നഗരസഭയുടെ കെടുകാര്യസ്ഥത: പാങ്ങോട് മാർക്കറ്റിൽ പ്രതിവർഷം നഷ്ടം 66 ലക്ഷം രൂപയെന്ന് ഓഡിറ്റ് റിപ്പോർട്ട്
text_fieldsതിരുവനന്തപുരം : പാങ്ങോട് മാർക്കറ്റിൽ തിരുവനന്തപുരം നഗരസഭക്ക് പ്രതിവർഷം നഷ്ടമായിത് 66 ലക്ഷം രൂപയെന്ന് ഓഡിറ്റ് റിപ്പോർട്ട് . മാർക്കറ്റിന്റെ കെട്ടിട നിർമാണത്തിന്റെ 3.08 കോടി പാഴ് ചെലവായെന്ന് ഓഡിറ്റ് റിപ്പോർട്ട്. 2009-10 ൽ നിർമാണം ആരംഭിച്ച കെട്ടിടം ഉൽഘാടനം ചെയ്തത് ആഗസ്റ്റ് 2020 നാണ്. കെട്ടിട നിർമാണം വളരെ വൈകിയതിനാൽ ധനസഹായം ലഭിച്ചത് 1.80 കോടി രൂപയാണ്. ബാക്കി തുക നഗരസഭ ഫണ്ടിൽ നിന്നാണ് ഉപയോഗിച്ചത്. ഓഡിറ്റിനു ലഭ്യമാക്കിയ വിവരങ്ങൾ പ്രകാരം 3.08 കോടി രൂപ നാളിതുവരെ ചെലവാക്കി.
മൽസ്യ മൊത്ത ചില്ലറ വിൽപ്പന മാർക്കറ്റ് കെട്ടിടത്തിനോട് ചേർന്ന തുറന്ന പ്രദേശത്ത് അനധികൃതമായി പ്രവർത്തിക്കുന്നു. അനധിക്യത മൽസ്യ മാർക്കറ്റ് പ്രവർത്തിക്കുന്നില്ല എന്നു നഗരസഭ ഉറപ്പാക്കണമെന്ന് കോടതി ഉത്തരവ് പാലിക്കപ്പെട്ടില്ല.മലിനജല സംസ്കരണത്തിനുള്ള ടാങ്കിൽ(ഇ.ടി.പി ടാങ്ക്) അനധികൃത മൽസ്യ കച്ചവടക്കാർ മാൻഹോൾ തുറന്ന് മൽസ്യ ഖര-ദ്രവ മാലിന്യം നിക്ഷേപിച്ചു. അതോടെ ടാങ്ക് നിറഞ്ഞു ഉപയോഗ ശൂന്യമായി. അതിനാൽ ഇ.ടി.പി പുനർനിർമിക്കാൻ 2020-21ൽ 23,52,000 വകയിരുത്തി. ഡി.പി.സി അനുമതി നേടി. സി.ഇ.ഡിയുമായി 2022 ജൂലൈ 27ന് കരാർ ഒപ്പുവെച്ചു.
ഓഡിറ്റിന്റെ സംയുക്ത സ്ഥല പരിശോധനയിൽ കെട്ടിടത്തിൽ മൽസ്യ വിൽപ്പനക്കുള്ള 46 കടമുറികളും കോൽഡ് സ്റ്റോറേജ് ഫ്രീസർ മുറികളായി ഉപയോഗിക്കാനുള്ള നാലു മുറികളും ഉണ്ട്. കടമുറികൾ ഷട്ടറിട്ട, മൽസ്യ വിൽപനക്കുള്ള ഗ്രാനെറ്റ്, സ്ലാബ്, മൽസ്യം വൃത്തിയാക്കാനുള്ള സിങ്ക് എന്നിവ ഉൾപ്പെടെയാണ് നിർമിച്ചത്.
