വ്യക്തിപരമായ താൽപര്യങ്ങൾക്കു മുകളിലാണ് പാർട്ടി ഏൽപ്പിച്ച ദൗത്യം, പാലക്കാടിനോട് വൈകാരിക അടുപ്പം -ഷാഫി പറമ്പിൽ
text_fieldsപാലക്കാട്: വ്യക്തിപരമായ താൽപര്യങ്ങൾക്കു മുകളിലാണ് പാർട്ടി ഏൽപ്പിച്ച ദൗത്യമെന്ന് ലോക്സഭാ തിരഞ്ഞെടുപ്പിൽ വടകരയിലെ കോൺഗ്രസ് സ്ഥാനാർഥി ഷാഫി പറമ്പിൽ. ലോക്സഭാ തിരഞ്ഞെടുപ്പിൽ വടകരയിൽനിന്നുള്ള കോൺഗ്രസ് സ്ഥാനാർഥിയായി പ്രഖ്യാപിച്ച ശേഷം മാധ്യമങ്ങളോട് സംസാരിക്കവേയാണ് ഷാഫി ഇക്കാര്യം പറഞ്ഞത്.
അതിനിർണായക തിരഞ്ഞെടുപ്പിൽ കോൺഗ്രസ് തിരിച്ചുവരേണ്ടത് പ്രധാനമാണ്. കോൺഗ്രസ് ശക്തിപ്പെടുക എന്നുപറഞ്ഞാൽ അത് രാജ്യം ശക്തിപ്പെടുക എന്നാണ്. വിശാലമായ ജനാധിപത്യ പ്രക്രിയയാണ് തെരഞ്ഞെടുപ്പ് എന്നുപറഞ്ഞ ഷാഫി, തന്റെ പ്രവർത്തന മേഖലയായ പാലക്കാടിനോട് പദവികൾക്കപ്പുറം വൈകാരികമായ അടുപ്പമാണുള്ളതെന്നും കൂട്ടിച്ചേർത്തു.
39 സീറ്റുകളിലെ കോൺഗ്രസ് സ്ഥാനാർഥികളെയാണ് ഇന്ന് ഡൽഹിയിൽ പ്രഖ്യാപിച്ചത്. അതിൽ ഷാഫി ഉൾപ്പെടെ കേരളത്തിലെ 16 സീറ്റുകളിലെ സ്ഥാനാർഥികളും പെടുന്നു. ഛത്തീസ്ഗഡ്, കർണാടക, മേഘാലയ, നാഗാലാൻഡ്, സിക്കിം, തെലങ്കാന, ത്രിപുര എന്നീ സംസ്ഥാനങ്ങളിലെ ചില സീറ്റുകളിലും ഇന്ന് സ്ഥാനാർഥികളെ പ്രഖ്യാപിച്ചു.
കേരളത്തിലെ കോൺഗ്രസ് സ്ഥാനാർഥികൾ: തിരുവനന്തപുരം - ശശി തരൂർ, ആറ്റിങ്ങൽ - അടൂർ പ്രകാശ്, പത്തനംതിട്ട - ആന്‍റോ ആന്‍റണി, മാവേലിക്കര - കൊടിക്കുന്നിൽ സുരേഷ്, ആലപ്പുഴ - കെ.സി. വേണുഗോപാൽ, ഇടുക്കി - ഡീൻ കുര്യക്കോസ്, എറണാകുളം -ഹൈബി ഈഡൻ, ചാലക്കുടി - ബെന്നി ബഹനാൻ, തൃശൂർ - കെ. മുരളീധരൻ, ആലത്തൂർ - രമ്യ ഹരിദാസ്, പാലക്കാട് -വി.കെ. ശ്രീകണ്ഠൻ, കോഴിക്കോട് - എം.കെ. രാഘവൻ, വടകര - ഷാഫി പറമ്പിൽ, വയനാട് - രാഹുൽ ഗാന്ധി, കണ്ണൂർ - കെ. സുധാകരൻ, കാസർകോട് - രാജ്മോഹൻ ഉണ്ണിത്താൻ.
യു.ഡി.എഫ് ഘടകകക്ഷികളായ മുസ്‍ലിം ലീഗിന്‍റെ മലപ്പുറം സീറ്റിൽ ഇ.ടി. മുഹമ്മദ് ബഷീറും പൊന്നാനിയിൽ എം.പി. അബ്ദുസ്സമദ് സമദാനിയും മത്സരിക്കും. ആർ.എസ്.പിയുടെ കൊല്ലം സീറ്റിൽ സിറ്റിങ് എം.പി എം.കെ. പ്രേമചന്ദ്രനും കോട്ടയം സീറ്റിൽ കേരള കോൺഗ്രസിലെ ഫ്രാൻസിസ് ജോർജുമാണ് സ്ഥാനാർഥികൾ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.