സി.എ വിദ്യാര്‍ഥിനിയുടെ ദുരൂഹമരണം; രണ്ടുപേർ കസ്റ്റഡിയിൽ
text_fieldsകൊച്ചി: കോളജ് വിദ്യാര്‍ഥിനി മിഷേലിനെ കൊച്ചി കായലില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ പൊലീസ് രണ്ട് പേരെ കസ്റ്റഡിയിലെടുത്തു. ഇവരെ ചോദ്യം ചെയ്യുകയാണ്. പിറവം സ്വദേശിയായ യുവാവിനെ ഛത്തീസ്ഗഡിൽ നിന്നു എറണാകുളം സെൻട്രൽ സ്റ്റേഷനിൽ വിളിച്ചു വരുത്തിയാണ് ചോദ്യം ചെയ്യുന്നത്. ഇയാൾ പെണ്‍കുട്ടിയെ നിരന്തരം ശല്യം ചെയ്യുകയും ഭീഷണിപ്പെടുത്തുകയും ചെയ്തിരുന്നതായി അന്വേഷണ സംഘത്തിന് വ്യക്തമായിട്ടുണ്ട്. മരിച്ച ദിവസം മിഷേലിന്‍റെ ഫോണിലേക്ക് ഇയാള്‍ വിളിച്ചിരുന്നതായും അന്വേഷണസംഘം കണ്ടെത്തി.
കലൂര്‍ പള്ളിയില്‍നിന്ന് പ്രാര്‍ഥന കഴിഞ്ഞിറങ്ങിയ പെണ്‍കുട്ടിയെ ബൈക്കില്‍ രണ്ടുപേര്‍ പിന്തുടരുന്ന തരത്തില്‍ സി.സി ടി.വി ദൃശ്യം പൊലീസിന് ലഭിച്ചിട്ടുണ്ട്.
അതിനിടെ, പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടില്‍ അസ്വാഭാവികതയില്ലെന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍ അറിയിച്ചു. പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പെണ്‍കുട്ടി മുങ്ങിമരിച്ചതാണെന്നാണ് പറയുന്നത്. എന്നാല്‍, പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് ബന്ധുക്കള്‍ക്ക് ലഭിച്ചിട്ടില്ലെന്ന് പിതാവ് ഷാജി വര്‍ഗീസ് പറഞ്ഞു. ‘‘പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടില്‍ മുങ്ങിമരിച്ചതാണെന്ന് പൊലീസ് പറയുന്നുണ്ടെങ്കിലും ഞങ്ങള്‍ ഇതുവരെ റിപ്പോര്‍ട്ട് കണ്ടിട്ടില്ല. റിപ്പോര്‍ട്ടിലെ കാര്യങ്ങള്‍ അങ്ങനെയാണെങ്കില്‍ വിശ്വസിക്കുന്നില്ല’’ എന്നും അദ്ദേഹം പറഞ്ഞു. മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിന് എറണാകുളം ജനറല്‍ ആശുപത്രിയിലാണ് ആദ്യം എത്തിച്ചത്. എന്നാല്‍, ബന്ധുക്കള്‍ ദുരൂഹത ആരോപിച്ചതിനാല്‍ പോസ്റ്റ്മോര്‍ട്ടം എറണാകുളം ഗവ. മെഡിക്കല്‍ കോളജിലേക്ക് മാറ്റി.
പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടിന്‍െറയും പെണ്‍കുട്ടി ഗോശ്രീ പാലത്തിലൂടെ കരഞ്ഞുകൊണ്ട് പോകുന്നത് കണ്ട ആളുടെ മൊഴിയുടെയും അടിസ്ഥാനത്തില്‍ ആത്മഹത്യയാകാനാണ് കൂടുതല്‍ സാധ്യതയെന്നാണ് പൊലീസ് നിഗമനം. അതേസമയം, പെണ്‍കുട്ടിയോട് പ്രണയാഭ്യര്‍ഥന നടത്തിയ യുവാവിനെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തത് എന്നാണ് സൂചന. പെണ്‍കുട്ടിയുടെ ഫോണ്‍ സ്വിച്ച് ഓഫാകുന്നതിനുമുമ്പ് അവസാനം വിളിച്ചത് ഇയാളാണ്. മരണത്തിന് ഒരാഴ്ച മുമ്പ് തന്നെ രണ്ടുപേര്‍ തടഞ്ഞുനിര്‍ത്തി ശല്യം ചെയ്തതായി പെണ്‍കുട്ടി വീട്ടുകാരോടും സുഹൃത്തുക്കളോടും പറഞ്ഞിരുന്നു. കലൂര്‍ പള്ളിയില്‍നിന്ന് പെണ്‍കുട്ടിയെ പിന്തുടര്‍ന്നത് ഇവരാകാനും സാധ്യതയുണ്ട്. ഇവരെ കണ്ടപ്പോള്‍ പെണ്‍കുട്ടി എതിര്‍ദിശയിലേക്ക് നടന്നുപോകുന്നത് പെണ്‍കുട്ടിക്ക് ഇവരെ നേരത്തേ അറിയാമെന്നതിന് തെളിവാണ്. കായലില്‍ 24 മണിക്കൂറിലേറെ കിടന്നിട്ടും മൃതദേഹം ജീര്‍ണിക്കാതിരുന്നതാണ് സംശയം ജനിപ്പിക്കുന്ന പ്രധാനഘടകം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.