ഉദ്യോഗസ്ഥരുടെ കെടുകാര്യസ്ഥത: 30 ലക്ഷം അനുവദിച്ചിട്ടും ഹോസ്റ്റൽ നവീകരണം നടന്നില്ലെന്ന് റിപ്പോർട്ട്
text_fields
കോഴിക്കോട് : പട്ടികജാതി ഡയറക്ടർ 30 ലക്ഷം അനുവദിച്ചിട്ടും ഉദ്യോഗസ്ഥരുടെ കെടുകാര്യസ്ഥത കാരണം ഹോസ്റ്റൽ നവീകരണം നടന്നില്ലെന്ന് ഓഡിറ്റ് റിപ്പോർട്ട്. മലപ്പുറം ജില്ലയിലെ തിരൂരങ്ങാടി ബ്ലോക്കിന് കീഴിലുള്ള പരപ്പനങ്ങാടി പ്രീ-മെട്രിക് ഹോസ്റ്റൽ നവീകരണണത്തിന് അനുവദിച്ച തുകയാണ് സമയബന്ധിതമായി ചെലവഴിക്കാതെ മടക്കി നൽകിയത്.
വകുപ്പ് ഡയറക്ടർ 2019 സെപ്തംബറിൽ ഹോസ്റ്റലിൽ ഭൗതിക പരിശോധന നടത്തിയിരുന്നു. ഹോസ്റ്റൽ നവീകരിക്കേണ്ടതുണ്ടെന്ന് അദ്ദേഹം റിപ്പോർട്ടെഴുതി. അത് പ്രകാരം ഹോസ്റ്റൽ കെട്ടിടത്തിന്റെ നവീകരണത്തിന് ഉചിതമായ നടപടികൾ സ്വീകരിക്കാൻ മലപ്പുറം, തിരൂരങ്ങാടി പട്ടികജാതി വികസന ഓഫീസർമാർക്ക് നിർദേശം നൽകി.
പ്രീ-മെട്രിക് ഹോസ്റ്റലിന്റെ നവീകരണത്തിനായി 30 ലക്ഷം രൂപ ചെലവ് കണക്കാക്കി റിപ്പോർട്ട് ലഭിച്ചതിനെ തുടർന്ന് പദ്ധതിക്ക് സർക്കാർ ഭരണാനുമതിയും നൽകി. ഹോസ്റ്റൽ നവീകരണത്തിനായി പട്ടിജാതി വകുപ്പ് 2020 സെപ്തംബറിൽ 30 ലക്ഷം അനുവദിച്ചു.
ഫയലുകൾ പരിശോധിച്ചപ്പോൾ ജില്ലാ നിർമിതി കേന്ദ്രമാണ് ഹോസ്റ്റൽ നവീകരണം ഏറ്റെടുത്ത്. നിർമിതികേന്ദ്രം തുക 30 ലക്ഷത്തിൽ നിന്ന് 32.70 ലക്ഷമായി ഉയർത്തണമെന്ന് ആവശ്യപ്പെട്ടു. അതോടെ 30 ക്ഷം രൂപ അനുവദിച്ചെങ്കിലും നിർമാണം തുടങ്ങാനായില്ല. ഓഡിറ്റ് സംഘം പരിശോധന നടത്തിയ കാലത്തും നിർമാണം ആരംഭിച്ചിട്ടില്ല.
അനുവദിച്ച കാലയളവിൽ 30 ലക്ഷം രൂപ ഉപയോഗിക്കാതെ കിടന്നു. 2020 സെപ്റ്റംബറിലെ അലോട്ട്‌മെന്റ് മാസം മുതൽ 2021 മാർച്ച് മാസം വരെയുള്ള മാസങ്ങളിൽ അത് വിനിയോഗിക്കാത്തതിനാൽ 2021 മാർച്ചിൽ തുക സറണ്ടർ ചെയ്തു. നിശ്ചിത സമയത്തിനുള്ളിൽ സർക്കാർ പണം മറ്റെവിടെയെങ്കിലും ഫലപ്രദമായി ഉപയോഗിക്കാമായിരുന്നു. അതും ചെയ്തില്ല.പുതുക്കിയ എസ്റ്റിമേറ്റ് അപ്പോഴും അനുമതിക്കായി ഡയറക്ടറേറ്റിലെ ചുവപ്പ്നാടയിൽ കുടുങ്ങിക്കിടക്കുകയാണ്.
ഹോസ്റ്റൽ നവീകരണത്തിന് രണ്ടര വർഷത്തിലേറെ കാലതാമസമുണ്ടായപ്പോൾ പ്രീ-മെട്രിക് ഹോസ്റ്റലിലെ അന്തേവാസികളുടെ അകാശമാണ് നിഷേധിച്ചത്. പട്ടികജാതി വിദ്യാർഥികൾക്ക് മെച്ചപ്പെട്ട താമസസൗകര്യങ്ങൾ ഒരുക്കേണ്ടത് സർക്കാരിന്റെ ഉത്തരവാദിത്തമാണ്. അവർക്ക് അനുവദിക്കുന്ന ആനുകൂല്യങ്ങളും ഫണ്ടുകളും വകുപ്പിലെ ഉദ്യോഗസ്ഥരുടെ കെടുകാര്യസ്ഥത കാരണം നഷ്ടപ്പെടുന്നത് കേരളത്തിലെ തുടർക്കഥയാണ്. ഫണ്ട് ചെലവഴിക്കുന്നത് സംബന്ധിച്ച് നിലവിലെ വിലയിരുത്തൽ സംവിധാനങ്ങളെല്ലാം പരാജയമാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.