മോശം പെരുമാറ്റം: സ്പീക്കർ എ.എൻ. ഷംസീറിന്‍റെ പരാതിയിൽ വന്ദേഭാരത് ടി.ടി.ഇയെ മാറ്റി
text_fieldsതിരുവനന്തപുരം: മോശമായി പെരുമാറി എന്ന നിയമസഭ സ്പീക്കർ എ.എൻ. ഷംസീറിന്‍റെ പരാതിയിൽ വന്ദേഭാരത് ടി.ടി.ഇക്കെതിരെ നടപടി. ചീഫ് ടി.ടി.ഇ ജി.എസ്. പത്മകുമാറിനെ വന്ദേഭാരത് എക്സ്പ്രസിലെ ഡ്യൂട്ടിയിൽ നിന്നാണ് ഒഴിവാക്കിയത്. താൻ സ്പീക്കറാണെന്ന് പറഞ്ഞിട്ടും മോശമായി പെരുമാറിയെന്നാണ് ഷംസീറിന്‍റെ പരാതിയിൽ പറയുന്നത്. പരാതിയിൽ നടപടി എടുത്തതായി റെയിൽവേ അധികൃതർ അറിയിച്ചു.
വെള്ളിയാഴ്ച കാസർകോട് നിന്ന് തിരുവനന്തപുരത്തേക്ക് വന്ന വന്ദേഭാരത് എക്‌സ്പ്രസിൽ എറണാകുളത്ത് വച്ചാണ് സംഭവം നടന്നത്. സ്പീക്കർ എ.എൻ. ഷംസീറിനൊപ്പം സുഹൃത്തായ ഗണേഷ് എന്നയാളും ട്രെയിനിൽ ഉണ്ടായിരുന്നുവെന്നാണ് വിവരം. ഗണേഷിന് ചെയർ കാറിലും ഷംസീറിന് എക്സിക്യുട്ടീവ് കോച്ചിലുമായിരുന്നു ടിക്കറ്റ്. എന്നാൽ, എക്സിക്യുട്ടീവ് കോച്ചിൽ ഗണേഷും യാത്ര ചെയ്തു. തൃശ്ശൂരിൽ എത്തിയപ്പോൾ ഗണേഷിനോട് ചെയർകാറിലേക്ക് മാറാൻ ടി.ടി.ഇ ആവശ്യപ്പെട്ടു. എന്നാൽ, ഗണേഷ് തയാറായില്ല. തുടർന്ന് എക്സിക്യുട്ടീവ് കോച്ചിലേക്ക് ടിക്കറ്റ് പുതുക്കിയെടുക്കാൻ ആവശ്യപ്പെട്ടെങ്കിലും ഗണേഷ് വിസ്സമ്മതിച്ചു.
കോട്ടയത്ത് ട്രെയിൻ എത്തിയപ്പോൾ ഗണേഷിനോട് കോച്ച് മാറാൻ ടി.ടി.ഇ വീണ്ടും ആവശ്യപ്പെട്ടു. ഇതോടെ ഗണേഷും ടി.ടി.ഇയും തമ്മിൽ വാക്കേറ്റമുണ്ടായി. ടി.ടി.ഇ രാഷ്ട്രീയം കളിക്കുകയാണെന്ന് ആരോപിച്ച് ഷംസീർ വിഷയത്തിൽ ഇടപെട്ടതായും ആരോപണമുണ്ട്. തുടർന്ന് ട്രെയിൻ തിരുവനന്തപുരത്ത് എത്തിയപ്പോൾ മോശമായി പെരുമാറിയെന്ന് ചൂണ്ടിക്കാട്ടി ഡിവിഷണൽ മാനേജർക്ക് ഷംസീർ പരാതി നൽകി. ഈ പരാതി പരിഗണിച്ചാണ് ടി.ടി.ഇക്കെതിരെ ഡിവിഷണൽ മാനേജർ നടപടി സ്വീകരിച്ചത്.
അതേസമയം, ടി.ടി.ഇക്കെതിരെ നടപടി സ്വീകരിച്ചതിൽ പ്രതിഷേധവുമായി റെയിൽവേ ജീവനക്കാരുടെ സംഘടനയായ എസ്.ആർ.എം.യു രംഗത്തെത്തി. പത്മകുമാറിനെതിരെ നടപടി അംഗീകരിക്കില്ലെന്ന് വ്യക്തമാക്കിയ എസ്.ആർ.എം.യു നേതാക്കൾ ഡിവിഷണൽ മാനേജർക്ക് പരാതി നൽകി. കൃത്യമായി ജോലി ചെയ്തതിനുള്ള ശിക്ഷയാണ് പത്മകുമാറിന് കിട്ടിയതെന്ന് പരാതിയിൽ ആരോപിക്കുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.