ബി.ജെ.പിയുടെ കൂട്ടു കക്ഷിയാകേണ്ട ഗതികേട് വന്നാൽ ലീഗ് പിരിച്ചുവിടും -എം.കെ മുനീർ
text_fieldsകോഴിക്കോട്: മുസ്ലിം ലീഗിനെ മുന്നണിയിലേക്ക് ക്ഷണിച്ച ബി.ജെ.പി നേതാവ് ശോഭാ സുരേന്ദ്രൻെറ പ്രസ്താവനക്കെതിരെ വിമർശനവുമായി എം.കെ മുനീർ. ബി.ജെ.പിയെ പോലുള്ള ഫാഷിസ്റ്റ് കക്ഷിയോട് ഏതെങ്കിലും കാലത്ത് കൂട്ടു കക്ഷിയായി മാറേണ്ട ഗതികേട് വരുമെങ്കിൽ അന്ന് ഈ പ്രസ്ഥാനം പിരിച്ചു വിടുന്നതായിരിക്കും അഭികാമ്യമെന്ന് അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു.
ഞങ്ങളുടെ പാർട്ടിയെ ദേശീയത പഠിപ്പിക്കാൻ ബി.ജെ.പിക്കെന്ത് അവകാശമാണുള്ളതെന്നും മുനീർ ചോദിച്ചു. ലീഗ് എവിടെ നിൽക്കണം, എവിടെ നിൽക്കരുത് എന്ന് തീരുമാനിക്കാനുള്ള പ്രാപ്തിയും നേതൃത്വവും ലീഗിനുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
എം.കെ മുനീറിൻെറ ഫേസ്ബുക്ക് കുറിപ്പ്:
മുസ്ലിം ലീഗിനെ മുന്നണിയിലേക്ക് ക്ഷണിച്ചു കൊണ്ടുള്ള ബിജെപി നേതാവ് ശ്രീമതി ശോഭാ സുരേന്ദ്രന്റെ അഭിപ്രായപ്രകടനം ഒരു രാഷ്ട്രീയ ഫലിതമായിട്ടാണ് പാർട്ടി കാണുന്നത് . ഇന്ത്യയുടെ മഹത്തായ ഭരണഘടന അതിന്റെ സെക്കുലർ മൂല്യങ്ങളോടെ ഇവിടെ നില നിൽക്കണമെന്ന് ദൃഢ നിശ്ചയം ചെയ്ത് പ്രവർത്തിക്കുന്ന ഒരു ജനാധിപത്യ പാർട്ടിയെന്ന നിലയ്ക്ക്, ഭരണഘടനയേയും ജനാധിപത്യത്തെയും സെക്കുലർ സ്വഭാവത്തെയും ശത്രു പക്ഷത്ത് നിറുത്തിയ ബിജെപിയെ പോലുള്ള ഫാഷിസ്റ്റ് കക്ഷിയോട് ഏതെങ്കിലും കാലത്ത് കൂട്ടു കക്ഷിയായി മാറേണ്ട ഗതി കേട് വരുമെങ്കിൽ അന്ന് ഈ പ്രസ്ഥാനം പിരിച്ചു വിടുന്നതായിരിക്കും അഭികാമ്യമെന്ന് ഞങ്ങൾ ആവർത്തിച്ചു പ്രഖ്യാപിക്കുന്നു .
ഒപ്പം ഒരു കാര്യം കൂടി ചേർക്കട്ടെ . ഇന്ത്യയുടെ ഭരണഘടനയുടെ താഴെ ഒപ്പു വെച്ച ഖാഇദേ മില്ലത്ത് ഇസ്മായിൽ സാഹിബിന്റെ പാർട്ടിയെ , ഇന്ത്യയുടെ ഭരണഘടനയുടെ ശില്പി ഡോക്ടർ അംബേദ്ക്കറെ ഭരണഘടനാ സമിതിയിലേക്ക് എത്തിച്ച ചരിത്ര നിയോഗം നിർവ്വഹിച്ച ഞങ്ങളുടെ പാർട്ടിയെ ദേശീയത പഠിപ്പിക്കാൻ ബിജെപിക്കെന്ത് അവകാശമാണുള്ളത് എന്ന് കൂടി സാന്ദർഭികമായി ഞങ്ങൾ അങ്ങോട്ട് ചോദിക്കുകയാണ് . ഹിന്ദുവും മുസ്ലിമും ക്രിസ്ത്യനും പാഴ്സിയും ബുദ്ധനും ജൈനനും മതമില്ലാത്തവരും എല്ലാം ഉൾപ്പെടുന്ന ബഹുസ്വരതയുടെ ദേശീയതയാണ് ലീഗിന്റെ ദേശീയത . നിങ്ങളുടെ ദേശീയതയും രാഷ്ട്ര സങ്കൽപ്പവും നിങ്ങൾ മാത്രമുള്ള ദേശമെന്ന സങ്കുചിത ചിന്തയുടെ സങ്കല്പങ്ങളാണ് . അതിന് ഇന്ത്യയുടെ ഭരണ ഘടനയിലോ പാരമ്പര്യത്തിലോ ഒരു സ്ഥാനവുമില്ല . അത് മറ്റുള്ളവരെ പഠിപ്പിക്കാൻ വരുന്നതിനു മുൻപ് നിങ്ങളാദ്യം ഇന്ത്യയെ പഠിക്കുക എന്നേ പറയാനുള്ളു . ലീഗ് എവിടെ നിൽക്കണം , എവിടെ നിൽക്കരുത് എന്ന് തീരുമാനിക്കാനുള്ള പ്രാപ്തിയും നേതൃത്വവും ലീഗിനുണ്ട്.കോഴിയെ കുറുക്കനെ ഏല്പിക്കേണ്ട ഗതികേട് കേരളത്തിൽ ഇല്ല !!
ലീഗ് വിഷയത്തിൽ ഇന്നലെയാണ് ശോഭ സുരേന്ദ്രൻ തൻെറ നിലപാട് ആവർത്തിച്ചത്. മോദിയുടെ നയം സ്വീകാര്യമെന്ന് പറഞ്ഞ്, വർഗീയ നിലപാട് തിരുത്തി വന്നാൽ ലീഗിനെ ബി.ജെ.പി ഉൾകൊള്ളുമെന്നായിരുന്നു ശോഭയുടെ പ്രസ്താവന. ഇതിനെതിരെയാണ് ലീഗ് നേതാവ് എം.കെ മുനീർ രംഗത്തെത്തിയിരിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.