മോട്ടോർ വാഹനവകുപ്പിലെ കെടുകാര്യസ്ഥത: നഷ്ടമായത് 30.93 കോടിയെന്ന് റിപ്പോർട്ട്
text_fieldsകോഴിക്കോട് : മോട്ടോർ വാഹനവകുപ്പിലെ ഉദ്യോഗസ്ഥരുടെ കെടുകാര്യസ്ഥത കാരണം വകുപ്പിന് 30,93,61,800 രൂപ നഷ്ടമായെന്ന് ധനകാര്യ പരിശോധന റിപ്പോർട്ട്. 2012 മാർച്ച് ഒന്ന് മുതൽ 2018 ഏപ്രിൽ 24 വരെ പരിശോധന നടത്തിയ കാലയളവിൽ കെൽട്രോൺ സേവനദാതാവായ എറണാകുളം കൺട്രോൾ റൂമിൽ മോട്ടോർ വാഹനനിയമലംഘനത്തിന് കോമ്പൗണ്ടിംഗ് ഫീസ് ഇനത്തിൽ ചുമത്തിയ ആകെ കേസുകളിൽ 7,54,056 പേർ കോമ്പൗണ്ടിങ് ഫീസ് അടച്ചിട്ടില്ല. ഇതിലൂടെ സർക്കാർ ഖജനാവിൽ എത്തിച്ചേരേണ്ട 30,93,61,800 നഷ്ടമായെന്നാണ് പരിശോധനയിൽ കണ്ടെത്തിയത്.
പിഴ സംബന്ധമായ വിവരങ്ങൾ ഉൾക്കൊള്ളുന്ന പി.എസ്.എം (പേയ്‌മെൻറ് സർവീസ് മൊഡ്യൂൾ) ഉം നിലവിൽ മോട്ടോർ വാഹനവകുപ്പിന് സേവനം നൽകുന്ന 'സ്മാർട്ട്മൂവ്' എന്ന സോഫ്റ്റ് വെയറുമായി പരസ്പരം ബന്ധിപ്പിച്ചിരുന്നില്ല. അതിനാൽ പിഴ ചുമത്തപ്പെട്ടവർ ക്ലിയറൻസ് സർട്ടിഫിക്കറ്റ് പോലുള്ള മറ്റ് സർവീസുകൾക്കു വരുമ്പോൾപോലും ചുമത്തപ്പെട്ട പിഴ ഈടാക്കാൻ കഴിഞ്ഞില്ല. സോഫ്റ്റ് വെയറുകളെ ബന്ധിപ്പിച്ച് പിഴ അടക്കാത്തവർക്ക് തുടർ സഹായം ലഭ്യമാക്കാതെ തടഞ്ഞ് പിഴ ഈടാക്കുവാനും അടിയന്തിരമായി നടപടി സ്വീകരിക്കണമെന്നാണ് റിപ്പോർട്ടിലെ ശിപാർശ.
മേഖലാടിസ്ഥാനത്തിൽ തിരുവനന്തപുരത്തും കോഴിക്കോടും കൂടി കൺട്രോൾ റൂം സ്ഥാപിച്ച് കൂടുതൽ സ്റ്റാഫിനെ ഉൾപ്പെടുത്തി കാമറകൾ കാര്യക്ഷമമായി ഉപയോഗപ്പെടുത്തിയാൽ നിലവിൽ ലഭിക്കുന്ന കോമ്പൗണ്ടിങ് ഫീസ് മുതൽ നാല് മടങ്ങായി വർധിപ്പിക്കാം. അതോടൊപ്പം കൂടുതൽ ജംഗ്ഷനുകളിൽ കാമറകൾ സ്ഥാപിച്ച് മോട്ടോർ വാഹന നിയമലംഘനങ്ങൾ കണ്ടെത്താനും കൂടുതൽ കോംപൗണ്ടിങ് ഫീസ് ഈടാക്കാനും അതിലൂടെ റോഡപകടങ്ങൾ കുറക്കാനും കഴിയും. ആയതിനുള്ള സാധ്യതകൂടി പരിശോധിച്ച് യുക്തമായ നടപടി സ്വീകരിക്കണെന്നും റിപ്പോർട്ടിൽ ശിപാർശ ചെയ്തു.
