തെറ്റിദ്ധരിപ്പിക്കുന്ന പരസ്യം: ബാബാ രാംദേവ് കോഴിക്കോട്ട് ഹാജരാകാൻ കോടതി നിർദേശം
text_fieldsകോഴിക്കോട്: പതഞ്‌ജലി ഉൽപന്നങ്ങളുടെ പേരിൽ നിയമവിരുദ്ധ പരസ്യങ്ങൾ നൽകിയെന്ന കേസിൽ ബാബാ രാം വ്, സഹായി ആചാര്യ ബാലകൃഷ്‌ണ എന്നിവർ കോഴിക്കോട് കോടതിയിൽ ഹാജരാകാൻ നിർദേശം. ജൂൺ മൂന്നിന് ഹാജരാകണമെന്നാണ് കോഴിക്കോട് നാലാം ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയുടെ ഉത്തരവ്.
കേസിൽ ബാബാ രാംദേവ് രണ്ടും ആചാര്യ ബാലകൃഷ്‌ണ മൂന്നും പ്രതികളാണ്. ഒന്നാംപ്രതി പതഞ്‌ജലി ഗ്രൂപ്പിന്റെ മരുന്ന് നിർമാണ കമ്പനിയായ ദിവ്യ ഫാർമസിയാണ്. ഡ്രഗ്‌സ് ആൻഡ് മാജിക് റമഡീസ് (ഒബ്ജക്‌ഷനബിൾ അഡ്വൈർടൈസ്‌മെന്റ്) നിയമമനുസരിച്ച് തെറ്റിദ്ധാരണയുണ്ടാക്കുന്ന പരസ്യങ്ങൾ നൽകിയതിന് ഡ്രഗ് കൺട്രോൾ വിഭാഗമെടുത്ത കേസിലാണ് നടപടി. സംസ്ഥാനത്ത് വിവിധ ജില്ലകളിലെടുത്ത 29 കേസുകളിൽ ജില്ലയിലെ പത്രങ്ങളിൽ വന്ന പരസ്യം സംബന്ധിച്ചാണ് കോഴിക്കോട് കോടതിയിലെ കേസ്. ജനകീയ ആരോഗ്യപ്രവർത്തകനായ ഡോ. കെ.വി. ബാബു സംസ്ഥാന ഡ്രഗ് കൺട്രോളർക്ക് നൽകിയ പരാതിയിലാണ് കേസെടുത്തത്.
2023 സെപ്‌റ്റംബറിലാണ് ലൈംഗികാനുബന്ധ പ്രശ്‌നങ്ങൾക്കും വന്ധ്യതക്കും ശാസ്‌ത്രീയ പരിഹാരമാണെന്ന് അവകാശപ്പെട്ട് അഞ്ച് മരുന്നുകളുടെ പരസ്യം നൽകിയത്. 54 രോഗങ്ങളുടെ മരുന്നുകൾക്ക് പരസ്യം പാടില്ലെന്നാണ് നിയമം. ഇതിന് വിരുദ്ധമായി പരസ്യം നൽകിയതായാണ് പരാതി. സംസ്ഥാന ഡ്രഗ്‌സ് കൺട്രോളർ ജില്ല ഡ്രഗ്സസ് കൺട്രോൾ ഇൻസ്പക്ടറേറ്റുകൾക്ക് കൈമാറിയ പരാതിയിലാണ് നടപടി.
പതഞ്‌ജലി ഗ്രൂപ്പിനെതിരായ കേസിൽ രാജ്യത്ത് ആദ്യമായാണ് കോടതി സമൻസ് അയക്കുന്നത്. കോഴിക്കോട് അസി. ഡ്രഗ്‌സ് കൺട്രോളർ ഷാജി എം. വർഗീസ് രൂപവത്കരിച്ച സ്‌പെഷൽ സ്‌ക്വാഡ് കഴിഞ്ഞ ഏപ്രിലിൽ കോടതിയിൽ നൽകിയ കുറ്റപത്രത്തിന്റെ അടിസ്ഥാനത്തിലാണ് നടപടി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.