സർക്കാർ വാഹന ദുരുപയോഗം: തൊടുപുഴ മുൻ റേഞ്ച് ഓഫിസർ 8531 രൂപ സർക്കാരിലേക്ക് അടക്കണമെന്ന് റിപ്പോർട്ട്
text_fieldsകോഴിക്കോട് : സർക്കാർ വാഹനം ദുരുപയോഗം ചെയ്തതിൽ തൊടുപുഴ ഫ്ലൈയിങ് സ്ക്വാഡ് ഫോറസ്റ്റ് മുൻ റേഞ്ച് ഓഫിസർ ടി.ടി ബിനീഷ് കുമാർ 8,531 രൂപ സർക്കാരിലേക്ക് അടക്കണമെന്ന് ധനകാര്യ റിപ്പോർട്ട്. ഓഫീസിലെ വാഹന ദുരുപയോഗം ചെയ്യുന്നതായി പരാതി ലഭിച്ചതിനെ തുടർന്നാണ് അന്വേഷണം നടത്തിയത്. ഓഫിസർ സ്വകാര്യ ആവശ്യത്തിനും തടിമില്ലുകൾ, തടി വണ്ടികൾ എന്നിവയിൽനിന്ന് പണപ്പിരിവ് നടത്തുന്നതിനും വാഹനം ഉപയോഗിക്കുന്നു എന്നായിരുന്നു പരാതിയിലെ പ്രധാന ആരോപണം. ഓഫിസറുടെ ടൂര്‍ ഡയറിയിയും ലോഗ് ബുക്കും തമ്മിൽ വ്യത്യാസം ഉണ്ടെന്നും പരാതിയിൽ സൂചിപ്പിച്ചിരുന്നു.
റേഞ്ച് ഓഫിസർ ടി.ടി ബിനീഷ് കുമാർ 2022 മെയ്16 നാണ് ജോലിയിൽ പ്രവേശിച്ചത്. 2023 ഫെബ്രുവരി 28ന് തൊടുപുഴ ഓഫീസിൽ നിന്ന് സ്ഥലം മാറി. ഈ കാലയളവിലെ ലോഗ് ബുക്കും ടൂർ ഡയറിയും അടക്കമാണ് പരിശോധിച്ചത്. ഓഫിസിലെ ടൂർ ഡയറിയിലെയും ലോഗ്ബുക്കിലെയും രേഖപ്പെടുത്തലുകൾ തമ്മിൽ വ്യത്യാസം പരിശോധനയിൽ കണ്ടെത്തി.
വീക്കിലി ഡയറിയിൽ ഓഫീസ് ജോലി എന്ന രേഖപ്പെടുത്തുകയും ഈ ദിവസങ്ങളിൽ വാഹനത്തിൽ സഞ്ചരിച്ചതായി ലോഗ് ബുക്കിൽ രേഖപ്പെടുത്തുകയും ചെയ്തു. അതിനാൽ, ഔദ്യോഗിക വാഹനത്തിന്റെ ഉപയോഗം ഇവിടെ നടന്നു എന്നാണ് പരിശോധനയിൽ കണ്ടെത്തിയത്. ഔദ്യോഗിക വാഹനം ക്രമരഹിതമായി ഉപയോഗിച്ചതിന് ഓഫിസർ ഇവിടെ സേവനം അനുഷ്ഠിച്ചിരുന്ന 2022 മെയ് മുതൽ 2022 ഫെബ്രുവരി വരെയുള്ള കാലയളവിൽ ഏറ്റവും കൂടുതൽ ഇന്ധന ഉപയോഗം നടന്ന 2002 സെപ്റ്റംബർ മാസത്തിലെ ഇന്ധന ഉപഭോഗത്തിനായി ചെലവഴിച്ച തുകയുടെ പകുതിയായ 8531 രൂപ ഓഫിസറിൽനിന്ന് ഈടാക്കണെന്നാണ് റിപ്പോർട്ടിലെ ശിപാർശ.
2003, 2008 എന്നീ വർഷങ്ങളിലെ സർക്കാരിന്റെ സർക്കുലർ പ്രകാരം യാത്ര തുടങ്ങിയതിനു മുമ്പ് തന്നെ യാത്രയെ സംബന്ധിച്ച വിവരങ്ങളും യാത്ര അവസാനിച്ചാലുടൻ യാത്ര ചെയ്ത ദൂരവും ഉദ്യോഗസ്ഥന്റെയും ഒപ്പും ലോഗ് ബുക്കിൽ രേഖപ്പെടുത്തണം. ഈ നിർദേശം റേഞ്ച് ഓഫീസർ പാലിച്ചിട്ടില്ല. സർക്കാർ സർക്കുലർ പാലിക്കണമെന്ന നിർദേശം തൊടുപുഴ ഫ്ലൈയിങ് സ്ക്വാഡ് റേഞ്ച് ഓഫീസർക്ക് നൽകണം.
ഇന്ധന ഉപഭോഗം, യാത്ര ചെയ്ത ദൂരം എന്നിവ സംബന്ധിച്ച് ഒരോ മാസവും അവസാന ദിവസം സംക്ഷിപ്ത കുറിപ്പ് രേഖപ്പെടുത്തേണ്ടതാണ്. എന്നാൽ ഇത്തരത്തിലൊരു സംക്ഷിപ്തം തൊടുപുഴ റേഞ്ച് ഓഫീസർ എഴുതിയിട്ടില്ല. അതിനാൽ ലോഗ് ബുക്കിൽ ഇക്കാര്യങ്ങൾ എഴുതി സൂക്ഷിക്കണമെന്ന് നിർദേശം നൽകണമെന്നാണ് റിപ്പോർട്ടിലെ ശിപാർശ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.