കാണാതായതടക്കമുള്ള വോട്ടുപെട്ടികൾ ഹൈകോടതിയിലേക്ക് മാറ്റി
text_fieldsപെരിന്തൽമണ്ണ: തിങ്കളാഴ്ച രാവിലെ മുതൽ രാത്രി വരെ ഉദ്യോഗസ്ഥരെ വട്ടംകറക്കിയ തപാൽവോട്ട് പെട്ടി ഹൈകോടതിയിലേക്ക് കൊണ്ടുപോയി. പെരിന്തൽമണ്ണ സബ് കലക്ടറുടെ ഓഫിസിലെ മുറി തുറന്ന് ചൊവ്വാഴ്ച രാവിലെ 6.45 ഓടെയാണ് രണ്ട് പെട്ടികൾ പുറത്തെടുത്തത്.
തുടർന്ന് റവന്യൂ വകുപ്പിന്റെ രണ്ട് വാഹനങ്ങളിലായി പൊലീസ് സംരക്ഷണയിൽ 7.08 ഓടെ കൊണ്ടുപോയി. പെരിന്തൽമണ്ണ മണ്ഡലത്തിൽ 2021ൽ നടന്ന തെരഞ്ഞെടുപ്പിലെ തപാൽ വോട്ടുകളായിരുന്നു പെട്ടിയിൽ. സബ് കലക്ടർ ശ്രീധന്യ സുരേഷിന്റെ നേതൃത്വത്തിലാണ് മുറിയിൽ നിന്ന് പുറത്തെടുത്ത് വാഹനത്തിൽ കയറ്റിയത്.
റവന്യൂ ഉദ്യോഗസ്ഥരായ കെ. സുരേന്ദ്രൻ, കെ. ഹംസ എന്നിവർ അകമ്പടി പോയി. പെരിന്തൽമണ്ണ സബ് ട്രഷറിയിലെ സ്ട്രോങ് റൂമിൽ സൂക്ഷിച്ച രണ്ട് പെട്ടികൾ മലപ്പുറത്ത് കണ്ടെത്തുകയും രാത്രി 9.15ന് പെരിന്തൽമണ്ണയിൽ തിരികെയെത്തിക്കുകയും ചെയ്തിരുന്നു. തിരികെ കൊണ്ടുവന്ന പെട്ടിയും ട്രഷറിയിലെ മറ്റൊരു പെട്ടിയും തിങ്കളാഴ്ച രാത്രി 9.30നാണ് സബ്കലക്ടർ ഓഫിസിലെ മുറിയിലിട്ട് പൂട്ടിയത്.
നാല് ഉദ്യോഗസ്ഥർക്ക് കാരണം കാണിക്കൽ നോട്ടീസ്
- അബദ്ധവശാൽ പെട്ടി മാറിപ്പോയതെന്നാണ് ഉദ്യോഗസ്ഥർ നൽകിയ പ്രാഥമിക വിശദീകരണം
മലപ്പുറം: പെരിന്തൽമണ്ണ മണ്ഡലത്തിലെ തപാൽ വോട്ടുകൾ സൂക്ഷിച്ച പെട്ടികളിലൊന്ന് കാണാതായ സംഭവത്തിൽ നാല് ഉദ്യോഗസ്ഥർക്ക് കാരണം കാണിക്കൽ നോട്ടീസ്. സബ് ട്രഷറിയിലെയും ജോയന്റ് രജിസ്ട്രാർ ഓഫിസിലെയും ഉദ്യോഗസ്ഥർക്കാണ് മലപ്പുറം കലക്ടർ വി.ആർ. പ്രേംകുമാർ നോട്ടീസ് നൽകിയത്. അബദ്ധവശാൽ പെട്ടി മാറിപ്പോയതെന്നാണ് ഉദ്യോഗസ്ഥർ നൽകിയ പ്രാഥമിക വിശദീകരണം. മുഖ്യ തെരഞ്ഞെടുപ്പ് ഓഫിസർക്ക് കലക്ടർ റിപ്പോർട്ട് കൈമാറിയിട്ടുണ്ട്.
വോട്ട് പെട്ടി കാണാതായ സംഭവം ഗുരുതരമാണെന്ന ഹൈകോടതി പരാമർശത്തിന്റെ അടിസ്ഥാനത്തിൽ ഉദ്യോഗസ്ഥർക്കെതിരെ നടപടി സ്വീകരിച്ചേക്കും. ബാലറ്റ് പെട്ടി കൈമാറിയ സബ് ട്രഷറിയിലെ രണ്ട് ഉദ്യോഗസ്ഥർക്കും കൈപ്പറ്റിയ സഹകരണ ജോയന്റ് രജിസ്ട്രാർ ഓഫിസിലെ രണ്ട് ഉദ്യോഗസ്ഥർക്കും വീഴ്ച സംഭവിച്ചതായാണ് പ്രാഥമിക നിഗമനം. തദ്ദേശ സ്ഥാപനങ്ങളിലേക്ക് നടന്ന തെരഞ്ഞെടുപ്പിന്റെയും പെരിന്തൽമണ്ണ നിയമസഭ മണ്ഡലത്തിലെ തെരഞ്ഞെടുപ്പിന്റെയും ബാലറ്റുകൾ പെരിന്തൽമണ്ണ സബ് ട്രഷറിയിലാണ് സൂക്ഷിച്ചിരുന്നത്. തദ്ദേശ തെരഞ്ഞെടുപ്പിന്റെ പോസ്റ്റൽ ബാലറ്റ് ഉൾപ്പെടെയുള്ളവ നശിപ്പിക്കണമെന്ന് സംസ്ഥാന തെരഞ്ഞെടുപ്പ് കമീഷൻ നിർദേശമുണ്ടായിരുന്നു.
ഇതിനായി സബ് ട്രഷറിയിൽ നിന്ന് ബാലറ്റുകൾ ശേഖരിച്ചപ്പോൾ അബദ്ധത്തിൽ നിയമസഭ തെരഞ്ഞെടുപ്പിന്റെത് ഉൾപ്പെട്ടതാണെന്നാണ് ഉദ്യോഗസ്ഥർ നൽകുന്ന വിശദീകരണം. ഇതിന്റെ അടിസ്ഥാനത്തിലാണ് കലക്ടർ റിപ്പോർട്ട് സമർപ്പിച്ചത്. അശ്രദ്ധയിൽ സംഭവിച്ചതാകാമെന്നുമാണ് വിലയിരുത്തൽ. കാരണം കാണിക്കൽ നോട്ടീസിനുള്ള ഉദ്യോഗസ്ഥരുടെ മറുപടി ലഭിച്ച ശേഷം തെരഞ്ഞെടുപ്പ് കമീഷൻ നിർദേശമനുസരിച്ചാകും തുടർ നടപടികളെന്ന് കലക്ടർ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.