സിദ്ദീഖ് കാപ്പൻ: സർക്കാർ ഇടപെടണമെന്ന് വി.ടി ബൽറാമും പി.കെ ഫിറോസും; ദേശീയ മനുഷ്യാവകാശ കമീഷന് കത്തുനൽകി മുനീർ
text_fieldsതിരുവനന്തപുരം: ഉത്തർപ്രദേശ് പൊലീസ് യു.എ.പി.എ ചുമത്തി ജയിലിൽ അടച്ച മലയാളി മാധ്യമപ്രവർത്തകൻ സിദ്ദിഖ ് കാപ്പെൻറ മോചനത്തിനായി കേരള സർക്കാർ ഇനിയെങ്കിലും ഇടപെടണമെന്ന് വി.ടി ബൽറാം എം.എൽ.എ ആവശ്യപ്പെട്ടു. ദാരുണമായ അവസ്ഥയിൽ കൂടി കടന്നുപോകുന്ന കാപ്പന് നീതി ലഭ്യമാക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷ ഉപനേതാവ് എം.കെ മുനീർ ദേശീയ മനുഷ്യാവകാശ കമീഷന് കത്ത് നൽകി. പരിമിതികളുണ്ടെന്ന് പറഞ്ഞ് ഇനിയും മാറിനിൽക്കരുതെന്നും വിദഗ്ധ ചികിത്സക്കായി സർക്കാർ അടിയന്തിരമായി സമ്മർദ്ദം ചെലുത്തണമെന്നും യൂത്ത് ലീഗ് സംസ്ഥാന സെക്രട്ടറി പി.കെ ഫിറോസ് ആവശ്യപ്പെട്ടു.
ഹാഥറസിൽ ദലിത് പെൺകുട്ടി ക്രൂരമായി ബലാത്സംഗം ചെയ്യപ്പെട്ടിടത്തേക്ക് പോകവേയാണ് കാപ്പനെ യു.പി പൊലീസ് അറസ്റ്റ് ചെയ്തത്. കോവിഡ് സ്ഥിരീകരിച്ച കാപ്പന്‍റെ ആരോഗ്യ നില ഗുരുതരമാണെന്നും മഥുരയിലെ ആശുപത്രി കട്ടിലിൽ ചങ്ങല കൊണ്ട് ബന്ധിപ്പിച്ചിരിക്കുകയാണെന്നും ഭാര്യ റൈഹാനത്ത് അറിയിച്ചിരുന്നു.
എം.കെ മുനീർ പങ്കുവെച്ച ഫേസ്ബുക് പോസ്റ്റ്:
അത്യന്തം ദാരുണമായ അവസ്ഥയിൽ കൂടിയാണ് സിദ്ദിഖ് കാപ്പൻ എന്ന മലയാളി പത്രപ്രവർത്തകൻ കടന്നു പോകുന്നത് എന്ന് അദ്ദേഹത്തിൻ്റെ ഭാര്യയുടെ വെളിപ്പെടുത്തലുകൾ വ്യക്തമാക്കുന്നു. കോവിഡ് ബാധിതനായ അദ്ദേഹം ബാത്ത്റൂമിൽ തല കറങ്ങി വീഴുകയും താടിയെല്ല് പൊട്ടുകയും ശരീരമാസകലം വേദന അനുഭവിക്കുകയും ചെയ്യുന്ന അവശനിലയിലാണ് ഉള്ളതെന്ന് ഭാര്യ പറയുന്നു. ചങ്ങലയിൽ കിടന്ന് പ്രാഥമിക കാര്യങ്ങൾ പോലും നിർവ്വഹിക്കാനാവാത്ത തരത്തിൽ ജയിലിൽ ക്രൂര മർദ്ദനമാണ്, ഉടൻ ചികിത്സ ലഭ്യമായില്ലെങ്കിൽ അദ്ദേഹത്തിൻ്റെ അവസ്ഥ കൂടുതൽ മോശമാകുമെന്നും പുറത്ത് വരുന്നു.
