുതുതായി ലഭിച്ച രണ്ട് കോടതിയലക്ഷ്യ ഹരജികൾകൂടി 26ന് പരിഗണിക്കും.
അപകടത്തിൽപെട്ട വാഹനം വിട്ടുകിട്ടാനുള്ള കോടതിയുത്തരവുമായി ആലത്തൂർ സ്റ്റേഷനിലെത്തിയ അഡ്വ. അക്വിബ് സുഹൈലിനോട് ആലത്തൂർ എസ്.ഐ റിനീഷ് അപമര്യാദയായി പെരുമാറുന്നതിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിലടക്കം വ്യാപകമായി പ്രചരിച്ചിരുന്നു. മറ്റ് ഹരജികൾക്കിടെ വിഷയം കോടതി പരിഗണിക്കുകയായിരുന്നു. പിന്നീട് അഭിഭാഷകൻ കോടതിയലക്ഷ്യഹരജി നൽകി. സംഭവത്തെതുടർന്ന് റിനീഷിനെ സ്ഥലംമാറ്റിയിരുന്നു. എസ്.ഐക്കെതിരെ അന്വേഷണവും നടന്നുവരുകയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.