ഓരോ കടമുറിക്കും വാടക (11,387 രൂപ പ്രതിമാസം) നിശ്ചയിച്ചു. 2020 മുതൽ ലേലം പല തവണ നടത്തിയെങ്കിലും ആരും കടമുറികൾ എടുത്തിട്ടില്ല. കെട്ടിടത്തിൽ പ്രവേശിക്കാൻ സാധിക്കാത്ത വിധം അനധിക്യത മൽസ്യ വില്പനക്കാർ കെട്ടിടത്തിന് മുന്നിൽ വളരെ ഉയരത്തിൽ അടുക്കി വച്ചിരിക്കുന്ന മൽസ്യ -ഐസ് പെട്ടികൾ കാരണമാണ് കടമുറികൾ ആരും എടുക്കാത്തത് എന്നു നഗരസഭ റവന്യൂ നോൺ ടാക്സ് വിഭാഗം അറിയിച്ചു.
അത്യാധുനിക മൽസ്യ മാർക്കറ്റിന്റെ ഭാഗമായി വേണ്ട കോൾഡ് സ്റ്റോറേജ് യൂനിറ്റ്, ഫ്ലാക് ഐസ് യൂനിറ്റ് എന്നിവയുടെ അഭാവത്തിൽ കെട്ടിടം മൽസ്യ മാർക്കറ്റ് ആയി പ്രവർത്തിക്കാൻ സാധ്യമല്ല. ഇ.ടി.പി സ്ഥാപിച്ചു മൽസ്യ മലിന ജലം സംസ്കാരിക്കാനും, മൽസ്യ അവശിഷ്ടങ്ങൾ സംസ്കരിക്കാൻ വര മാലിന്യ സംവിധാനവും സ്ഥാപിക്കാതെ കെട്ടിടം ഒരിക്കലും ഉപയോഗയോഗ്യമാക്കാൻ സാധിക്കില്ലെന്നാണ് ഓഡിറ്റ് വിലയിരുത്തിയത്.
ഹൈകോടതി നിർദേശിച്ചിട്ടും കാര്യങ്ങളൊന്നും നടന്നില്ല. ഇ.ടി.പി പ്രവർത്തിക്കാത്തതിനാൽ മൽസ്യ മാലിന്യ വെള്ളം വലിയ അളവിൽ മാർക്കറ്റിന് സമീപമുള്ള ഓടകളിലും കിള്ളിയാറിലും ഒഴുക്കുകയായിരുന്നു. മൊത്ത ചില്ലറ മൽസ്യ വിൽപ്പന അനധികൃതം ആയതിനാൽ മാർക്കറ്റ് ഫീസ് പോലും പിരിക്കാൻ നഗരസഭക്ക് കഴിയിരുന്നില്ല. അവിടെ മൽസ്യ ലോറി വിൽപ്പന മാലിന്യം കഴുകാൻ ഉപയോഗിക്കുന്ന വെള്ളം കണക്ഷൻ നഗരസഭയുടെ പേരിലായതിനാൽ വാട്ടർ ചാർജ്ജ് 19.38 ല രൂപ കുടിശ്ശിക നഗരസഭ ജല അതേറിറ്റിക്ക് അടക്കാനുണ്ട്. വൈദ്യുതി ബില്ലുകളും വൻ കുടിശിക അടക്കം അടക്കാനുണ്ട്.
അനധികൃത മൽസ്യ കച്ചവടം നിർത്താൻ നഗരസഭക്കു കഴിയാത്തത് കാരണം 3.08 കോടി രൂപ ചലവഴിച്ച മാർക്കറ്റ് കെട്ടിടവും ഇ.ടിപിയും ഉപയോഗയോഗ്യമാക്കാൻ സാധിക്കാത്തതെന്നു ഓഡിറ്റ് റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടി. വാടക നൽകാതെ തന്നെ മാർക്കറ്റിൽ വലിയ തോതിൽ അനധിക്യത മൊത്ത ചില്ലറ കച്ചവടം തുടരാൻ സാഹചര്യമൊരുക്കി നൽകുന്നത് മൂലമാണ് കടകൾ വാടകക്ക് എടുക്കാൻ മൽസ്യ കച്ചവടക്കാർ തയാറാകത്തത് എന്നും വ്യക്തമാണ്.