മോട്ടോർ വാഹനവകുപ്പിന് കീഴിൽ ആര്യങ്കാവ് ചെക്ക് പോസ്റ്റിൽ ഉപയോഗത്തിലുണ്ടായിരുന്ന പോർട്ടബിൾ വെയ് ബ്രിഡ്‌ജ് അറ്റകുറ്റപ്പണി ചെയ്ത വകയിൽ വാറന്റ്റി കാലയളവിൽ 97,325 രൂപ കെൽട്രോണിന് മാറി. ട്രാൻസ്പോർട്ട് കമീഷണറുടെ ഈ നടപടി 2012 ൽ കെൽട്രോണുമായി ഉണ്ടാക്കിയ കരാറിൻറെ നഗ്നമായ ലംഘനമാണ്. ഇത് ക്രമവിരുദ്ധവുമാണ്. കെൽട്രോണിന് അനുവദിച്ച 97,325 രൂപ അന്നത്തെ ജോയിന്റ് ട്രാൻസ്പോർട്ട് കമീഷണർ /ട്രാൻസ്പോർട്ട് കമീഷണർ എന്നിവരുടെ വ്യക്തിഗത ബാധ്യതയായി കണക്കാക്കി തിരിച്ചു പിടിക്കുവാൻ ആവശ്യമായ നടപടി സ്വീകരിക്കണെന്നാണ് റിപ്പോർട്ടിലെ ശിപാർശ.
പോർട്ടബിൾ വെയ് ബ്രിഡ്‌ജിൻറെ തകരാറു മൂലമോ, സർവാസിങിന് വേണ്ടിയോ കമ്പ്യൂട്ടർ പ്രവർത്തന ക്ഷമമല്ലാതിരിക്കുന്ന സമയം മൂലം വന്ന പിഴ തുകയായ 50,666 രൂപ കെട്രോണിൽനിന്ന് ഈടാക്കാതെ ഈ വിഷയം അവസാനിപ്പിച്ച ഉദ്യോഗസ്ഥരുടെ വ്യക്തിഗത ബാധ്യതയായി കണക്കാക്കി ജോയിന്റ ട്രാൻസ്പോർട്ട് കമീഷണർ, ട്രാൻസ്പോർട്ട് കമീഷണർ തുടങ്ങിയ ഉദ്യോഗസ്ഥരിൽനിന്ന തിരിച്ചുപിടിക്കണമെന്നാണ് റിപ്പോർട്ടിലെ ശിപാർശ.
മോട്ടോർ വാഹന വകുപ്പിൻ കീഴിലുള്ള ഓഫീസുകളിൽ കേരള ഫിനാൻഷ്യൽ കോഡ് പാലിക്കുന്നതിൽ കടുത്ത അനാസ്ഥയും, ഗുരുതര വീഴ്ചയും സംഭവിച്ചുവെന്നും അന്വേഷണത്തിൽ വ്യക്തമായി. ഇത് പാലിക്കുന്നതിനാവശ്യമായ വ്യക്തമായ നിർദേശങ്ങൾ ഉൾക്കൊള്ളുന്ന പരിപത്രം ട്രാൻസ്പോർട്ട് കമീഷണർ പുറപ്പെടുവിക്കണം. ഈ നിർദേശങ്ങൾ കർശനമായി പാലിക്കപ്പെടുന്നുണ്ടോയെന്ന് മൂന്നു മാസത്തിലൊരിക്കൽ മോട്ടോർ വാഹന വകുപ്പിലെ ആഭ്യന്തര ഓഡിറ്റ് വിഭാഗം പരിശോധിക്കണമെന്നും റിപ്പോർട്ടിൽ ശിപാർശ നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.