'ഹരിത' അധ്യായം അടക്കണോ തുറക്കണോ എന്നത് പരാതി കൊടുത്ത നേതാക്കളുടെ തീരുമാനം പോലെ -മുനീർ
text_fieldsകോഴിക്കോട്: കേരള വനിതാ കമീഷനിൽ കൊടുത്ത പരാതിയിൽ 'ഹരിത' മുൻ നേതാക്കൾ എടുക്കുന്ന തീരുമാനം പ്രധാനമാണെന്ന് മുസ് ലിം ലീഗ് നേതാവ് എം.കെ. മുനീർ എം.എൽ.എ. പരാതി അടഞ്ഞതാണോ തുറന്നതാണോ എന്ന് അവരാണ് തീരുമാനിക്കേണ്ടത്. അത് അനുസരിച്ചാണ് ഹരിത അധ്യായം അടക്കണോ തുറക്കണോ എന്ന് തീരുമാനിക്കുകയെന്നും മുനീർ മാധ്യമങ്ങളോട് പറഞ്ഞു.
എം.എസ്.എഫ് സംസ്ഥാന പ്രവർത്തക സമിതി യോഗത്തിൽ പ്രസിഡന്‍റ് പി.കെ നവാസ് അശ്ലീല പരാമർശം നടത്തിയെന്ന് കാണിച്ച് ഹരിത ഭാരവാഹികൾ മുസ്ലിം ലീഗ് നേതൃത്വത്തിന് പരാതി നൽകിയിരുന്നു. മലപ്പുറം ജില്ലാ പ്രസിഡന്‍റ് കബീർ മുതുപറമ്പ്, ജനറൽ സെക്രട്ടറി വി. അബ്ദുൽ വഹാബിനും എതിരെയും സമാന പരാതി ഉയർന്നു. എന്നാൽ, ഈ പരാതിയിൽ ലീഗ് നേതൃത്വം നടപടി എടുക്കാത്തതിനാൽ ഹരിത ഭാരവാഹികൾ വനിത കമീഷന് പരാതി നൽകിയതോടെ വിഷയം പൊതുചർച്ചയായി.
ഇതേ തുടർന്ന് മുസ്ലിം ലീഗ് നേതൃത്വം നടത്തിയ ഇടപെടലുകൾ ഫലം കണ്ടിരുന്നില്ല. തുടർന്ന്, ഹരിത കമ്മിറ്റിയെ ആദ്യം മരവിപ്പിക്കുകയും പിന്നീട് പിരിച്ചുവിടുകയും ചെയ്തു. മുസ്ലിം ലീഗ് സംസ്ഥാന നേതൃത്വം നേരിട്ട് പുതിയ ഭാരവാഹികളെ നിയമിക്കുകയും ചെയ്തു.
ഈ വിവാദങ്ങൾക്കിടെ ഹരിതയെ പിന്തുണച്ചു കൊണ്ട് രംഗത്തെത്തിയ എം.എസ്.എഫ് ദേശീയ വൈസ് പ്രസിഡന്‍റ് ഫാത്തിമ തഹ്ലിയ വാർത്താസമ്മേളനം നടത്തിയിരുന്നു. ഇതേ തുടർന്ന് വൈസ് പ്രസിഡന്‍റ് സ്ഥാനത്ത് നിന്ന് തഹ്ലിയയെ നീക്കി. പിന്നാലെ, ഹരിത നേതാക്കൾക്ക് നീതി കിട്ടിയില്ലെന്ന് ആരോപിച്ച് രംഗത്തു വന്ന എം.എസ്.എഫ് സംസ്ഥാന വൈസ് പ്രസിഡന്‍റ് പി.പി. ഷൈജലിനെയും പദവികളിൽ നിന്ന് നീക്കിയിരുന്നു.
കോഴിക്കോട് വെള്ളയിൽ പൊലീസ് രജിസ്റ്റർ ചെയ്ത കേസിൽ ചെമ്മങ്ങാട് ഇൻസ്പെക്ടർ സി. അനിത കുമാരി ഹരിത ഭാരവാഹികളിൽ നിന്ന് മൊഴിയെടുപ്പ് പൂർത്തിയാക്കി. തുടർന്ന് പി.കെ. നവാസിന്‍റെ മൊഴി രേഖപ്പെടുത്തിയ പൊലീസ് അറസ്റ്റ് രേഖപ്പെടുത്തി ജാമ്യത്തിൽവിട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.