രാജകുമാരിയിൽ കാണാതായ കുട്ടിയെ ഒരു രാത്രിക്കുശേഷം കണ്ടെത്തി; പരിക്കോ ക്ഷീണമോ ഇല്ല
text_fieldsഅടിമാലി: വന്യമൃഗ സാന്നിധ്യമുള്ള ഏലത്തോട്ടത്തില്‍നിന്ന് കാണാതായ നാല് വയസ്സുകാരിയെ ഒരു രാത്രിക്കുശേഷം കണ്ടെത്തി. രാജകുമാരി ബി ഡിവിഷനില്‍ അന്തർ സംസ്ഥാന തൊഴിലാളികളായ ലക്ഷ്മണന്‍ -ജ്യോതി ദമ്പതികളുടെ മകള്‍ ജെസീക്കയെയാണ്, മറ്റൊരു കുട്ടിയുമായി കളിക്കുന്നതിനിടെ ചൊവ്വാഴ്ച വൈകീട്ട് മൂന്നോടെ കാണാതായത്.
മാതാപിതാക്കളും മറ്റ് തൊഴിലാളികളും ഏലത്തോട്ടം അരിച്ചുപെറുക്കി അന്വേഷിച്ചിട്ടും കണ്ടെത്താൻ കഴിയാതിരുന്നതോടെ പൊലീസിന്‍റെയും അഗ്നിരക്ഷാസേനയുടെയും സഹായം തേടി. നാട്ടുകാരുടെ സഹായത്തോടെ രാത്രി മുഴുവന്‍ ഏലത്തോട്ടത്തില്‍ കുട്ടിക്കായി തിരച്ചില്‍ നടത്തി. രണ്ട് കുളം വറ്റിച്ചും അരുവികളിലും തിരഞ്ഞെങ്കിലും കണ്ടെത്താനായില്ല. കാട്ടാനയും പുലിയും കരടിയുമൊക്കെ എത്തുന്ന സ്ഥലമായതിനാല്‍ എല്ലാവരും പരിഭ്രാന്തിയിലായി. ബുധനാഴ്ച രാവിലെ ഒമ്പതോടെ മറ്റൊരു തോട്ടത്തിലെ തൊഴിലാളികള്‍ ജോലിക്ക് പോകുന്നതിനിടെ കുട്ടിയുടെ കരച്ചില്‍ കേട്ട് നോക്കിയപ്പോള്‍ ഏലത്തട്ടയുടെ ഇടയില്‍ ഇരിക്കുന്ന നിലയിൽ കണ്ടെത്തുകയായിരുന്നു. തണുപ്പ് കൂടുതലുള്ള പ്രദേശമാണ് ബി ഡിവിഷന്‍.
കുട്ടിക്ക് പരിക്കോ ക്ഷീണമോ ഉണ്ടായിരുന്നില്ല. കളിക്കുന്നതിനിടെ തോട്ടത്തില്‍ തൊഴിലാളികള്‍ സഞ്ചരിക്കുന്ന നടവഴിയിലൂടെ കുട്ടി തനിയെ പോയതാകാമെന്ന നിഗമനത്തിലാണ് പൊലീസ്. ക്ഷീണിച്ചപ്പോള്‍ ഉറങ്ങിപ്പോയതാകാമെന്ന് ശാന്തമ്പാറ സി.ഐ അനില്‍ ജോര്‍ജ് പറഞ്ഞു. കുട്ടിക്ക് ആരോഗ്യപ്രശ്‌നങ്ങളില്ലെങ്കിലും നെടുങ്കണ്ടം താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി. ജെസീക്കയുടെ ഒന്നര വയസ്സുള്ള സഹോദരനും മറ്റൊരു കുട്ടിക്കുമൊപ്പമാണ് കളിച്ചുകൊണ്ടിരുന്നത്. സാധാരണ കുട്ടികളെ ഒപ്പം കൂട്ടിയാണ് രക്ഷിതാക്കള്‍ ജോലിക്ക് പോകുന്നത്. 15 തൊഴിലാളികളാണ് ഈ ഏലത്തോട്ടത്തില്‍ ജോലി ചെയ്യുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.