മിഷൻ അന്ത്യോദയ: സംസ്ഥാനതലത്തിൽ ഒന്നാം സ്ഥാനം ആലത്തൂരിന്
text_fieldsആലത്തൂർ: കേന്ദ്ര സർക്കാറിെൻറ ഗ്രാമപഞ്ചായത്ത് വികസന പദ്ധതി (ജി.പി.ഡി.പി) യുടെ ഭാഗമായി നടന്ന മിഷൻ അന്ത്യോദയ സർവേയിൽ സംസ്ഥാനത്ത് 85 മാർക്കോടെ ഒന്നാം സ്ഥാനവും ദേശീയ റാങ്കിങ്ങിൽ ആറാം സ്ഥാനവും ആലത്തൂർ പഞ്ചായത്ത് നേടി. 84 മാർക്കുള്ള ഉള്ള തിരുവനന്തപുരം ജില്ലയിലെ നേമം ബ്ലോക്കിലെ കല്ലിയൂർ ആണ് രണ്ടാം സ്ഥാനത്ത്. കഴിഞ്ഞവർഷത്തെ സർവേയിൽ 82 മാർക്ക് നേടിയ ആലത്തൂർ പാലക്കാട് ജില്ലയിൽ ഒന്നാമതും സംസ്ഥാനത്ത് നാലാം സ്ഥാനത്തും ആയിരുന്നു.
പാലക്കാട് ജില്ലയിൽ 79 മാർക്ക് വീതം നേടിയ വടക്കഞ്ചേരി, എരുമയൂർ എന്നീ ഗ്രാമപഞ്ചായത്തുകളാണ് രണ്ടാം സ്ഥാനത്തുള്ളത്. ഇവർ സംസ്ഥാന റാങ്കിങ്ങിൽ ഏഴാം സ്ഥാനത്തും ദേശീയ റാങ്കിങ്ങിൽ പന്ത്രണ്ടാം സ്ഥാനത്തുമാണ്. ആലത്തൂർ ബ്ലോക്ക് പഞ്ചായത്തിനു കീഴിലുള്ള എല്ലാ ഗ്രാമപഞ്ചായത്തുകളും 70 മാർക്കിനു മുകളിൽ നേടി ജില്ലയിൽ ഒമ്പതാം സംസ്ഥാനത്തും എത്തി. കെ.ഡി. പ്രസേനൻ എം.എൽ.എ, ബ്ലോക്ക് പഞ്ചായത്ത് അധ്യക്ഷ രജനിബാബു, എന്നിവർ ഉയർന്ന റാങ്കുകൾ നേടിയ അലത്തൂർ ബ്ലോക്ക് പഞ്ചായത്തിലെ ഗ്രാമപഞ്ചായത്തുകളെ അനുമോദിച്ചു.
കഴിഞ്ഞ വർഷത്തെ മിഷൻ അന്ത്യോദയ വികസനത്തിലെ പോരായ്മകൾ മനസ്സിലാക്കി പദ്ധതികൾ ആസൂത്രണം ചെയ്തതിനാലാണ് നേട്ടം കൈവരിക്കാനായതെന്ന് ബ്ലോക്ക് അസിസ്റ്റൻറ് പ്ലാൻ കോ ഓഡിനേറ്റർ എ. ഉമ്മർ ഫാറൂക്ക് പറഞ്ഞു.
ഗ്രാമീണ മേഖലയിലെ സുസ്ഥിര വികസനം ലക്ഷ്യമിട്ട് 39 മേഖലകളാണ് റാങ്കിങ്ങിനായി പഠനവിധേയമാക്കിയത്. മിഷൻ അന്ത്യോദയയിലൂടെ കണ്ടെത്തുന്ന വികസന പോരായ്മകൾ നികത്തുന്നതിനായുള്ള പദ്ധതികൾക്ക് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ മുൻഗണന നൽകണമെന്ന് കേരള സർക്കാർ പദ്ധതി ആസൂത്രണ മാർഗനിർദേശങ്ങളിലൂടെ ആവശ്യപ്പെട്ടിട്ടുണ്ട്.
കേരളത്തിൽ സ്ഥിതിവിവര കണക്ക് വകുപ്പ് ആണ് വിവരശേഖരണം നടത്തിയത്. ആലത്തൂർ ബ്ലോക്കിൽ എക്സ്റ്റൻഷൻ ഓഫിസർ (പ്ലാനിങ് ആൻഡ് മോണിറ്ററിങ്) എ. ഉമ്മർ ഫാറൂക്കിെൻറ മേൽനോട്ടത്തിൽ താലൂക്ക് സ്റ്റാറ്റിസ്റ്റിക്കൽ ഓഫിസിലെ ഇൻവെസ്റ്റിഗേറ്റർമാരാണ് സർവേ നടത്തിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.