കബനി നദി കടന്ന് ബേലൂർ മഗ്ന വീണ്ടും ജനവാസ മേഖലയിലെത്തി, മടങ്ങി; ജാഗ്രതാ നിർദേശം
text_fieldsകൽപറ്റ: വയനാട് പടമലയിൽ അജീഷിനെ കൊലപ്പെടുത്തിയ കാട്ടാന ബേലൂർ മഗ്ന വീണ്ടും ജനവാസ കേന്ദ്രത്തിലെത്തി. കർണാടക വനത്തിൽ നിന്നും കബനി നദി കടന്ന് പുലർച്ചെ അഞ്ച് മണിയോടെ മുള്ളൻകൊല്ലി പഞ്ചായത്തിലെ മരക്കടവിലാണ് ആനയെത്തിയത്. പത്തേക്കർ ജോസിന്‍റെ തെങ്ങിൽതോട്ടത്തിലും മരക്കടവ് പള്ളി തോട്ടത്തിലും എത്തിയ ആനയെ വനപാലകർ മറുകരയായ മച്ചൂരിലേക്ക് തുരത്തി. വനപാലക സംഘം സ്ഥലത്ത് ആനയെ നിരീക്ഷിക്കുന്നുണ്ട്. ആളുകൾ പുറത്തിറങ്ങാതെ ജാഗ്രത പാലിക്കണമെന്ന് അധികൃതര്‍ മുന്നറിയിപ്പ് നൽകി.
ഇന്നലെ രാത്രി ബൈരക്കുപ്പ ഭാഗത്തേക്ക് നീങ്ങിയ ആനയാണ് പുഴ കടന്ന് വീണ്ടും കേരളത്തിലെത്തിയത്. നിലവിൽ ആനയുള്ള മച്ചൂരും ജനവാസ മേഖലയാണ്.
അതേസമയം, രൂക്ഷമായ വന്യജീവി ആക്രമണ പശ്ചാത്തലത്തിൽ വയനാട്ടിൽ ഇന്ന് വിവിധ വകുപ്പ് മന്ത്രി മാരുടെ നേതൃത്വത്തിൽ സർവകക്ഷിയോഗം ചേരും. വന്യജീവി ആക്രമണം നേരിട്ടവരുടെ കുടുംബാംഗങ്ങളെ സംഘം സന്ദർശിക്കും. കേന്ദ്ര, സംസ്ഥാന സർക്കാറുകൾ നടപടി സ്വീകരിക്കുന്നില്ലെന്ന് ആരോപിച്ച് യു.ഡി.എഫ് ഇന്ന് പ്രതിഷേധിക്കും.
രാവിലെ പത്തിന് സുൽത്താൻബത്തേരി നഗരസഭ കോൺഫറൻസ് ഹാളിൽ ആണ് യോഗം. തദ്ദേശസ്ഥാപനങ്ങളിലെ ജനപ്രതിനിധികളുമായും മന്ത്രിമാർ കൂടിക്കാഴ്ച നടത്തും. തുടർന്ന് വന്യജീവി ആക്രമണം നേരിട്ടവരുടെ കുടുംബാംഗങ്ങളെ മന്ത്രിതല സംഘം സന്ദർശിക്കും. വനം, റവന്യൂ, തദ്ദേശ വകുപ്പ് മന്ത്രിമാരാണ് യോഗത്തിന് നേതൃത്വം നൽകുന്നത്.
ഫെബ്രുവരി 10നാണ് മാനന്തവാടി പടമലയിൽ ട്രാക്ടര്‍ ഡ്രൈവറായയ പനച്ചിയില്‍ അജീഷ് (45) ആനയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ടത്. ജനവാസ മേഖലയിലിറങ്ങിയ റേഡിയോ കോളർ ഘടിപ്പിച്ച ബേലൂർ മഗ്നയെന്ന മോഴയാനയെ വനംവകുപ്പും നാട്ടുകാരും ചേർന്ന് തുരത്താൻ ശ്രമിക്കുന്നതിനിടെയാണ് അജീഷ് ആനയുടെ മുന്നിൽപ്പെട്ടത്. തുടർന്ന് വയനാട്ടിലാകെ വ്യാപക പ്രതിഷേധമുയർന്നിരുന്നു. ഇതിന് പിന്നാലെ കുറുവ എക്കോ ടൂറിസം ജീവനക്കാരനായ പാക്കം സ്വദേശി പോൾ മറ്റൊരു കാട്ടാനയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടിരുന്നു. തുടർന്ന് കനത്ത ജനരോഷമാണ് ജില്ലയിലുടനീളം ഉയരുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.