Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightവയനാട് ദുരന്തത്തില്‍...

വയനാട് ദുരന്തത്തില്‍ കാണാതായവരെ മരിച്ചവരായി കണക്കാക്കും

text_fields
bookmark_border
Wayanad Landslide
cancel

തിരുവനന്തപുരം: വയനാട് ചൂരല്‍മല- മുണ്ടക്കൈ ഉരുള്‍പൊട്ടലില്‍ കാണാതായവരെ മരിച്ചവരായി കണക്കാക്കുമെന്ന് സര്‍ക്കാര്‍. ദുരന്തബാധിതര്‍ക്ക് ധനസഹായം നല്‍കുന്നതിനായി പ്രാദേശിക സമിതി, സംസ്ഥാനതല സമിതി എന്നിങ്ങനെ രണ്ട് സമിതികള്‍ രൂപീകരിച്ച് സര്‍ക്കാര്‍ ഉത്തരവിറക്കി. തുടർ നടപടികൾ പ്രാദേശിക സമിതിയും സംസ്ഥാനതല സമിതിയുമാണ് നടപ്പിലാക്കുക. പ്രാദേശിക സമിതി ആദ്യം മരിച്ചവരുടെ പട്ടിക തയാറാക്കും.

കാണാതായവരെ മരിച്ചവരായി കണക്കാക്കി അടുത്ത ബന്ധുക്കള്‍ക്ക് നഷ്ടപരിഹാരം നല്‍കുക, മറ്റ് സഹായങ്ങള്‍ നല്‍കുക എന്നിവയാണ് സര്‍ക്കാര്‍ ഉദ്ദേശിക്കുന്നത്. ദുരന്തത്തില്‍ കാണാതായവരെ സംബന്ധിച്ച് പൊലീസ് എഫ്‌.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. കാണാതായവരുടെ കുടുംബത്തിനും സഹായം എന്നത് ദുരിത ബാധിതരുടെ പ്രധാന ആവശ്യമായിരുന്നു. ചൂരല്‍മല മുണ്ടക്കൈ ഉരുള്‍പ്പൊട്ടല്‍ ദുരന്തമുണ്ടായി നാല് മാസം പിന്നിട്ടിട്ടും 32 പേരെയാണ് ഇനിയും കണ്ടെത്താനുള്ളത്.

അടുത്ത ബന്ധുക്കള്‍ക്ക് മരണസര്‍ട്ടിഫിക്കറ്റും അതിന് പിന്നാലെ അവരുടെ കുടുംബങ്ങള്‍ക്ക് ധനസഹായവും വീട് ഉള്‍പ്പടെ മറ്റ് സഹായങ്ങള്‍ക്കും അര്‍ഹരാക്കി കൊണ്ടുള്ള നടപടിക്രമങ്ങള്‍ ആരംഭിക്കും. വില്ലേജ് ഓഫീസര്‍, പഞ്ചായത്ത് സെക്രട്ടറി, പൊലീസ് സ്‌റ്റേഷന്‍ എസ്.എച്ച്.ഒ എന്നിവര്‍ ഉള്‍പ്പെട്ടതാണ് പ്രാദേശിക സമിതി. തുടര്‍ന്ന് ഈ പട്ടിക ദുരന്ത നിവാരണ അതോറിറ്റിക്ക് കൈമാറും. ഇവരാണ് വിവരങ്ങള്‍ സംസ്ഥാന സമിതിക്ക് കൈമാറുക.

ഉരുൾ ദുരന്തം:മരണ സർട്ടിഫിക്കറ്റ് നടപടികൾ ഇങ്ങനെ

വ്യക്തിയുടെ ഏറ്റവും അടുത്ത ബന്ധു അദ്ദേഹം താമസിച്ചിരുന്ന സ്ഥലത്തെ പൊലീസ് സ്റ്റേഷനിൽ റിപ്പോർട്ട് ചെയ്യണമെന്നതാണ് ആദ്യപടി. കാണാതായ വ്യക്തിയെ സംബന്ധിച്ച് തഹസിൽദാർ അല്ലെങ്കിൽ സബ്‌ഡിവിഷനൽ മജിസ്ട്രേറ്റ് വിശദമായ അന്വേഷണം നടത്തും.

അന്വേഷണത്തിന്റെ അടിസ്ഥാനത്തിൽ തഹസിൽദാർ /സബ്ഡിവിഷനൽ മജിസ്ട്രേറ്റ്, കാണാതായ വ്യക്തിയെ മരണപ്പെട്ടതായുള്ള താൽക്കാലിക നിഗമനം സംബന്ധിച്ച് കാര്യകാരണ സഹിതം ഉത്തരവ് പുറപ്പെടുവിക്കും. മരിച്ചതായി പ്രഖ്യാപിക്കുന്നതിന് വ്യക്തികളുടെ പട്ടിക ദിനപത്രത്തിലും ഔദ്യോഗിക ഗസറ്റിലും സർക്കാർ വെബ് സൈറ്റിലും ആക്ഷേപാഭിപ്രായങ്ങൾ ക്ഷണിക്കാൻ മലയാളത്തിലും ഇംഗ്ലീഷിലും പ്രസിദ്ധീകരിക്കണം.

ആക്ഷേപാഭിപ്രായങ്ങൾ സമർപ്പിക്കുന്നതിന് 30 ദിവസത്തെ സമയം അനുവദിക്കും.

