നഗരസഭയുടെ കെടുകാര്യസ്ഥത: കേബിൾ വലിച്ചതിൽ സർക്കാരിന് ലഭിക്കാതെ പോയത് 3.53 കോടിയെന്ന് റിപ്പോർട്ട്
text_fieldsകോഴിക്കോട്: കേബിൾ വലിച്ചതിൽ കോഴിക്കോട് നഗരസഭ ഉത്തരവ് പാലിക്കാത്തതിനാൽ 3.53 കോടി രൂപ സർക്കാരിന് ലഭിക്കാതെ പോയെന്ന് ഓഡിറ്റ് റിപ്പോർട്ട്. റിലൈൻസ് ജിയോ 2,84,78,700 രൂപയും ഭാരതി എയർടെൽ 68,70,975 രൂപയും വിവരസാങ്കേതിക വകുപ്പിൽ അടച്ചതായി പരിശോധനയിൽ കണ്ടെത്തിയില്ല. ഇരു കമ്പനികളും വൺ ടൈം കോൺട്രിബ്യൂഷൻ വിവര സാങ്കേതിക വകുപ്പിൽ അടച്ചിട്ടുണ്ടോ എന്ന് ഉറപ്പിക്കാതെയാണ് കേബിൾ വലിക്കാൻ (റൈറ്റ് ഓഫ് വേ- റോ)ക്ക് അനുമതി നൽകിയതെന്ന് പരിശോധനയിൽ കണ്ടെത്തി.
തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളുടെ ഉടമസ്ഥതയിലുള്ള റോഡുകളിൽ ഒപ്റ്റിക്കൽ ഫൈബർ കേബിൾ ഇടൂന്നതിന് ഒരു കിലോമീറ്ററിന് 75,000 നിരക്കിൽ ഇലക്ട്രിക്കൽസും വിവരസാങ്കേതിക വകുപ്പും നിശ്ചയിച്ചിട്ടുള്ള വൺ ടൈം കോണ്ട്രിബ്യൂഷൻ നൽകണമെന്നും പൊതു മരാമത്ത് വകുപ്പ് കാലാകാലങ്ങളിൽ നിശ്ചയിച്ചിട്ടുള്ള റെസ്റ്റോറേഷൻ ചാർജ് നൽകണമെന്നും 2025 ലെ സർക്കാർ ഉത്തരവിൽ നിർദേശിച്ചിരുന്നു. 2021ലെ സർക്കുലർ പ്രകാരം പണമടക്കാത്ത പക്ഷം ഈ കമ്പനികളിൽനിന്നും രേഖമൂലമുള്ള ഉറപ്പ് എഴുതി വാങ്ങാമെന്നാണ്. സുഗമപോർട്ടൽ വഴിയാണ് കേബിൾ വലിക്കാൻ അനുമതിക്കായി അപേക്ഷിക്കുകയും പണമടക്കുകയും ചെയ്യേണ്ടത്. ഇതെല്ലാം ചെയ്ത ശേഷമാണ് അനുമതി നൽകേണ്ടത്.
2018 ഫെബ്രുവരി 20ലെ ഉത്തരവ് പ്രകാരം റിലൈൻസ് ജിയോ ഇൻ ഫോകോം ലിമിറ്റഡിന് കേരളത്തിലൂടെനീളം 1712.53 പെപ്റ്റിക് ഫൈബർ കേബിൾ ഇടുന്നതിന് അനുമതി നൽകി. അതിന് 12.84 കോടി രൂപ അടച്ചുവെന്നാണ് രേഖപ്പെടുത്തിയിട്ടുണ്ട്. ഇതിൽ കോഴിക്കോട് മുനിസിപ്പൽ കോർപറേഷന്റെ 230 കി.മീറ്റർ റോഡും ഉൾപ്പെടുന്നു. പരിശോധനയിൽ ഓവർ ഹെഡ് കേബിളും അണ്ടർ ഗ്രൗണ്ട് കേബിളും ചേർന്ന് 609.716 കി.മീ. വലിച്ചിട്ടുണ്ടെന്ന് വ്യക്തമായി. റിലൈൻസ് ജിയോ 210 കി.മീറ്ററിന് പണമടച്ചിരുന്നു. ബാക്കിയുള്ള 379.716 കി.മി. 75000 രൂപ നിരക്കിൽ 2,84,78,700 വിവരസാങ്കേതിക വകുപ്പിൽ അടച്ചതായി പരിശോധനയിൽ കണ്ടെത്തിയില്ല.
തുക സർക്കാരിലേക്ക് അടച്ചിരുന്നോ എന്ന് ഉറപ്പിക്കാതെയാണ് നഗരസഭ 379.716 കി.മീറ്റർ ഒപ്റ്റിക് ഫൈബർ കേബിൾ വലിക്കുന്നതിന് റൈറ്റ് ഓഫ് വേ (റോ) അനുമതി നൽകിയത്. സി.ഇ നിർദേശിച്ച പ്രകാരം രേഖമൂലമുള്ള ഉറപ്പ് എഴുതി വാങ്ങിയിട്ടുമില്ല.അതിനാൽ, സർക്കാരിന് ഈ ഇനത്തിൽ 2,84,78,700 (2.85 കോടി) രൂപ ലഭിച്ചില്ല.
ഇതുപോലെ ഭാരതി എയർടെൽ നഗരസഭാ റോഡിൽ 91.613 കി.മീ ഓവർ ഹെഡ് കേബിളും അണ്ടർ ഗ്രൗണ്ട് കേബിളും ചേർത്ത് ഒപ്റ്റിക് ഫബർ കേബിൾ വലിച്ചിട്ടുണ്ട്. ഇതിലും ഒരു കിലോമിറ്ററിന് 75,000 നിരക്കിൽ വൺ ടൈം കോണ്ട്രിബ്യൂഷൻ അടവാക്കിയതായി രേഖകളില്ല. ഈ ദൂരം കേബിളിടുന്നതിനായി 68,70,975 ഏയർടെൽ അടക്കണമായിരുന്നു. തുക സർക്കാരിലേക്ക് അടച്ചിട്ടുണ്ടോ എന്ന് ഉറപ്പിക്കാതെയാണ് നഗരസഭ 91.613 കി.മി ഒപ്റ്റിക് ഫൈബർ കേബിൾ വലിക്കുന്നതിന് റൈറ്റ് ഓഫ് വേ (റോ) ക്ക് അനുമതി നൽകിയത്. അതുവഴി സർക്കാരിന് ഈ ഇനത്തിൽ 68,70,975 (68.71ലക്ഷം) ലഭിച്ചില്ല. ഇത്തരത്തിൽ സർക്കാരിന് ആകെ ലഭിക്കാതെ പോയത് 3.53 കോടി രൂപയാണ്. ഓഡിറ്റ് ചൂണ്ടിക്കാണിച്ചിട്ടും നഗരസഭ മറുപടി നല്‌കിട്ടിയില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.