കോടതി ഉത്തരവുകൾക്ക് പുല്ലുവില നൽകിയാണ് അധികൃത മൽസ്യ കച്ചവടം നടക്കുന്നത്. അത് നിർത്താനും നടപടി സ്വീകരിക്കാത്ത നഗരസഭയുടെ അനാസ്ഥ മൂലം പ്രതിവർഷ വാടക വരുമാനം ഏകദേശം 66 ലക്ഷം രൂപയും നഷ്ടമായി. 1985 ൽ നഗരസഭയുടെ ഉടമസ്ഥതയിലുള്ള 21 സന്റെ് സ്ഥലത്ത് മൊത്തവിൽപ്പന മാർക്കറ്റ് ആരംഭിച്ചത്. മാർക്കറ്റ് ആരംഭിച്ച സ്ഥലം ക്ഷേത്രം, സ്കൂൾ, വ്യാപാരസ്ഥാപനങ്ങൾ പട്ടാള ക്യാമ്പ് എന്നിവക്ക് സമീപമാണ്.
ഏറ്റവും അധികം ജനസാന്ദ്രതയുള്ള സ്ഥലത്ത് ലോറികളും മറ്റും നിർത്തിയിട്ട് മീൻ പെട്ടികൾ റോഡ് അരികിലിറക്കി വില്പന നടത്തുമ്പോൾ ഉണ്ടാകുന്ന ഗതാഗത കുരുക്ക്, പരിസര ശബ്ദ മലിനീകരണം. കിള്ളിയാറിൽ മലിന ജലം ഓടകളിൽ ഒഴുക്കി വിടുന്നതിലുള്ള ദുർഗന്ധം ഇതെല്ലാം ഉണ്ടാക്കുന്നത് വലിയ പാരിസ്ഥിതക പ്രശ്നങ്ങളാണ്. മൽസ്യ അവശിഷ്ടങ്ങൾ മാർക്കറ്റിനു തൊട്ട് പിറകിലായി ഒഴുകുന്ന കിള്ളിയാറിലേക്കാണ് എറിയുന്നത്. മാർക്കറ്റ് അവിടെ നിന്നു മാറ്റണം എന്നു ആവശ്യപ്പെട്ടാണ് പരിസരവാസികൾ ഹൈകോടതിയിൽ കേസ് ഫയൽ ചെയ്തത്.
നഗരസഭ ഹൈകോടതിയെ അറിയിച്ചത് 21 സെന്റ് മാർക്കറ്റ് സ്ഥലത്തോട് ചേർന്ന് കിടക്കുന്ന 39 സെന്റ് റവന്യൂ വകുപ്പ് സ്ഥലം പാട്ടത്തിനെടുത്ത് ആകെ 60 സെന്റ് സ്ഥലത്ത് ഒരു അത്യാധുനിക വൃത്തിയുള്ള മൽസ്യ മൊത്ത ചില്ലറ വിൽപ്പന നടത്താനുള്ള മാർക്കറ്റ് കെട്ടിടവും, കെട്ടിടത്തിനുള്ളില സംസ്കരിക്കാനുള്ള സംസ്കരണ യൂനിറ്റും, വിൽപ്പന ലോറികൾക്കു കച്ചവടക്കാർക്കും പാർക്കിങ് ഏരിയയും സ്ഥാപിച്ചു പ്രശ്നം പരിഹരിക്കും എന്നാണ്. മൽസ്യ മാർക്കറ്റ് അവിടെ അനധികൃതമായി പ്രവർത്തിക്കുന്നില്ലെന്ന് നഗരസഭ ഉറപ്പാക്കണെന്നാണ് അന്തിമ വിധിയിൽ ചൂണ്ടിക്കാണിച്ചത്. ഓഡിറ്റ് റിപ്പോർട്ട് വന്നതോടെ നഗരസഭ ഇക്കാര്യത്തിൽ നടപടി തുടങ്ങി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.