കാത്തിരിപ്പ് വിഫലം... ഓടയിൽ വീണ ശശിയുടെ മൃതദേഹം കണ്ടെത്തി
text_fieldsകോഴിക്കോട്: ജീവനോടെ തിരിച്ചെത്തുമെന്ന നാടിന്റെ പ്രതീക്ഷ വഫലമാക്കി ഓടയിൽ കാണാതായ മധ്യവയസ്കന്റെ മൃതദേഹം കണ്ടെത്തി. ഇന്നലെ രാത്രി എട്ടരയോടെ കനത്ത മഴയിൽ ഓവുചാലിൽ ഒഴുക്കിൽപെട്ട് കാണാതായ കോഴിക്കോട് മെഡിക്കൽ കോളജിന് സമീപം കോവൂർ-പാലാഴി എം.എൽ.എ റോഡിൽ മണലേരിത്താഴം കളത്തുംപൊയിൽ ശശി(58)യുടെ മൃതദേഹമാണ് കണ്ടെടുത്തത്. ഇദ്ദേഹത്തെ കാണാതായ സ്ഥലത്തുനിന്ന് ഒരുകിലോമീറ്റർ മാറി പാലാഴിയിലാണ് മൃതദേഹം കണ്ടെത്തിയത്.
ഇന്നലെ രാത്രി ഏറെ വൈകി തെരച്ചിൽ നടത്തിയിട്ടും ഫലം കണ്ടിരുന്നില്ല. ഇദ്ദേഹത്തിന് വേണ്ടി മെഡിക്കൽ കോളജ് പൊലീസും അഗ്നിരക്ഷാ സേനയും രാവിലെ തെരച്ചിൽ തുടങ്ങിയ ഉടനെയാണ് മൃതദേഹം കണ്ടെടുത്തത്. ഞായറാഴ്ച രാത്രി എട്ടരയോടെയാണ് ശശിയെ കാണാതായത്. കൽപണി തൊഴിലാളിയായ ശശി വീടിനുസമീപത്തെ ബസ് സ്റ്റോപ്പിൽ സുഹൃത്തിനൊപ്പം ഇരിക്കുകയായിരുന്നു. കനത്ത മഴയുടെ ശക്തി കുറഞ്ഞതിനെതുടർന്ന് എഴുന്നേറ്റ് വീട്ടിലേക്ക് പോകാനൊരുങ്ങവേ കാൽ വഴുതി ഓവുചാലിലേക്ക് വീഴുകയായിരുന്നുവെന്നാണ് പറയുന്നത്. ശക്തമായ മഴയിൽ ഓവുചാൽ നിറഞ്ഞുകവിഞ്ഞ നിലയിലായിരുന്നു.
ഒഴുക്കിൽപെട്ട ശശിയെ രക്ഷിക്കാൻ സുഹൃത്ത് ശ്രമിച്ചെങ്കിലും കഴിഞ്ഞില്ല. ശബ്ദംവെച്ചതിനെത്തുടർന്ന് സമീപവാസികൾ ഓടിക്കൂടി രക്ഷാപ്രവർത്തനത്തിന് ശ്രമിച്ചെങ്കിലും കണ്ടെത്താനായില്ല. കോവൂർ, മെഡിക്കൽ കോളജ് ഭാഗങ്ങളിലെ വെള്ളം ഒഴുകിയെത്തുന്നത് ഈ ഓവുചാലിലൂടെയാണ്. ഒരാളേക്കാൾ ആഴമുള്ള ഓവുചാലിലിറങ്ങിയാണ് അഗ്നിരക്ഷസേനയും നാട്ടുകാരും തിരച്ചിൽ നടത്തിയത്. പാലാഴി മാമ്പുഴയിലാണ് ഓവുചാൽ പതിക്കുന്നത്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.