കേരളത്തിലേക്ക് മടങ്ങാൻ താൽപര്യമില്ലെന്ന് വിശാഖപട്ടണത്ത് കണ്ടെത്തിയ 13കാരി; മടക്കിക്കൊണ്ടുവരാൻ പൊലീസ് നടപടി
text_fieldsകഴക്കൂട്ടം (തിരുവനന്തപുരം): കഴക്കൂട്ടത്തുനിന്ന് കാണാതായി വിശാഖപട്ടണത്ത് കണ്ടെത്തിയ പതിമൂന്നുകാരിയെ മടക്കിക്കൊണ്ടുവരാൻ പൊലീസ് നടപടി ആരംഭിച്ചു. കഴക്കൂട്ടം എസ്.ഐ രഞ്ജിത്തിന്റെ നേതൃത്വത്തിൽ അഞ്ചംഗ പൊലീസ് സംഘം കൊച്ചുവേളി-കോർബ എക്സ്പ്രസിൽ വിശാഖപട്ടണത്തേക്ക് പുറപ്പെട്ടു.
വെള്ളിയാഴ്ച ഉച്ചയോടെ സംഘം കുട്ടിയെ പാർപ്പിച്ചിരിക്കുന്ന സ്ഥലത്തെത്തി ഏറ്റുവാങ്ങും. ആവശ്യമായി വന്നാൽ അവിടത്തെ കോടതിയിൽ ഹാജരാക്കുമെന്നും എ.സി.പി പി. നിയാസ് പറഞ്ഞു. അന്വേഷണ സംഘത്തിന് കുട്ടിയെ കൈമാറണമെന്ന് ആവശ്യപ്പെട്ട് സി.ഡബ്ല്യു.സി വിശാഖപട്ടണത്തെ സി.ഡബ്ല്യു.സിക്ക് ഇ-മെയിൽ അയച്ചിരുന്നു.
നാട്ടിലെത്തിച്ച് വൈദ്യപരിശോധന നടത്തിയ ശേഷം കുട്ടിയെ കോടതിയിൽ ഹാജരാക്കും. തുടർന്ന് സി.ഡബ്ല്യു.സിക്ക് കൈമാറും. കൗൺസലിങ് ഉൾപ്പെടെ നൽകിയശേഷമാകും മാതാപിതാക്കൾക്ക് വിട്ടുകൊടുക്കുക. ആവശ്യമെങ്കിൽ മാതാപിതാക്കൾക്കും കൗൺസലിങ് നൽകുമെന്ന് സി.ഡബ്ല്യു.സി ചെയർപേഴ്സൺ ഷാനിഫ ബീഗം പറഞ്ഞു.
ചൊവ്വാഴ്ച രാവിലെ പത്തോടെയാണ് കഴക്കൂട്ടം വടക്കുംഭാഗത്തെ വാടകവീട്ടിൽനിന്ന് കുട്ടിയെ കാണാതായത്. വൈകീട്ടാണ് രക്ഷാകർത്താക്കൾ പൊലീസിൽ പരാതി നൽകിയത്. ഡി.സി.പിയുടെ നേതൃത്വത്തിൽ പൊലീസ് കേരളത്തിനകത്തും പുറത്തും വ്യാപക തിരച്ചിൽ നടത്തിവരുന്നതിനിടെയാണ് വിശാഖപട്ടണത്ത് കണ്ടെത്തിയെന്ന വിവരം ലഭിച്ചത്. പൊലീസിന്റെ ഇടപെടൽ തൃപ്തികരമായിരുന്നെന്ന് കുട്ടിയുടെ മാതാപിതാക്കൾ പറഞ്ഞു.
അതേസമയം, കേരളത്തിലേക്ക് മടങ്ങാൻ താൽപര്യമില്ലെന്നും ജന്മനാട്ടിൽ പഠനം തുടരാനാണ് ആഗ്രഹമെന്നും പെൺകുട്ടി മലയാളി സമാജം അംഗങ്ങളോട് ആഗ്രഹം അറിയിച്ചത്. അസമിൽ മുത്തച്ഛനും മുത്തശ്ശിക്കുമൊപ്പം കഴിഞ്ഞ് പഠനം തുടരാനാണ് ആഗ്രഹിക്കുന്നത്. കഴക്കൂട്ടത്തെ വീട്ടിലെ അന്തരീക്ഷം ഉൾക്കൊള്ളാനാവില്ല. അവിടെ കഴിയാൻ താൽപര്യമില്ലാത്തതുകൊണ്ടാണ് വീടുവിട്ടിറങ്ങിയതെന്നും കുട്ടി പറഞ്ഞു. വിശാഖപട്ടണത്തുള്ള സംരക്ഷണകേന്ദ്രത്തിലാണ് ഇപ്പോൾ കുട്ടിയുള്ളത്. മകൾ എത്തിയശേഷം അസമിലേക്ക് തിരിച്ചുപോകുമെന്ന് മാതാപിതാക്കൾ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.