തെറ്റിദ്ധരിപ്പിക്കുന്ന പരസ്യം; പിഴ നിർദേശം ഫ്രീസറിൽ
text_fieldsപാലക്കാട്: അഞ്ചു വർഷമായി കേന്ദ്ര ആരോഗ്യ- കുടുംബക്ഷേമ മന്ത്രാലയത്തിൽ നടപടികളില്ലാതെ കിടക്കുന്ന ഡ്രഗ്സ് ആൻഡ് മാജിക് റമഡീസ് ആക്ട് ഭേദഗതിക്ക് അനക്കംവെക്കുന്നു. പൊതുജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്ന പരസ്യങ്ങളിൽ കർശന നടപടിയും പിഴയും നിർദേശിക്കുന്ന കരട് ഭേദഗതി മരവിച്ച അവസ്ഥയിലായിരുന്നു.
ജനകീയാരോഗ്യ പ്രവർത്തകൻ ഡോ. കെ.വി. ബാബു നൽകിയ പരാതിയിൽ നടപടിയെടുക്കാൻ പ്രധാനമന്ത്രിയുടെ ഓഫിസ് ആരോഗ്യ-കുടുംബക്ഷേമ വകുപ്പ് സെക്രട്ടറിക്ക് നിർദേശം നൽകി.
ഡ്രഗ്സ് ആൻഡ് മാജിക് റമഡീസ് ആക്ട് പ്രകാരം 54 അസുഖങ്ങൾക്കുള്ള മരുന്നുകളുടെ പരസ്യങ്ങളാണ് നിരോധിച്ച പട്ടികയിലുള്ളത്. പുതിയ ഭേദഗതി നിർദേശത്തിൽ 24 എണ്ണംകൂടി ഉൾപ്പെടുത്തി 78 അസുഖങ്ങൾക്കുള്ള മരുന്നുകളുടെ പരസ്യങ്ങൾ നിരോധിക്കാനായിരുന്നു ശിപാർശ.
അനധികൃത പരസ്യങ്ങൾക്കുള്ള ശിക്ഷ ആറു മാസം തടവ് എന്നത് മാറ്റി രണ്ടു വർഷം വരെ തടവോ 10 ലക്ഷം രൂപ പിഴയോ രണ്ടുംകൂടിയോ ചുമത്താനും നിർദേശിച്ചിരുന്നു. കുറ്റം ആവർത്തിക്കുകയാണെങ്കിൽ നിലവിൽ ഒരു വർഷം തടവോ പിഴയുമോ രണ്ടുംകൂടിയോ ആണ് ശിക്ഷ. ഭേദഗതി ബില്ലിൽ ശിക്ഷ അഞ്ചു വർഷം വരെ തടവോ 50 ലക്ഷം വരെ പിഴയോ രണ്ടുംകൂടിയോ വിധിക്കാമെന്നും പറഞ്ഞിട്ടുണ്ട്.
2018 മാർച്ച് 15ന് പാർലമെൻറിൽ മേശപ്പുറത്തുവെച്ച പാർലമെൻററി സ്റ്റാൻഡിങ് കമ്മിറ്റി റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് ഡ്രഗ്സ് ആൻഡ് കോസ്മെറ്റിക്സ് ആക്ട്, ഡ്രഗ്സ് ആൻഡ് മാജിക് റെമഡീസ് ആക്ട് എന്നിവയിൽ ഭേദഗതിക്ക് നിർദേശിച്ചത്. തുടർന്ന് 2020 ഫെബ്രുവരി മൂന്നിന് ഭേദഗതി കരട് രേഖ വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചു. എന്നാൽ, തുടർനടപടി ഉണ്ടായില്ല.
ഇതുസംബന്ധിച്ച് ഡോ. കെ.വി. ബാബു നൽകിയ ചോദ്യത്തിനുള്ള വിവരാവകാശ മറുപടിയായി 2022 നവംബർ ഒമ്പതിനുശേഷം ഭേദഗതി സംബന്ധിച്ച ഫയലിൽ ഒരു നടപടിയും ഉണ്ടായിട്ടില്ലെന്ന മറുപടിയും ലഭിച്ചു.
അഞ്ചു വർഷമായിട്ടും ഭേദഗതി യാഥാർഥ്യമാകാത്ത പശ്ചാത്തലത്തിലാണ് നവംബർ 17ന് പ്രധാനമന്ത്രിയുടെ ഓഫിസിലേക്ക് പരാതി നൽകിയതെന്ന് ഡോ. കെ.വി. ബാബു ‘മാധ്യമ’ത്തോട് പറഞ്ഞു. ഇതേത്തുടർന്നാണ് തുടർനടപടിക്കായി ആരോഗ്യ-കുടുംബക്ഷേമ മന്ത്രാലത്തിന് പ്രധാനമന്ത്രിയുടെ ഓഫിസ് നിർദേശം നൽകിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.