ആരോഗ്യവകുപ്പിലെ ഫയൽ കാണാതാകൽ: കൃത്യമായ വിവരങ്ങൾ നൽകാൻ പൊലീസ് കത്ത് നൽകി
text_fieldsതിരുവനന്തപുരം: ആരോഗ്യ വകുപ്പിൽനിന്നും അഞ്ഞൂറിലേറെ ഫയലുകൾ കാണാതായ സംഭവത്തിൽ കൃത്യമായ വിവരങ്ങൾ നൽകണമെന്ന് പൊലീസ്. ഇക്കാര്യം ചൂണ്ടിക്കാട്ടി തിരുവനന്തപുരം കന്റോൺമെന്റ് പൊലീസ് ആരോഗ്യ വകുപ്പ് ഡയറക്ടർക്ക് കത്ത് നൽകി. അഞ്ഞൂറിലേറെ ഫയലുകൾ കാണാതായിട്ടും കൃത്യമായ വിവരങ്ങൾ ആരോഗ്യ വകുപ്പ് നൽകിയിട്ടില്ലെന്നും അതിനാൽ കേസെടുക്കാൻ കഴിയുന്നില്ലെന്നും പൊലീസ് ചൂണ്ടിക്കാട്ടുന്നു. ഒരു മാസം മുമ്പാണ് പർച്ചേസുമായി ബന്ധപ്പെട്ട പ്രധാനപ്പെട്ട ഫയലുകൾ ആരോഗ്യവകുപ്പിൽനിന്നും കാണാതായത്. കോവിഡ് കാലത്ത് നടന്ന തിരിമറികളുമായി ബന്ധപ്പെട്ട അന്വേഷണത്തിലെ ഒളിച്ചുകളിക്ക് പിന്നാലെയാണ് ഫയലുകൾ കാണാതായത്.
കാണാതായ ഫയലുകള്‍ കോവിഡ് കാല ഇടപാടുമായി ബന്ധപ്പെട്ടതല്ലെന്നും കേരള മെഡിക്കൽ സർവിസസ് കോർപറേഷൻ ലിമിറ്റഡ് (കെ.എം.എസ്.സി.എല്‍) രൂപവത്കൃതമായതിനു മുമ്പുള്ള ഫയലുകളാണിതെന്നുമുള്ള വിശദീകരണമാണ് ആരോഗ്യമന്ത്രി വീണാ ജോർജ് നൽകുന്നത്. എന്നാൽ, സംഭവത്തിനു പിന്നിൽ ദുരൂഹതയുണ്ടെന്ന് പ്രതിപക്ഷം ആരോപിക്കുന്നു.
ആരോഗ്യവകുപ്പ് ഓഫിസിലെ സ്റ്റോറേജ് സ്പേസിലുള്ള അലമാരയിലാണ് ഫയലുകൾ സൂക്ഷിച്ചിരുന്നത്. സുരക്ഷാ ഉദ്യോഗസ്ഥരും സി.സി ടി.വി ക്യാമറകളും ഉൾപ്പെടെ സംവിധാനങ്ങളുണ്ടായിട്ടും അഞ്ഞൂറിലേറെ ഫയലുകൾ എങ്ങനെ കാണാതായി എന്നത് സംശയാസ്പദമാണ്. വകുപ്പിലെ ഉദ്യോഗസ്ഥരുടെ അനുമതിയോടെ അല്ലാതെ ഇത്രയും ഫയലുകൾ കടത്താനാവില്ലെന്നാണ് വിലയിരുത്തൽ. ഈ ഫയലുകൾ മോഷ്ടിച്ചുകൊണ്ട് പോയിട്ട് വകുപ്പിന് പുറത്തുള്ള ആർക്കും മറ്റു ഗുണമൊന്നുമില്ലെന്നും ചൂണ്ടിക്കാട്ടപ്പെടുന്നു. അതിനാൽ ആരോഗ്യവകുപ്പിനെതന്നെ പ്രതിക്കൂട്ടിലാക്കുന്ന നിലക്കാണ് കാര്യങ്ങൾ.
ആരോഗ്യ വകുപ്പുതന്നെയാണ് ഫയലുകള്‍ കാണാതായെന്ന് പൊലീസില്‍ പരാതി നല്‍കിയത്. വകുപ്പ് സഹകരിക്കുന്നില്ലെന്ന വാദം തെറ്റാണെന്നും മന്ത്രി പറയുന്നു. സംഭവം ധന വകുപ്പും ആന്വേഷിക്കുന്നുണ്ട്. പരാതി സര്‍ക്കാര്‍ ഗൗരവമായി കാണുന്നുണ്ട്. ഇക്കാരണത്താലാണ് ധന വകുപ്പിനോട് അന്വേഷിക്കാന്‍ ആവശ്യപ്പെട്ടത്. തങ്ങൾക്ക് കണ്ടെത്താൻ കഴിയാത്തതിനാലാണ് പൊലീസ് അന്വേഷണം ആവശ്യപ്പെട്ടതെന്നാണ് ആരോഗ്യവകുപ്പ് വൃത്തങ്ങളുടെ വാദം. കാണാതായി എന്ന രീതിയിൽ കേസ് എടുക്കാനാവില്ലെന്നും കളവുപോയി എന്ന തരത്തിലാണെങ്കിലേ നടപടിയെടുക്കാനാവൂ എന്നുമാണ് പൊലീസ് പറയുന്നത്.
കാണാതായത് പഴയ ഫയലുകൾ -മന്ത്രി
പത്തനംതിട്ട: കാണാതായ ഫയലുകൾ കോവിഡ്കാല ഇടപാടുമായി ബന്ധപ്പെട്ടതല്ലെന്ന് മന്ത്രി വീണ ജോർജ്. വളരെ പഴയ, അഞ്ഞൂറിലേറെ ഫയലുകളാണ് കാണാതായതെന്നാണ് അറിയുന്നത്. കേരള മെഡിക്കൽ സർവിസസ് കോർപറേഷൻ രൂപവത്കൃതമായതിന് മുമ്പുള്ളവയാണിത്. മാസങ്ങൾക്കുമുമ്പ് ചുമതലയേറ്റ ഒരു ഉദ്യോഗസ്ഥ നടത്തിയ പരിശോധനയിലാണ് ഇവയിൽ ചിലത് കാണാനില്ലെന്ന് ശ്രദ്ധയിൽപെട്ടതെന്നും മന്ത്രി മാധ്യമപ്രവർത്തകരോട് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.