എം.ജി സർട്ടിഫിക്കറ്റ് ഫോർമാറ്റുകൾ കാണാതായ സംഭവം: നടപടി വൈകി, മൂടിവെച്ചതായി ആക്ഷേപം
text_fieldsകോട്ടയം: പി.ജി സർട്ടിഫിക്കറ്റ് ഫോർമാറ്റുകൾ കാണാതായ സംഭവത്തിൽ എം.ജി സർവകലാശാല നടപടി എടുത്തത് വിവരമറിഞ്ഞ് ഒരാഴ്ചക്കുശേഷം. കഴിഞ്ഞ 15ന് സർട്ടിഫിക്കറ്റ് ഫോർമാറ്റുകൾ കാണാതായ വിവരം പരീക്ഷ കൺട്രോളർ അറിഞ്ഞിരുന്നതായി ജീവനക്കാർ പറയുന്നു. ഇത് ഒരാഴ്ച അദ്ദേഹം മൂടിവെച്ചതായും ഇവർ ആരോപിക്കുന്നു.
പി.ഡി അഞ്ച് സെക്ഷനിലെ ഡെസ്പാച്ച് ബുക്ക് കാണാതായതിനെ തുടർന്ന് നടത്തിയ പരിശോധനയിലാണ് 54 ബിരുദാനന്തര ബിരുദ സർട്ടിഫിക്കറ്റുകളുടെ ഫോർമാറ്റുകൾ നഷ്ടമായതായി വ്യക്തമായത്. ഇക്കാര്യം ഉടൻ സെഷൻ ഓഫിസർ പരീക്ഷ കൺട്രോളറെ അറിയിച്ചു. ക്രിമിനൽ നടപടിയായതിനാൽ പരീക്ഷ കൺട്രോളർ ആവശ്യപ്പെട്ടതനുസരിച്ച് ജൂൺ 16ന് ഇക്കാര്യം റിപ്പോർട്ടായി നൽകി.
എന്നിട്ടും തുടർനടപടി സ്വീകരിച്ചില്ലെന്നാണ് ആക്ഷേപം. ഇതിനിടെ ഒരുവിഭാഗം ജീവനക്കാർ വൈസ് ചാൻസലറെ കണ്ട് നടപടിയാവശ്യപ്പെട്ടു. എന്നാൽ, സംഭവം അറിഞ്ഞില്ലെന്നായിരുന്നു വി.സി വ്യക്തമാക്കിയതെന്ന് ഇവർ പറയുന്നു. ഇതിനിടെ ബുധനാഴ്ച സംഭവം പുറത്തായി. കഴിഞ്ഞ ദിവസങ്ങളിൽ സെക്ഷനിൽ ജീവനക്കാർ വ്യാപകപരിശോധന നടത്തിയിരുന്നു. ഇതിൽ സർട്ടിഫിക്കറ്റ് ഫോർമാറ്റുകൾ ലഭിക്കുമെന്ന പ്രതീക്ഷയിലാണ് കൂടുതൽ നടപടികളിലേക്ക് നീങ്ങാതിരുന്നതെന്നാണ് ഒരുവിഭാഗം പറയുന്നത്.
അഞ്ചുമാസം മുമ്പ് സര്‍വകലാശാലയില്‍നിന്ന് 100 ഡിഗ്രി സര്‍ട്ടിഫിക്കറ്റുകള്‍ കാണാതായെന്നും ആരോപണമുണ്ട്. എന്നാല്‍, സർവകലാശാല അധികൃതര്‍ ഇത് നിഷേധിച്ചു. ഇതിനിടെ, രണ്ടു ജീവനക്കാരെ സസ്പെൻഡ് ചെയ്തതിൽ കോൺഗ്രസ് അനുകൂല സംഘടനയായ എം.ജി യൂണിവേഴ്സിറ്റി എംപ്ലോയീസ് യൂനിയൻ പ്രതിഷേധിച്ചു. മറ്റൊരു സെക്ഷനിൽനിന്ന് പ്രമോഷനായി എത്തിയ മനോജ് എങ്ങനെ കുറ്റക്കാരനാകുമെന്നും യാഥാർഥ കുറ്റവാളികളെ രക്ഷിക്കാനുള്ള ശ്രമമാണ് ഇതിനു പിന്നിലെന്നും സംഘടന ആരോപിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.