പദ്ധതി നടത്തിപ്പിലെ കെടുകാര്യസ്ഥത: കൊല്ലം നഗരസഭക്ക് കേന്ദ്ര സഹായം 35.6 കോടി നഷ്ടമായെന്ന് റിപ്പോർട്ട്
text_fieldsകോഴിക്കോട് : പദ്ധതി നടത്തിപ്പിലെ കെടുകാര്യസ്ഥത കാരണം കൊല്ലം നഗരസഭക്ക് കേന്ദ്ര സഹായം 35.6 കോടി രൂപ നഷ്ടമായെന്ന് സി.എ.ജി റിപ്പോർട്ട്. കുടിവെള്ളം, ശുചിത്വം, ഖരമാലിന്യ സംസ്കരണം എന്നീ മേഖലകളിലെ പദ്ധതികൾക്ക് പതിനഞ്ചാം ധനകാര്യ കമ്മീഷൻ ഗ്രാൻറായി അനുവദിച്ച കേന്ദ്ര സഹായത്തിലെ തുകയാണ് നഷ്ടമായത്.
2023-24 വരെ ലഭിച്ച കേന്ദ്ര ഗ്രാൻറ് തുകയുടെ 39 ശതമാനം മാത്രമാണ് നഗരസഭ ചിലവഴിച്ചത്. സമയബന്ധിതമായി പദ്ധതി പൂർത്തീകരിക്കാൻ നഗരസഭക്ക് സാധിക്കാതെ വന്നതിനാൽ കേന്ദ്ര ധനസഹായം 35.6 കോടി നഷ്ടമായെന്നാണ് എ.ജിയുടെ അന്വേഷണത്തിലെ കണ്ടെത്തൽ.
നഗരസഭയായി മാറിയ 16 ഗ്രാമപഞ്ചായത്തുകൾ, ഒരു ബ്ലോക്ക് പഞ്ചായത്ത്, ഒരു മുൻസിപ്പാലിറ്റി അടങ്ങുന്ന 11.1 ലക്ഷം ജനസംഖ്യയുള്ള നഗരത്തിന് 2020-21ൽ 31 കോടിയും 2021- 22 മുതൽ 2025 26 വരെ 128 കോടി രൂപയുമാണ് അനുവദിച്ചത്. 2021ലെ സർക്കാർ ഉത്തരവ് പ്രകാരം പദ്ധതി പുരോഗതി കൃത്യമായി നിരീക്ഷിക്കാൻ കൊല്ലം നഗരസഭ ഒരു ജോയിൻ പ്ലാനിങ് കമ്മിറ്റി രൂപീകരിച്ചു.
ധരണാപത്ര പ്രകാരം ഓരോ വർഷവും പദ്ധതിയുടെ നിശ്ചിത ശതമാനം പൂർത്തീകരിക്കണം. അതിന് അനുപാതികമായി മാത്രമേ അടുത്തവർഷം ഫണ്ട് ലഭിക്കുകയുള്ളൂ. 2021-22 ൽ ഗ്രാൻഡ് 23 കോടി ലഭിച്ചിട്ടും പദ്ധതി പൂർത്തീകരണം നിശ്ചിത ശതമാനം പൂർത്തീകരിക്കാൻ കഴിഞ്ഞില്ല. അതിനാൽ 2022- 23ൽ ലഭിക്കേണ്ട ഗ്രാൻഡ് 24 കോടിയിൽ 9.6 കോടി രൂപയായി കുറച്ചു. 2023 ൽ 14.4 കൂടി രൂപ ലഭിച്ചു.
പദ്ധതി നിശ്ചിത ശതമാനം പൂർത്തിയാക്കേണ്ട ചുമതല നഗരസഭക്ക് ആണ്. അത് നടപ്പാക്കിയില്ലെന്ന് മാത്രമല്ല മറ്റ് ഗുരുതരവീഴ്ചകളും വരുത്തി. നഗരസഞ്ചത്തിലെ യൂനിറ്റിന്റെയും എസ്.എൽ.ബി കണക്കാക്കിയിട്ടില്ല. അതുപോലെ മാലിന്യത്തിന്റെ അളവ് കൊല്ലം കോർപ്പറേഷന്റെ മാത്രം ആണ് കണക്കാക്കിയത്. മറ്റ് യൂനിറ്റിന് മാർഗരേഖ അനുശാസിക്കുന്ന സ്കോർ അടിസ്ഥാനമാക്കി പ്രദേശത്തിന് മൊത്തം സ്കോർ കണക്കാക്കിയിട്ടില്ല. ഇത് മാർഗരേഖക്ക് വിരുദ്ധമാണെന്നും റിപ്പോർട്ടിൽ ചൂണ്ടിക്കാണിച്ചു.
