ഡോ. നജ്മ ഒറ്റക്കല്ല, മനുഷ്യത്വം മരിച്ചിട്ടില്ലാത്ത മലയാളികൾ ഒപ്പമുണ്ടാവും -എം.കെ. മുനീർ
text_fieldsകോഴിക്കോട്: കളമശ്ശേരി മെഡിക്കൽ കോളജിൽ കോവിഡ് രോഗി പരിചരണം കിട്ടാതെ മരിച്ച സംഭവത്തിൽ ആശുപത്രി ജീവനക്കാർക്കെതിരെ വെളിപ്പെടുത്തൽ നടത്തിയ ജനറൽ മെഡിസിൻ ജൂനിയർ റെസിഡന്‍റ് ഡോക്ടർ നജ്മ സലിമിനെ പിന്തുണച്ച് മുസ് ലിം ലീഗ് നേതാവ് എം.കെ. മുനീർ. ഡോ. നജ്മ ഒറ്റക്കല്ലെന്നും മനുഷ്യത്വം മരിച്ചിട്ടില്ലാത്ത മലയാളികൾ ഒപ്പമുണ്ടാവുമെന്നും മുനീർ പറഞ്ഞു
പ്രാണവായു കിട്ടാതെ യു.പിയില്‍ കുഞ്ഞുങ്ങള്‍ പിടഞ്ഞു മരിച്ചപ്പോള്‍ സ്വന്തം പണം മുടക്കി ഓക്‌സിജന്‍ സിലിണ്ടര്‍ വാങ്ങി നല്‍കിയ ഡോ. കഫീല്‍ ഖാന ഭരണകൂട ഭീകരതയാണ് നേരിട്ടത്. എന്നാൽ ഡോ. നജ്മ ഭീകരമായ സൈബര്‍ ആക്രമണമാണ് ഇപ്പോൾ നേരിടുന്നത്. ഡോ. നജ്മയുടെ കണ്ണുനീരിനൊപ്പം ഉണ്ടാകുമെന്നും അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു.
ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂർണരൂപം:
കളമശ്ശേരി മെഡിക്കല്‍ കോളജില്‍ ചികിത്സയിലെ അനാസ്ഥ മൂലം രോഗി മരിച്ച സംഭവം കേരളം ഞെട്ടലോടെയാണ് കേട്ടത്. ഇനിയും ഇത്തരം തെറ്റുകള്‍ ആവര്‍ത്തിക്കരുത് എന്ന് സഹപ്രവര്‍ത്തകര്‍ക്ക് നിര്‍ദേശം നല്‍കിയ നഴ്‌സിങ് ഓഫീസറെ സസ്‌പെന്‍ഡ് ചെയ്തു. കുറ്റക്കാരായവരെ കണ്ടെത്താനും മാതൃകാപരമായ ശിക്ഷ ഉറപ്പാക്കാനുമല്ല ബന്ധപ്പെട്ടവര്‍ ശ്രമിച്ചത്.
തിരുവനന്തപുരത്ത് രോഗിയെ പുഴുവരിച്ചതിന് അതുമായി യാതൊരു ബന്ധവുമില്ലാത്ത ജീവനക്കാരെ സസ്‌പെന്‍ഡ് ചെയ്തതും നാം കണ്ടതാണ്. ചികിത്സ നിഷേധിച്ചതിന്‍റെ പേരില്‍ ഇരട്ടക്കുട്ടികള്‍ മരിച്ചതും കോവിഡ് ചികിത്സയ്ക്കായി പോകുംവഴി ആംബുലന്‍സില്‍ പീഡനം നേരിട്ട് പെണ്‍കുട്ടി ആത്മഹത്യക്കു ശ്രമിച്ചതും രോഗി മരിച്ചിട്ട് ബന്ധുക്കളെ അറിയിക്കാതെ ദിവസങ്ങളോളം മൃതദേഹം മോര്‍ച്ചറിയില്‍ സൂക്ഷിച്ചതും ഒക്കെ വീഴ്ചകളാണ്.
തെറ്റുകളും വീഴ്ചകളും ചൂണ്ടിക്കാട്ടുന്നവരുടെ വായടപ്പിക്കുന്ന സമീപനമാണ് സര്‍ക്കാരിന്‍റേത്. കോവിഡിന്‍റെ തുടക്കം മുതല്‍ വീഴ്ചകള്‍ ചൂണ്ടിക്കാട്ടിയപ്പോള്‍ 'ഈ മഹാമാരി കാലത്ത് ഇങ്ങനെയൊക്കെ പറയാമോ'എന്നതായിരുന്നു പ്രചരണം.
മനസാക്ഷി മരിച്ചിട്ടില്ലാത്ത യുവ ഡോക്ടര്‍ നജ്മ സലിം അനീതികള്‍ ഉറക്കെ വിളിച്ചു പറഞ്ഞില്ലായിരുന്നെങ്കില്‍ നഴ്‌സിങ് ഓഫീസറിന്‍റെ സസ്‌പെന്‍ഷനിലൂടെ എല്ലാം അവസാനിപ്പിക്കുമായിരുന്നു.
പ്രാണവായു കിട്ടാതെ യു.പിയില്‍ കുഞ്ഞുങ്ങള്‍ പിടഞ്ഞു മരിച്ചപ്പോള്‍ അവിടെ സ്വന്തം പണം മുടക്കി ഓക്‌സിജന്‍ സിലിണ്ടര്‍ വാങ്ങി നല്‍കിയ ഡോക്ടര്‍ കഫീല്‍ ഖാനെ ഭരണകൂട ഭീകരത എങ്ങനെ നേരിട്ടു എന്ന് നാം കണ്ടതാണ്. ഡോ. നജ്മയും ഭീകരമായ സൈബര്‍ ആക്രമണമാണ് ഇപ്പോള്‍ നേരിടുന്നത്.
ഡോ. നജ്മ ഒറ്റയ്ക്കല്ല, മനുഷ്യത്വം മരിച്ചിട്ടില്ലാത്ത മലയാളികള്‍ ഒറ്റക്കെട്ടായി ഡോ. നജ്മക്കൊപ്പമുണ്ടാവും; ഡോക്ടര്‍ നജ്മയുടെ കണ്ണുനീരിനു ഒപ്പമുണ്ടാവും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.