കൂട്ട ബലാത്സംഗത്തിന് ഇരയായി കൊല്ലപ്പെട്ട ദളിത് പെൺകുട്ടിയുടെ വീട് തേടി റിപ്പോർട്ടിംഗിൻ്റെ ഭാഗമായി ഹഥ്രാസിലേക്ക് പോയ മലയാളി പത്രപ്രവർത്തകനാണ് സിദ്ദിഖ് കാപ്പൻ. പിന്നീടദ്ദേഹം തിരിച്ചു വന്നിട്ടില്ല. പത്രപ്രവർത്തക യൂണിയൻ നേതാവ് കൂടിയായ അദ്ദേഹം ഡൽഹിയിൽ നിന്ന് ഹാഥ്രസിലേക്ക് എത്തും മുൻപെ പിടിയിലായി. അദ്ദേഹത്തിൻ്റെ പേര് നോക്കി അറസ്റ്റ് ചെയ്യാൻ ഉത്തർപ്രദേശ് പോലിസിന് മറ്റൊന്നും ആലോചിക്കേണ്ടി വന്നില്ല. സിദ്ദീഖ് കാപ്പൻ്റെ കാര്യത്തിൽ മനുഷ്യാവകാശങ്ങളെല്ലാം നിഷേധിക്കപ്പെടുകയാണ്. അതിന് മാത്രംഎന്ത് കുറ്റമാണ് അദ്ദേഹം ചെയ്തിട്ടുള്ളത് ? യോഗിയും മോദിയും ഷായും തീർത്ത തടവറകളിൽ എത്ര പേർ ഇങ്ങനെ ജീവിതം ഹോമിക്കുന്നുണ്ടാവണം. കരുതൽ തടങ്കൽ അനുഭവിക്കുന്ന മനുഷ്യരെ കുറിച്ചുള്ള വാർത്തകളെത്ര നാം കേൾക്കുന്നു. മനുഷ്യാവകാശ ലംഘനങ്ങളുടെ ഇരുണ്ട യുഗത്തിലേക്ക് നാം തിരിച്ചു പോവുകയാണോ? എന്ത് കൊണ്ടാണ് മലയാളിയായ ഒരു പത്രപ്രവർത്തകൻ്റെ അകാരണമായ അറസ്റ്റിലും അദ്ദേഹത്തോടുള്ള മനുഷ്യാവകാശ ലംഘനത്തിലും സംസ്ഥാന ഗവൺമെന്റും നിശബ്ദമാകുന്നത്?
സിദ്ദീഖ് കാപ്പന് അടിയന്തിരമായി കോവിഡ് ചികിത്സ സൗകര്യം ലഭ്യമാവണം. അദ്ദേഹത്തിൻ്റെ മോചനം എത്രയും വേഗം സാധ്യമാകണം. നീതി ലഭ്യമാവണം. ഈ ആവശ്യങ്ങളുന്നയിച്ച് ദേശീയ മനുഷ്യാവകാശ കമ്മീഷന് കത്ത് നൽകിയിട്ടുണ്ട്. ഈ മനുഷ്യാവകാശ ധ്വംസനത്തിനെതിരെ സാധ്യമാകുന്നതെല്ലാം ചെയ്യാൻ കേരളം ഒന്നിച്ച് കൈകോർക്കേണ്ട സമയമാണിത്.
പി.കെ ഫിറോസ് പങ്കുവെച്ച ഫേസ്ബുക് പോസ്റ്റ്:
മലയാളിയാണ്. പത്ര പ്രവർത്തകനാണ്. ഹത്രാസിലെ കൊല്ലപ്പെട്ട പെൺകുട്ടിയുടെ വീട്ടിലേക്കുള്ള യാത്രാ മധ്യേ യോഗിയുടെ പോലീസ് അറസ്റ്റ് ചെയ്ത് ജയിലിലടച്ചതാണ്. ഇപ്പോൾ കോവിഡ് ബാധിച്ച് ദുരിതത്തിലാണ്. മറ്റ് ആരോഗ്യ പ്രശ്നങ്ങളും അദ്ധേഹത്തെ അലട്ടുന്നുണ്ട്. കയ്യിൽ വിലങ്ങും പോരാത്തതിന് കയറു കൊണ്ട് ബന്ധിക്കുകയും ചെയ്തിട്ടുണ്ട്. പേര് സിദ്ധീഖ് കാപ്പൻ.
കേരള മുഖ്യമന്ത്രി ഇക്കാര്യത്തിൽ ഇനിയെങ്കിലും ഇടപെടാൻ തയ്യാറാവണം. ടി.പി ചന്ദ്രശേഖരനെ കൊന്ന കൊലയാളികൾക്ക് വിയ്യൂർ ജയിലിലിൽ കൊതുകു കടിയേൽക്കുന്നെന്ന് പറഞ്ഞ് സമരം ചെയ്തതൊന്നും മലയാളി മറന്നിട്ടില്ല. പരിമിതികളുണ്ടെന്ന് പറഞ്ഞ് ഇനിയും മാറി നിൽക്കരുത്. സിദ്ധീഖ് കാപ്പന് അടിയന്തിരമായി വിദഗ്ദ ചികിത്സ ലഭ്യമാക്കണം. അതിനായി സർക്കാർ സമ്മർദ്ധം ചെലുത്തണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.