കാണാതായ സൂപ്പർ മാർക്കറ്റ് ജീവനക്കാരി വനത്തിൽ കൊല്ലപ്പെട്ട നിലയിൽ; സഹപ്രവർത്തകൻ അറസ്റ്റിൽ
text_fieldsഅതിരപ്പിള്ളി (തൃശൂർ): കാണാതായ അങ്കമാലിയിലെ സൂപ്പർ മാർക്കറ്റ് ജീവനക്കാരി തുമ്പൂർമുഴിയിൽ വനത്തിൽ കൊല്ലപ്പെട്ട നിലയിൽ. കൂടെ ജോലി ചെയ്തയാളെ പൊലീസ് അറസ്റ്റ് ചെയ്തു. അങ്കമാലി പാറക്കടവ് പരുത്തിച്ചുവട് സനലിന്‍റെ ഭാര്യ ആതിരയാണ് (26) കൊല്ലപ്പെട്ടത്.
ഇടുക്കി വെള്ളത്തൂവൽ പാപ്പനശ്ശേരിൽ അഖിലാണ് (32) അറസ്റ്റിലായത്. ആതിരയുടെ മാല തിരികെ ചോദിച്ചതിനാണ് കൊലപ്പെടുത്തിയതെന്ന് പൊലീസ് പറഞ്ഞു. കഴിഞ്ഞമാസം 29നാണ് ആതിരയെ കാണാതായത്. കേസെടുത്ത് അന്വേഷിച്ച കാലടി പൊലീസ്, ഫോൺ നമ്പർ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് അഖിൽ പിടിയിലായത്.
അങ്കമാലിയിലെ സൂപ്പർ മാർക്കറ്റിലെ സെയിൽസ് ഗേളായിരുന്ന ആതിര അവിടെ ജോലി ചെയ്തിരുന്ന അഖിലുമായി ആറുമാസമായി അടുപ്പത്തിലായിരുന്നത്രെ. തുടർന്ന് അഖിൽ ആതിരയുടെ സ്വർണമാല പണയപ്പെടുത്താൻ വാങ്ങിയിരുന്നു. ആതിര പിന്നീട് ഇത് തിരികെ ചോദിച്ചു. ഇതിലുള്ള ദേഷ്യത്തിൽ അഖിൽ കൊലപാതകം ആസൂത്രണം ചെയ്യുകയായിരുന്നെന്ന് പൊലീസ് പറയുന്നു.
29ന് ആതിരയെ അതിരപ്പിള്ളിയിലേക്ക് വാടകക്കാറിൽ കൊണ്ടുപോയി. തിരിച്ചുവരുമ്പോൾ ഷാൾ ഉപയോഗിച്ച് കഴുത്ത് ഞെരിച്ച് കൊല്ലുകയായിരുന്നെന്ന് പ്രതി സമ്മതിച്ചതായി പൊലീസ് അറിയിച്ചു. മൃതദേഹം തുമ്പൂർമുഴി വനത്തിലെ പാറയിടുക്കിൽ കരിയിലകൾ മൂടി ഒളിപ്പിച്ചുവെച്ചു.
ആതിരയുടെ ഫോൺ നമ്പറിൽനിന്ന് അന്നേ ദിവസം അഖിലിന് കൂടുതൽ വിളികൾ പോയതായി പൊലീസ് കണ്ടെത്തി. ഇതോടെ ഇയാളെ ചോദ്യം ചെയ്തു. ആദ്യം നിഷേധിച്ചെങ്കിലും വെള്ളിയാഴ്ച കുറ്റസമ്മതം നടത്തി. തുടർന്ന് അഖിലിനെയും കൊണ്ട് സ്ഥലത്തെത്തി മൃതദേഹം കണ്ടെത്തുകയായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.