മിഠായിത്തെരുവിലെ 192 കടകൾ അടച്ചുപൂട്ടാൻ നോട്ടീസ്
text_fieldsകോഴിക്കോട്: മിഠായിത്തെരുവിൽ സംയുക്ത ഉദ്യോഗസ്ഥസംഘം നടത്തിയ പരിശോധനയിൽ സുരക്ഷ ക്രമീകരണങ്ങൾ ഉറപ്പുവരുത്താത്ത 192 കടകൾ അടച്ചുപൂട്ടാൻ നോട്ടീസ് നൽകി. സുരക്ഷ ക്രമീകരണങ്ങൾ ഉറപ്പുവരുത്തുന്നതിെൻറ ഭാഗമായി 604 കടകളിലാണ് തിങ്കളാഴ്ച പരിശോധന നടത്തിയത്. റവന്യു, കെ.എസ്.ഇ.ബി, ഇലക്ട്രിക്കൽ ഇൻസ്പെക്ടറേറ്റ്, കോർപറേഷൻ ഉദ്യോഗസ്ഥർ എന്നിവരാണ് രംഗത്തുണ്ടായിരുന്നത്. നേരത്തേ 1250 കടകൾക്ക് നോട്ടീസ് നൽകി ഏഴുദിവസത്തിനകം പരിഹാരം കാണാൻ ആവശ്യപ്പെട്ടിരുന്നു. ഡിസാസ്റ്റർ മാനേജ്മെൻറ് ആക്ട് പ്രകാരമാണ് വ്യാപാര സ്ഥാപനങ്ങൾക്ക് അടച്ചുപൂട്ടൽ നോട്ടീസ് നൽകിയത്. പരിശോധന ചൊവ്വാഴ്ചയും തുടരും.
ഒാരോ സ്ഥാപനത്തിനും പ്രത്യേകമായി നൽകിയ നിർദേശങ്ങൾ നടപ്പാക്കിയോ എന്നാണ് ജില്ല ഭരണകൂടം പ്രധാനമായും പരിശോധിക്കുന്നത്. രണ്ടു ടീമായാണ് ഉദ്യോഗസ്ഥർ കടകളിൽ കയറിയിറങ്ങിയത്. അടിക്കടിയുണ്ടാകുന്ന തീപിടിത്തങ്ങളെ തുടർന്ന് നടത്തിയ പ്രാഥമിക പരിശോധനയിൽ പല കടകളുടെയും വയറിങ്ങുകൾ മാറ്റണമെന്നും അഗ്നിശമന സംവിധാനങ്ങൾ ഒരുക്കണമെന്നും വസ്ത്രങ്ങളുടെ പെട്ടികളും മറ്റും സ്വിച്ച് ബോർഡുകൾക്കരികിലും മറ്റും കുന്നുകൂട്ടിയിടുന്നത് ഒഴിവാക്കണമെന്നും തീപിടിത്ത വേളയിൽ രക്ഷപ്പെടുന്നതിന് പ്രത്യേക കോണിപ്പടികളൊരുക്കണമെന്നുമടക്കം നിർദേശങ്ങൾ നൽകിയിരുന്നു. ഇതിന് നിശ്ചിത സമയം അനുവദിക്കുകയും െചയ്തിരുന്നു. ഇൗ സമയപരിധി അവസാനിച്ചതോടെയാണ് അധികൃതർ വീണ്ടും പരിശോധന തുടങ്ങിയത്. മുൻ നിർദേശങ്ങൾ ഒന്നും പാലിക്കാത്ത സ്ഥാപനങ്ങൾക്കാണ് അടച്ചുപൂട്ടാൻ നോട്ടീസ് നൽകിയത്.
സർക്കാറിെൻറ ഭാഗത്തുനിന്നുള്ള സുരക്ഷ ജോലികൾക്ക് തുടക്കമിട്ടിട്ടുണ്ട്. ഫയർഫോഴ്സിന് വെള്ളമെത്തിക്കുന്നതിനുള്ള പൈപ്പിടുന്ന ജോലിയും വൈദ്യുതിയുമായി ബന്ധപ്പെട്ട ജോലികളും പുരോഗമിക്കുകയാണ്. തീപിടിത്തത്തെ തുടർന്ന് വ്യാപാരികളും ജില്ല ഭരണകൂടവും നടത്തിയ വിശദമായ ചർച്ചകൾക്കൊടുവിലാണ് സുരക്ഷ നിർദേശങ്ങൾക്ക് രൂപംനൽകിയിരുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.