സ്ത്രീവിരുദ്ധ പരാമർശം; ആർ.എം.പി നേതാവിനെതിരെ പരാതി നൽകി ഡി.വൈ.എഫ്.ഐ
text_fieldsതിരുവനന്തപുരം: സ്ത്രീവിരുദ്ധ പരാമർശം നടത്തിയ ആർ.എം.പി നേതാവ് കെ.എസ്. ഹരിഹരനെതിരെ പരാതിയുമായി ഡി.വൈ.എഫ്.ഐ. ഹരിഹരനെതിരെ കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാന പൊലീസ് മേധാവിക്ക് ഡി.വൈ.എഫ്.ഐ പരാതി നൽകി.
ഡിവൈഎഫ്‌ഐ സംസ്ഥാന സെക്രട്ടറി വി.കെ സനോജ് ആണ് പരാതി നൽകിയത്. പരാമർശത്തിൽ ഹരിഹരൻ ഖേദം പ്രകടിപ്പിച്ചത് കൊണ്ടോ ക്ഷമ ചോദിച്ചതു കൊണ്ടോ കാര്യമില്ലെന്നാണ് ഡി.വൈ.എഫ്.ഐ നിലപാട്. സ്ത്രീത്വത്തെ അപമാനിക്കൽ, ലൈംഗിക അധിക്ഷേപം, ഐടി ആക്ട് ഉൾപ്പടെ ചുമത്തണമെന്നാണ് പരാതിയിൽ പറയുന്നത്.
വടകരയിൽ നടന്ന 'സി.പി.എം വർഗീയതയ്‌ക്കെതിരെ നാടൊരുമിക്കണം' എന്ന ജനകീയ പ്രതിഷേധത്തിൽ സംസാരിക്കവേയാണ് ആർ.എം.പി കേന്ദ്രകമ്മിറ്റി അംഗം കെ.എസ് ഹരിഹരൻ വിവാദ പ്രസ്താവന നടത്തിയത്. "ടീച്ചറുടെ പോൺ വീഡിയോ ആരെങ്കിലും ഉണ്ടാക്കുമോ എന്നും മഞ്ജു വാര്യരുടെ പോൺ വീഡിയോ ആണെന്ന് കേട്ടാൽ മനസ്സിലാകും" എന്നുമായിരുന്നു ഹരിഹരന്റെ പരമാർശം.
സംഭവത്തിൽ ശക്തമായ നിയമ നടപടി സ്വീകരിക്കണമെന്ന് ഡി.വൈ.എഫ്.ഐ സംസ്ഥാന സെക്രട്ടറിയേറ്റ് ആവശ്യപ്പെട്ടിരുന്നു. വടകരയിൽ യു.ഡി.എഫ് നടത്തിയ ഹീനമായ സ്ത്രീ വിരുദ്ധ പ്രചാരണങ്ങൾക്ക് അടിവരയിടുന്ന പ്രസംഗമാണ് യു.ഡി.എഫ് -ആർ.എം.പി.ഐ നേതാവ് ഹരിഹരൻ നടത്തിയത്. മര്യാദയുടെ സകല സീമകളും ലംഘിച്ച് ഒരു തെരഞ്ഞെടുപ്പ് കാലം വടകരയിൽ വർഗ്ഗീയ - സ്ത്രീ വിരുദ്ധ ശക്തികളുടെ കൂത്തരങ്ങാക്കി മാറ്റിയ യു.ഡി.എഫ് ജാള്യത മറക്കാനായി നടത്തിയ പരിപാടി പോലും അതിലേറെ സ്ത്രീ വിരുദ്ധ സമ്മേളനമായാണ് അവസാനിച്ചത്. ഹരിഹരൻ നടത്തിയ പ്രസംഗം സാംസ്‌കാരിക കേരളത്തിന് നേരെയുള്ള വെല്ലുവിളിയാണെന്നും ഡി.വൈ.എഫ്.ഐ കൂട്ടിച്ചേർത്തു.
കേരളത്തിലെ ഏറെ ബഹുമാനിക്കപ്പെടുന്ന, സ്വപ്രയത്നത്താൽ വ്യക്തി മുദ്ര പതിപ്പിച്ച കലാകാരികളെ പോലും ആർ.എം.പി - യു.ഡി.എഫ് നേതൃത്വം എത്രമാത്രം നികൃഷ്ടമായ കണ്ണുകളോട് കൂടിയാണ് കാണുന്നത് എന്നത് തെളിയിക്കുന്നതാണ് പ്രസംഗം. പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ ഉദ്ഘാടനം നിർവഹിച്ച ഷാഫി പറമ്പിൽ അനുകൂല പരിപാടിയിലാണ് ഇത്രയും ഹീനമായ സ്ത്രീ വിരുദ്ധ പ്രസ്താവന ഉണ്ടായിരിക്കുന്നത്. കെ.കെ. രമ എം.എൽ.എയുടെ സാന്നിധ്യത്തിലാണ് ആർ.എം.പി നേതാവ് ഇത്രയും വൃത്തികെട്ട നിലയിൽ സ്ത്രീ വിരുദ്ധ പ്രസ്താവന നടത്തിയതെന്നും ഡി.വൈ.എഫ്.ഐ സംസ്ഥാന സെക്രട്ടറിയേറ്റ് കുറ്റപ്പെടുത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.