'കേരള മുഖ്യമന്ത്രിയായി ബാപ്പ സത്യപ്രതിജ്ഞ ചെയ്തിട്ട് 41 വർഷം'; സി.എച്ചിനെ അനുസ്മരിച്ച് മുനീർ
text_fieldsകോഴിക്കോട്: മുസ്ലിംലീഗ് നേതാവ് സി.എച്ച്. മുഹമ്മദ് കോയ കേരള മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തിട്ട് 41 വർഷം പൂർത്തിയാകുന്നു. 1979 ഒക്ടോബർ 12നായിരുന്നു സി.എച്ച് മുഹമ്മദ് കോയ കേരളത്തിെൻറ മുഖ്യമന്ത്രിയായത്. മുസ്ലിം ലീഗ്, എൻ.ഡി.പി, പി.എസ്.പി പാർട്ടികളുടെ സഖ്യത്തെ കോൺഗ്രസ് പുറത്തുനിന്ന് പിന്തുണച്ചതോടെയാണ് സി.എച്ച് മുഖ്യമന്ത്രിയായത്. 1979 ഡിസംബർ ഒന്നുവരെ മുഖ്യമന്ത്രിയായ സി.എച്ചാണ് കേരളത്തിലെ ഏറ്റവും ദൈർഘ്യം കുറഞ്ഞ ഭരണകാലമുള്ള മുഖ്യമന്ത്രി. 41 വർഷങ്ങൾ എത്ര വേഗമാണ് പോയ്മറഞ്ഞിരിക്കുന്നതെന്ന് പ്രതിപക്ഷ ഉപനേതാവ് എം.കെ.മുനീർ ഫേസ്ബുക്കിൽ കുറിച്ചു.
എം.കെ.മുനീർ പങ്കുവെച്ച ഫേസ്ബുക്ക് പോസ്റ്റ്:
നാല്പത്തിയൊന്ന് വർഷങ്ങൾ എത്ര വേഗമാണ് പോയ്മറഞ്ഞിരിക്കുന്നത്. കേരളത്തിെൻറ മുഖ്യമന്ത്രിയായി ബാപ്പ സത്യപ്രതിജ്ഞ ചെയ്ത ആ മുഹൂർത്തം ഇന്നലെയെന്ന പോലെ കൺമുന്നിൽ തെളിയുന്നു. ഇതുപോലൊരു ഒക്ടോബർ 12 വെള്ളിയാഴ്ച, ആ ചരിത്ര മുഹൂർത്തം സാധ്യമായ സുദിനം.
ഒരു ജനപഥത്തിെൻറ, പ്രതീക്ഷകളും പ്രാർത്ഥനകളും ഫലപ്രാപ്തിയിലെത്തിയ ദിവസമായിരുന്നു 1979 ഒക്ടോബർ 12 എന്നത്.മറവിയുടെ അലസതയെ ഓർമ്മപ്പെടുത്തലുകളുടെ ചൈതന്യം കൊണ്ട് പുനസ്ഥാപിക്കുന്നു ഈ ദിനം.വിശ്രമവേളകളില്ലാതെ, നിരന്തരം ജാഗ്രതയോടെ പ്രവർത്തിച്ചു കൊണ്ടിരുന്നൊരാൾ. സ്വജീവിതം മറന്നപ്പോഴും ഒരു ജനതക്ക് തിരിച്ചറിവിന്റെ ഊർജ്ജം നൽകിയ സമർപ്പിത ജീവിതം. അങ്ങനെയൊരു മനുഷ്യൻ ഒരു സമൂഹത്തിന്റെ പ്രതീക്ഷകളെ പ്രതിനിധീകരിച്ച് ചരിത്രത്തിലേക്ക് നടന്നു കയറിയ ദിവസമായിരുന്നു 41 വർഷങ്ങൾക്കപ്പുറത്തെ ഈ പകൽ.എന്നും പ്രകാശം പ്രസരിക്കുന്ന ഓർമ്മകളാണാ കാഴ്ച. അതീവ ഹൃദ്യമായ ഒരു സംഗീതം പോലെ, അതുല്യമായ ആ ചരിത്ര നിമിഷങ്ങളുടെ സ്മരണകൾ മനസ്സിൽ നിറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.