പൗരത്വ നിയമത്തിനെതിരായ മനുഷ്യച്ചങ്ങലയിൽ പങ്കെടുക്കില്ല -എം.കെ. മുനീർ
text_fieldsകോഴിക്കോട്: പൗരത്വ ഭേദഗതി നിയമത്തിനെതിരെ ഇടതുമുന്നണി ജനുവരി 26ന് പ്രഖ്യാപിച്ച മനുഷ്യച്ചങ്ങലയിൽ മുസ്ലിം ലീഗ് പങ്കെടുക്കില്ലെന്ന് പ്രതിപക്ഷ ഉപനേതാവ് എം.കെ. മുനീർ. എൽ.ഡി.എഫ് നിശ്ചയിച്ച പരിപാടി യു.ഡി.എഫുമായി ആലോചിക്കാതെയാണെന്നും അദ്ദേഹം വാർത്ത സമ്മേളനത്തിൽ പറഞ്ഞു. പൗരത്വ ഭേദഗതി നിയമത്തിനെതിരെ ഒന്നിച്ച് നടത്തിയ സമരം പൊതു താൽപര്യം മുൻനിർത്തിയാണ്. അതുകൊണ്ട് ഇനി സമരങ്ങൾ പൊതുവായി മാത്രമേ ചെയ്യൂ എന്ന ധാരണ വേണ്ട.
പൗരത്വ നിയമ ഭേദഗതിക്കെതിരെ യു.ഡി.എഫ് ജനുവരി 18ന് കോഴിക്കോട്ട് മേഖലാ റാലി നടത്തും. കോഴിക്കോട് കടപ്പുറത്ത് കപിൽ സിബൽ പങ്കെടുക്കും. തടങ്കൽ പാളയങ്ങൾ നിർമിക്കാനുള്ള നിർദേശമടങ്ങിയ കത്ത് ജനുവരിയിൽ കേന്ദ്രസർക്കാർ സംസ്ഥാനങ്ങൾക്ക് നൽകിയിട്ടുണ്ട്. ഇതിന് സംസ്ഥാന സർക്കാർ എന്തു മറുപടി നൽകി എന്ന് വ്യക്തമാക്കണം. പൗരത്വ നിയമ വിഷയത്തിൽ സർക്കാർ ഇരട്ടത്താപ്പ് കാണിക്കുകയാണെന്ന സംശയം ദൂരീകരിക്കണം.
വിവിധ വിഷയങ്ങളിൽ എൽ.ഡി.എഫുമായുള്ള എതിർപ്പ് അതേ രീതിയിൽ നിലനിൽക്കുന്നു. ശബരിമല വിഷയത്തിൽ ഉൾപ്പെടെ അപകടകരമായ നിലപാടാണ് എൽ.ഡി.എഫ് സ്വീകരിച്ചത്. എന്നാൽ, ഭരണപക്ഷവും പ്രതിപക്ഷവും യോജിച്ച് ചെയ്യേണ്ട കാര്യങ്ങൾ അങ്ങനെ തന്നെ ചെയ്യണം. പൗരത്വ നിയമം ഭേദഗതി ചെയ്തതിനെതിരെ പ്രത്യേക നിയമസഭ വിളിച്ചുകൂട്ടുന്നതുൾപ്പെടെ ചെയ്യാം.
എൻ.ആർ.സി നടപ്പിലാക്കിയശേഷം തടങ്കൽ പാളയങ്ങളിൽ അനധികൃത കുടിയേറ്റക്കാരെന്ന പേരിൽ ന്യൂനപക്ഷ വിഭാഗത്തിൽപെട്ടവരെ പാർപ്പിക്കുകയായിരുന്നു കേന്ദ്രസർക്കാർ ലക്ഷ്യമെന്നും എം.കെ. മുനീർ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.