നിശ്ചിത സമയപരിധിക്കകം ആക്ഷേപാഭിപ്രായങ്ങൾ ലഭിക്കാത്ത പക്ഷം ബന്ധപ്പെട്ട വ്യക്തിയുടെ മരണ സർട്ടിഫിക്കറ്റ് അനുവദിക്കുന്നതിനായി വിശദ വിവരങ്ങൾ ഉൾപ്പെടെയുള്ള ഉത്തരവ് തഹസിൽദാർ/സബ്‌ഡിവിഷനൽ മജിസ്ട്രേറ്റ്, ജനന-മരണ രജിസ്ട്രാർക്ക് നൽകണം.

ഇതിന്‍റെ അടിസ്ഥാനത്തിൽ രജിസ്ട്രാർ മരണം രജിസ്റ്റർ ചെയ്ത് സർട്ടിഫിക്കറ്റ് അനുവദിക്കും. മരിച്ചയാളിന്റെ അടുത്ത ബന്ധുവിന് മരണ സർട്ടിഫിക്കറ്റ് സൗജന്യമായി നൽകും. ഒപ്പം പ്രഥമ വിവരം റിപ്പോർട്ട് ചെയ്ത പൊലീസ് സ്റ്റേഷനിലേക്ക് സർട്ടിഫിക്കറ്റ് അയച്ചുനൽകും.

ആക്ഷേപാഭിപ്രായങ്ങൾ ലഭിക്കുന്ന കേസുകളിൽ സംസ്ഥാന സർക്കാർ ചുമതലപ്പെടുത്തുന്നതും തഹസിൽദാർ/സബ്‌ഡിവിഷനൽ മജിസ്ട്രേറ്റിന്‍റെ തൊട്ടു മുകളിലുള്ളതുമായ ഉദ്യോഗസ്ഥനാണ് നടപടി സ്വീകരിക്കേണ്ടത്.

ദുരന്ത സമയത്ത് ദുരിതബാധിത ഗ്രാമങ്ങളിൽപെട്ട് കാണാതായ മറ്റ് ജില്ലകളിലെ താമസക്കാരെയും മറ്റ് സംസ്ഥാനങ്ങളിൽ നിന്നുള്ള വിനോദ സഞ്ചാരികളെയും സംബന്ധിച്ച് അടുത്ത ബന്ധുക്കൾ എഫ്.ഐ.ആർ സമർപ്പിക്കണം.

ധനസഹായത്തിനുള്ള നടപടി

ഉരുൾപൊട്ടലിൽ കാണാതായവരുമായി ബന്ധപ്പെട്ട് രജിസ്റ്റർ ചെയ്ത എഫ്.ഐ.ആർ വിശദാംശങ്ങൾ പൊലീ‌സ് സ്റ്റേഷനിൽ നിന്നും റവന്യൂ ഉദ്യോഗസ്ഥർ നേരിട്ട് ശേഖരിക്കും. എഫ്.ഐ.ആർ പരിശോധിച്ച് പ്രത്യേക അന്വേഷണ റിപ്പോർട്ട് തയാറാക്കുകയും ഇതിൽ കാണാതായ വ്യക്തിയെ കണ്ടെത്താൻ കഴിഞ്ഞിട്ടില്ലെന്ന് രേഖപ്പെടുത്തുകയും ചെയ്യും. ഇതനുസരിച്ച് പട്ടിക തയാറാക്കുന്നതിനാണ് പ്രാദേശികതലസമിതി രൂപവത്കരിക്കുന്നത്.

പ്രാദേശികതല സമിതി

വില്ലേജ് ഓഫിസർ, പഞ്ചായത്ത് സെക്രട്ടറി, പൊലീസ് സ്റ്റേഷൻ ഹൗസ് ഓഫിസർ എന്നിവരാണ് പ്രദേശികതല സമിതിയിലെ അംഗങ്ങൾ. ഈ സമിതി കാണാതായവരുടെ പട്ടിക തയാറാക്കി ജില്ല ദുരന്ത നിവാരണ അതോറിറ്റിക്ക് സമർപ്പിക്കണം. ജില്ല ദുരന്ത നിവാരണ അതോറിറ്റി പട്ടിക പരിശോധിച്ച് വ്യക്തമായ ശിപാർശ സഹിതം സംസ്ഥാനതല സമിതിക്ക് സമർപ്പിക്കും. ജില്ല ദുരന്ത നിവാരണ അതോറിറ്റി പട്ടിക സൂക്ഷ്മ പരിശോധനക്കായി സംസ്ഥാനതല സമിതിക്കും കൈമാറും.

സംസ്ഥാനതല സമിതി

ആഭ്യന്തര വകുപ്പ് അഡീഷനൽ ചീഫ് സെക്രട്ടറി, റവന്യൂ-ദുരന്തനിവാരണ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി തദ്ദേശവകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി എന്നിവരാണ് സംസ്ഥാനതല സമിതിയിലുള്ളത്. ഈ സമിതിയുടെ സൂക്ഷ്മപരിശോധനക്ക് ശേഷം റിപ്പോർട്ട് സർക്കാറിന് സമർപ്പിക്കും. പട്ടികയിൽ ഉൾപ്പെട്ടവരെ മരിച്ചവരായി കണക്കാക്കി ധനസഹായം അനുവദിച്ച് സർക്കാർ ഉത്തരവ് പുറപ്പെടുവിക്കും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:MissingWayanad Landslide
News Summary - missing in the Wayanad Landslide will be treated as dead
Next Story