വാഹനകറക്കം കുറക്കൂ- ഡി.ജി.പി
text_fieldsകോഴിക്കോട്: പൊലീസ് വാഹനങ്ങളിലുള്ള 'അനാവശ്യ കറക്കം' അവസാനിപ്പിക്കാൻ സ്റ്റേഷൻ ഹൗസ് ഓഫിസർമാർക്ക് (എസ്.എച്ച്.ഒ) ഡി.ജി.പിയുടെ നിർദേശം. പൊലീസ് വാഹനങ്ങൾ എസ്.എച്ച്.ഒമാരും സബ് ഇൻസ്പെക്ടർമാരും സ്വന്തം ആവശ്യങ്ങൾക്ക് മാത്രമായി ഉപയോഗിക്കുന്നുവെന്ന് കാട്ടി പൊലീസ് ആസ്ഥാനത്ത് പരാതികൾ ലഭിച്ചതോടെയാണ് ഡി.ജി.പി അനിൽ കാന്തിന്‍റെ ഇടപെടൽ.
സ്റ്റേഷൻ ചുമതലയുള്ള ഇൻസ്പെക്ടർമാരും ക്രമസമാധാന ചുമതലയുള്ള സബ് ഇൻസ്പെക്ടർമാരും തൊട്ടതിനും പിടിച്ചതിനുമെല്ലാം വാഹനം ഉപയോഗിക്കുന്നതിനാൽ സ്റ്റേഷനിലെ ഔദ്യോഗികാവശ്യത്തിന് വാഹനം ലഭിക്കുന്നില്ലെന്നാണ് പ്രധാന പരാതി. സ്റ്റേഷൻ വാഹനങ്ങൾ ഹൗസ് ഓഫിസറുടെയോ മറ്റേതെങ്കിലും ഉദ്യോഗസ്ഥരുടെയോ മാത്രം യാത്രക്കുള്ളതല്ല. അതിനാൽതന്നെ ഔദ്യോഗിക ഡ്യൂട്ടി നിർവഹണത്തിന് എസ്.ഐ, എ.എസ്.ഐ, ഹെഡ് കോൺസ്റ്റബിൾ, കോൺസ്റ്റബിൾ എന്നിവർക്കും വാഹനം നൽകാൻ എസ്.എച്ച്.ഒമാർ ശ്രദ്ധിക്കണം. ഔദ്യോഗിക ഡ്യൂട്ടിയില്ലാത്തപ്പോൾ എസ്.എച്ച്.ഒമാരോ എസ്.ഐമാരോ വാഹനം കൊണ്ടുപോകരുത്. ഇരുവരും ഒരേസമയം ഒരേ സ്ഥലത്തേക്ക് പോകുമ്പോൾ ഒരുവാഹനമേ ഉപയോഗിക്കാവൂ.
പൊലീസ് വാഹനങ്ങളിൽ അതത് സ്റ്റേഷന്‍റെ പേര് മാത്രം മതി. മറ്റ് പദവികളോ സ്ഥാനപ്പേരോ ഉണ്ടെങ്കിൽ ഒഴിവാക്കണം. ജില്ലക്ക് പുറത്തുള്ള കോടതി ഡ്യൂട്ടികൾക്ക് ട്രെയിൻ, ബസ് യാത്ര മതി. സ്റ്റേഷൻ വാഹനങ്ങളുടെ ശരിയായ ഉപയോഗവും പരിചരണവും ഉറപ്പാക്കാൻ അസി. സ്റ്റേഷൻ റൈറ്ററെ ചുമതലപ്പെടുത്തണം. വാഹനങ്ങൾക്ക് ഇന്ധനക്ഷമത പരിശോധന നടത്തുകയും പ്രതിമാസ ഇന്ധന ക്വാട്ട നിശ്ചയിക്കുകയും വേണം. ഇക്കാര്യമെല്ലാം ഐ.ജിമാരും ഡി.ഐ.ജിമാരുംഉറപ്പാക്കണമെന്നും ഉത്തരവിലുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.