ആലത്തൂരിൽ നിന്ന് കാണാതായ കുട്ടികളെ കോയമ്പത്തൂരില്‍ കണ്ടെത്തിയത് ചെന്നൈയിലേക്ക് ട്രെയിൻ കയറുന്നതിനിടെ
text_fieldsആലത്തൂർ: ദിവസങ്ങൾക്കുമുമ്പ് ആലത്തൂരില്‍നിന്ന് കാണാതായ നാല് കുട്ടികളെ കോയമ്പത്തൂരില്‍ കണ്ടെത്തി. ചെന്നൈയിലേക്ക് ട്രെയിനില്‍ കയറുമ്പോള്‍ റെയിൽവേ സ്റ്റേഷനിലെ ചൈൽഡ് ലൈൻ പ്രവർത്തകർ ഇവരെ തിരിച്ചറിയുകയായിരുന്നു. അവർ ആർ.പി.എഫിന് വിവരം നൽകി. തുടർന്ന് ആലത്തൂര്‍ ഡി.വൈ.എസ്.പി നിയോഗിച്ച പൊലീസ് സംഘത്തിന് കുട്ടികളെ കൈമാറി. കോയമ്പത്തൂരില്‍നിന്ന് രാത്രി ആലത്തൂരിലെത്തിച്ചു.
വൈദ്യപരിശോധന ഉൾപ്പെടെയുള്ളവ സ്വീകരിച്ച് ജില്ല ചൈൽഡ് പ്രൊട്ടക്ഷൻ കമ്മിറ്റി മുമ്പാകെ ഓൺലൈനായി ഹാജരാക്കിയ ശേഷമാകും രക്ഷിതാക്കൾക്കൊപ്പം അയക്കുക. തുടര്‍ന്ന് ഇവര്‍ക്ക് കൗണ്‍സലിങ് നല്‍കും.
നവംബർ മൂന്ന് മുതലാണ് ഒമ്പതാം ക്ലാസിൽ പഠിക്കുന്ന ഇരട്ട സഹോദരികളെയും സഹപാഠികളായ രണ്ടുപേരെയും കാണാതായത്. പാലക്കാട് ബസ് സ്റ്റാൻഡിലൂടെയും മറ്റും നടക്കുന്ന കുട്ടികളുടെ ദൃശ്യങ്ങൾ പൊലീസിന് ലഭിച്ചിരുന്നു. ഇവർ ഗോവിന്ദാപുരം ചെക്ക്പോസ്റ്റ് വഴി കടന്നെന്ന വിവരത്തിെൻറ അടിസ്ഥാനത്തിലാണ് പൊലീസ് തമിഴ്നാട്ടിലേക്ക് അന്വേഷണം വ്യാപിപ്പിച്ചത്.
കുട്ടികളുടെ കൈവശം ആഭരണവും പണവുമുണ്ടായിരുന്നു. എന്തിനാണ് വീട് വിട്ടതെന്നത് സംബന്ധിച്ച് വ്യക്തത വരേണ്ടതുണ്ട്. മറ്റാരുടെയെങ്കിലും പ്രേരണയുണ്ടോ എന്ന കാര്യവും അന്വേഷിക്കുന്നുണ്ട്.
ഡിവൈ.എസ്.പി കെ.എം. ദേവസ്യ നിയോഗിച്ച ആലത്തൂർ പൊലീസ് ഇൻസ്പെക്ടർ റിയാസ് ചാക്കിരിയുടെ നേതൃത്വത്തിലുള്ള സംഘം മൂന്ന് വിഭാഗമായി തിരിഞ്ഞാണ് അന്വേഷണം നടത്തിയിരുന്നത്. പൊള്ളാച്ചി, പഴനി, കോയമ്പത്തൂർ എന്നിവിടങ്ങളിലെല്ലാം പൊലീസ് പരിശോധന നടത്തിയിരുന്നു. ബന്ധുക്കളും പലയിടങ്ങളിലായി അന്വേഷിച്ചിരുന്നു.
കുട്ടികളെ കണ്ടെത്തിയതോടെ ഒരാഴ്ചയോളം നീണ്ട ആശങ്കക്കാണ് വിരാമമായത്. ആലത്തൂരിൽനിന്നുതന്നെ ഫെബ്രുവരിയിൽ കാണാതായ കാവശ്ശേരി സ്വദേശി, ആഗസ്റ്റിൽ കാണാതായ പുതിയങ്കം സ്വദേശിനിയായ വിദ്യാർഥിനി എന്നിവരെ ഇനിയും കണ്ടെത്താനായിട്ടില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.