ദുരിതാശ്വാസനിധി ദുർവിനിയോഗം: ലോകായുക്ത ഉത്തരവിനെതിരായ ഹരജി വിശദ വാദത്തിന് മാറ്റി
text_fieldsകൊച്ചി: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധി ദുർവിനിയോഗവുമായി ബന്ധപ്പെട്ട ലോകായുക്ത ഉത്തരവിനെതിരായ ഹരജി ഹൈകോടതി വിശദ വാദത്തിനായി മാറ്റി.
ദുരിതാശ്വാസ നിധിയിൽനിന്ന് അനർഹർക്ക് സഹായം നൽകിയെന്നാരോപിച്ച് മുഖ്യമന്ത്രിക്കും 18 മന്ത്രിമാർക്കുമെതിരെ ലോകായുക്തയെ സമീപിച്ച ആർ.എസ്. ശശികുമാർ നൽകിയ ഹരജിയാണ് ആക്ടിങ് ചീഫ് ജസ്റ്റിസ് എസ്.വി. ഭട്ടി, ജസ്റ്റിസ് ബസന്ത് ബാലാജി എന്നിവരടങ്ങുന്ന ഡിവിഷൻബെഞ്ച് പരിഗണിച്ചത്. പരാതി ഫുൾബെഞ്ചിന് വിട്ട ലോകായുക്ത ഡിവിഷൻ ബെഞ്ചിന്റെ ഉത്തരവ് ചോദ്യംചെയ്താണ് ഹരജി.
ലോകായുക്ത ഫുൾബെഞ്ച് ജൂൺ അഞ്ചിന് പരാതി പരിഗണിക്കുന്നുണ്ടെന്ന് ഹരജിക്കാരന്റെ അഭിഭാഷകൻ ചൂണ്ടിക്കാട്ടിയെങ്കിലും വിശദമായി വാദം കേൾക്കേണ്ടതുണ്ടെന്ന് പറഞ്ഞാണ് ഏഴിലേക്ക് മാറ്റിയത്. ലോകായുക്തക്ക് ഹരജി പരിഗണിക്കാനാവുമോയെന്ന തർക്കം കേസിന്റെ ആദ്യഘട്ടത്തിൽതന്നെ ഫുൾബെഞ്ച് പരിഗണിച്ച് വാദം കേൾക്കാൻ കഴിയുമെന്ന് വ്യക്തമാക്കിയിരുന്നു. തുടർന്ന് വിശദമായി വാദംകേട്ട് 2022 മാർച്ച് 18ന് ഹരജി വിധിപറയാൻ മാറ്റി. എന്നാൽ, ഒരുവർഷം കഴിഞ്ഞിട്ടും വിധി പറയാത്തതിനാൽ ഹരജിക്കാരൻ ഹൈകോടതിയെ സമീപിച്ചു. പിന്നീട് 2023 മാർച്ച് 31ന് വിഷയം ലോകായുക്തയുടെ ഫുൾബെഞ്ചിന് വിട്ട് വിധിപറഞ്ഞു. ലോകായുക്തക്ക് ഈ വിഷയം പരിഗണിക്കാനാവുമോയെന്നതിൽ ജഡ്ജിമാർക്കിടയിൽ തർക്കമുള്ളതിനാലാണ് ഫുൾബെഞ്ചിന് വിടുന്നതെന്നും വ്യക്തമാക്കിയിരുന്നു.
ഇതിനെയാണ് ഹരജിക്കാരൻ ചോദ്യംചെയ്യുന്നത്. ഒരുതവണ ഫുൾബെഞ്ച് പരിഗണിച്ച് തീരുമാനമെടുത്ത വിഷയം വീണ്ടും ഫുൾബെഞ്ചിന് വിടുന്നത് നിയമപരമല്ലെന്നാണ് വാദം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.