മറ്റ് യൂണിറ്റുകളുടെ എസ്.എൽ.ബി കണക്കാക്കാതെ ലക്ഷ്യം കൈവരിച്ചത് സംബന്ധിച്ച് വിലയിരുത്താൻ സാധിക്കുകയില്ല. അതുപോലെ കേന്ദ്രം നൽകിയ 6.19 കോടി രൂപ ദുരുപയോഗം നടത്തിയെന്നും റിപ്പോർട്ടിൽ രേഖപ്പെടുത്തി. കേന്ദ്ര സർക്കാർ പുറപ്പെടുവിച്ച മാർഗരേഖ പ്രകാരമല്ല ഈതുക വിനിയോഗിച്ചത്. അമ്യത് പോലെയുള്ള കേന്ദ്ര പദ്ധതികളുടെ നഗരസഭ വിഹിതം വകയിരുത്താൻ പതിനഞ്ചാം ധനകാര്യ കമീഷൻ ഗ്രാന്റ് ഉപയോഗിക്കാൻ പാടില്ല. ഇക്കാര്യത്തിലും നഗരസഭ മാർഗനിർദേശം പാലിച്ചില്ല.
കൊല്ലം നഗരസഭ ഈ പദ്ധതിയിൽ ലഭിച്ച് തുക കേന്ദ്ര പദ്ധതിയായ അമൃതിന്റെ നഗരസഭ വിഹിതം അടക്കാൻ ഉപയോഗിച്ചു. നഗരസഞ്ചയ ടൈഡ് ഗ്രാൻറിൽ നിന്നും 5.19 കോടി അമൃത് മിഷൻ അക്കൗണ്ടിൽ 2023 ൽ അടച്ചു. ഇത്തരത്തിൽ മാർഗരേഖക്ക് വിരുദ്ധമായി പദ്ധതിയുടെ തുക ചെലവഴിച്ചത്. എന്നാൽ, കുടിവെള്ള വിതരണ പദ്ധതി 40 ശതമാനം പൂർത്തീകരിച്ചതായി കാണിച്ചു.
ധാരണപത്രപ്രകാരമുള്ള കുടിവെള്ള വിതരണ പദ്ധതിയിൽ ടാപ്പ് കണക്ഷൻ, സ്ഥാപിക്കാനുള്ള പൈപ്പ് ലൈനിന്റെ നീളം വർധിപ്പിക്കൽ എന്നിവയാണ് ഉൾപ്പെടുത്തേണ്ടത്. കൊല്ലം നഗരസഭ പ്രദേശത്തെ കുടിവെള്ള പൈപ്പ് ലൈൻ വർധിപ്പിലിന് 10.54 കോടി വക യിരുത്തി.
കുടിവെള്ളം എത്താത്ത പ്രദേശത്ത് വെള്ളം എത്തിക്കാനായുള്ള പൈപ്പ് ലൈൻ സ്ഥാപിക്കാൻ വാട്ടർ അതോറിറ്റിക്ക് ഡെപ്പോസിറ്റ് വർക്ക് നൽകാനുള്ള പദ്ധതിയാണ് വിഭാവനം ചെയ്തത്. ഒരു കോടി രൂപ വാട്ടർ അതോറിറ്റിക്കു ഡെപ്പോസിറ്റ് വർക്ക് ആയി നല്കി. നഗരസഭ പ്രദേശത്തെ പഴയ എ.സി.ജി.ഐ പൈപ്പ് മാറ്റി പുതിയ പി.വി.സി പൈപ്പ് സ്ഥാപിക്കാനാണ് ഉപയോഗിച്ചത്. പൈപ്പ് ലൈൻ വാട്ടർ അതോറിറ്റിയുടെ ആസ്തിയാണ്. അത് പഴയതായാൽ മാറ്റേണ്ടത് വാട്ടർ അതോറിറ്റിയുടെ ചുമതലയാണ്. മാർഗരേഖക്ക് വിരുദ്ധമായി തുക ചിലവഴിച്ചതിന് നഗരസഭ വിശദീകരണം നൽകണമെന്നും റിപ്പോർട്ടിൽ ആവശ്യപ്പെട്ടു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.