മലയോര മേഖലയിലെ പട്ടയ വിതരണത്തിന് മിഷൻ
text_fieldsപട്ടിക്കാട്: മലയോര മേഖലയിലെ പട്ടയവിതരണം പൂർത്തിയാക്കുന്നതിന് മിഷൻ ആരംഭിക്കുമെന്ന് റവന്യൂമന്ത്രി കെ. രാജൻ. സംസ്ഥാനത്തെ മുഴുവൻ പട്ടികജാതി-പട്ടികവർഗ വിഭാഗങ്ങളെയും ഭൂമിയുടെ ഉടമകളാക്കാനുള്ള നടപടികളുമായാണ് സർക്കാർ മുന്നോട്ടുപോകുന്നത്.
മലയോര മേഖലയിലെ പട്ടയം വിതരണം സുപ്രധാന മിഷനായി ഏറ്റെടുത്ത് രണ്ട് വർഷത്തിനുള്ളിൽ പൂർത്തിയാക്കാനുള്ള ശ്രമങ്ങളാണ് നടത്തുന്നതെന്നും മന്ത്രി പറഞ്ഞു. താമര വെള്ളച്ചാൽ എസ്.സി കമ്യൂണിറ്റി ഹാളിന്റെ നിർമാണോദ്ഘാടനം നിർവഹിക്കുകയായിരുന്നു മന്ത്രി.
കഴിഞ്ഞ സർക്കാറിന്റെ കാലത്ത് 1,77,000 പേർക്ക് പട്ടയം നൽകാനായി. കോവിഡ് പ്രതിസന്ധിക്കിടയിലും ഈ ഒരുവർഷത്തിൽ 54,535 പേരെയാണ് ഭൂമിയുടെ അവകാശികളാക്കാനായത്. സിയാലിന്റെ സി.എസ്.ആർ ഫണ്ടിൽനിന്നുള്ള 20 ലക്ഷം രൂപ ഉപയോഗിച്ചാണ് താമര വെള്ളച്ചാൽ കോളനിയിൽ കമ്യൂണിറ്റി ഹാൾ നിർമിക്കുന്നത്.
നിർമിതികേന്ദ്രത്തിനാണ് നിർമാണ ചുമതല. പാണഞ്ചേരി പഞ്ചായത്ത് പ്രസിഡന്റ് പി.പി. രവീന്ദ്രൻ അധ്യക്ഷത വഹിച്ചു. നിർമിതി കേന്ദ്രം എൻജിനീയർ സതിദേവി, വാർഡ് മെംബർ അജിത മോഹൻദാസ്, വാർഡ് കൺവീനർ ബിജുമോൻ, എസ്.സി കൂട്ടായ്മ സെക്രട്ടറി ഹരികുമാർ, ജനപ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.