16കാരിയെയും യുവാവിനെയും തിരുവനന്തപുരത്ത് കണ്ടെത്തി
text_fieldsനാദാപുരം: കാണാതായ 16കാരിയെയും കായക്കൊടി സ്വദേശിയായ യുവാവിനെയും തിരുവനന്തപുരത്തുനിന്ന് അന്വേഷണ സംഘം കണ്ടെത്തി. പുറമേരി സ്വദേശിനിയെയാണ് 31ന് വൈകീട്ട് മുതല്‍ കാണാതായത്. വെള്ളിയാഴ്ച വൈകീട്ട് മാതാവിെൻറ വീട്ടിലേക്കെന്ന് പറഞ്ഞ് പോയ വിദ്യാർഥിനി വീട്ടിലെത്താതായതോടെ ബന്ധുക്കള്‍ നാദാപുരം പൊലീസില്‍ പരാതി നല്‍കുകയായിരുന്നു.
പൊലീസ് നടത്തിയ അന്വേഷണത്തില്‍ കായക്കൊടിയിലെ പ്രവാസിയുടെ മകനൊപ്പമാണ് വിദ്യാര്‍ഥിനി കടന്നുകളഞ്ഞതെന്ന വിവരത്തെ തുടര്‍ന്ന് അന്വേഷണം ജില്ലക്ക് പുറത്തേക്ക് വ്യാപിപ്പിച്ചു. യുവാവിനെ കാണാതായതോടെ ബന്ധുക്കള്‍ കുറ്റ്യാടി പൊലീസില്‍ പരാതി നല്‍കിയിരുന്നു. യുവാവിെൻറ രക്ഷിതാക്കള്‍ വിദേശത്താണ്. മകനെ കാണാതായതറിഞ്ഞ് പിതാവും മാതാവും നാട്ടിലെത്തിയിട്ടുണ്ട്. പ്രവാസിയുടെ ഉടമസ്ഥതയിലുള്ള കർണാടക, വയനാട്, കാസര്‍കോട് എന്നിവിടങ്ങളിലെ എസ്റ്റേറ്റുകളില്‍ പൊലീസ് പരിശോധന നടത്തി. കായക്കൊടിയിലെ യുവാവിെൻറ വീട്ടിലും പൊലീസ് പരിശോധന നടത്തിയിരുന്നു.
റൂറല്‍ പൊലീസ് സൂപ്രണ്ട് അബ്ദുൽ കരീമിെൻറ മേല്‍നോട്ടത്തില്‍ നാദാപുരം സബ് ഡിവിഷനല്‍ ഡിവൈ.എസ്.പി പ്രിന്‍സ് അബ്രഹാം, നാദാപുരം സി.ഐ രാജീവന് വലിയ വളപ്പില്‍, കണ്ട്രോള് റൂം സി.ഐ കെ. പ്രേം സദന്, റൂറല്‍ ജില്ലയിലെ മൂന്ന് എസ്.ഐമാര്‍ എന്നിവരടങ്ങുന്ന അന്വേഷണ സംഘം രൂപവത്കരിച്ചായിരുന്നു അന്വേഷണം.
വെള്ളിയാഴ്ച വൈകീട്ട് കോഴിക്കോട് റെയിൽവേ സ്റ്റേഷന് പാര്‍ക്കിങ് ഗ്രൗണ്ടില്‍ ഇവര്‍ സഞ്ചരിച്ച കെ.എല്‍ 18 എന്‍ 3600 നമ്പര്‍ ഇന്നോവ കാര്‍ അന്വേഷണ സംഘം കസ്റ്റഡിയിലെടുത്തു. അമ്മയുടെ വീട്ടിലേക്കെന്ന് പറഞ്ഞ് പോയ പെണ്‍കുട്ടി രാഹുലിെൻറ കാറില്‍ കയറിയതായി പൊലീസിന് നേരത്തെ വിവരം ലഭിച്ചിരുന്നു. ഇതിനിടെ കോഴിക്കോട്ടെ എ.ടി.എമ്മില്‍നിന്ന് പണം പിന്‍വലിച്ചതായും പൊലീസ് കണ്ടെത്തി.
റെയില്‍വേ സ്റ്റേഷന് സമീപത്തെ ആഡംബര ഹോട്ടലില്‍ യുവാവ് വിദ്യാർഥിനിക്കൊപ്പം മുറിയെടുക്കാന്‍ ശ്രമിച്ചെങ്കിലും ഹോട്ടലധികൃതര്‍ റൂം നല്‍കിയില്ല. അന്വേഷണ സംഘം ഹോട്ടലിലെത്തി ജീവനക്കാരില്‍നിന്ന് വിവരങ്ങള്‍ ശേഖരിക്കുകയും യുവാവിെൻറയും വിദ്യാർഥിനിയുടെയും ഫോട്ടോ തിരിച്ചറിയുകയും ചെയ്തു. വിദ്യാർഥിനി യുവാവിനൊപ്പമാണെന്ന് സ്ഥിരീകരിച്ച പൊലീസ് ഇരുവരുടെയും മൊബൈല്‍ ഫോണ്‍ ടവര്‍ ലൊക്കേഷന്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പിടിയിലായത്.
ശനിയാഴ്ച രാത്രിയോടെ യുവാവിെൻറ മൊബൈല്‍ ഫോണ്‍ സിഗ്നല്‍ തിരുവനന്തപുരത്താണെന്ന് കണ്ടെത്തിയതോടെ പൊലീസ് അന്വേഷണം ഊര്‍ജിതമാക്കുകയും വഞ്ചിയൂര്‍ പൊലീസ് സ്റ്റേഷന് പരിധിയിലെ മാള്‍ പരിസരത്തുവെച്ച് ഉച്ചക്ക് 12.45ഓടെ കസ്റ്റഡിയിലെടുത്ത് വഞ്ചിയൂര്‍ പൊലീസ് സ്റ്റേഷനില്‍ ഹാജരാക്കുകയും ചെയ്തു. ഇരുവരെയും കൊണ്ട് വഞ്ചിയൂര്‍ പൊലീസ് എറണാകുളത്തേക്ക് തിരിച്ചതായും രാത്രിയോടെ എറണാകുളത്തെത്തുന്ന നാദാപുരം പൊലീസിന് കൈമാറുമെന്നും നാദാപുരം സ്റ്റേഷനില്‍ എത്തിച്ച് രാവിലെ കോടതിയില്‍ ഹാജരാക്കുമെന്നും പൊലീസ് അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.