സി.പി.എമ്മിന്‍റെ അടവ് കെ.എം ഷാജിയോട് വിലപ്പോവില്ല; പിണറായിയുടെ പ്രതികാര രാഷ്ട്രീയത്തിനേറ്റ തിരിച്ചടി -എം.കെ മുനീർ
text_fieldsകോഴിക്കോട്: കെ.എം. ഷാജിയുടെ വീട്ടിൽ നിന്ന് വിജിലൻസ് പിടിച്ചെടുത്ത 47.35 ലക്ഷം തിരിച്ചു നൽകണമെന്ന് ഹൈകോടതി വിധിയിൽ പ്രതികരിച്ച് മുസ് ലിം ലീഗ് നേതാവ് എം.കെ മുനീർ. മോദി സർക്കാർ ശൈലിയിലുള്ള പിണറായിയുടെ പ്രതികാര രാഷ്ട്രീയത്തിനേറ്റ തിരിച്ചടിയാണ് കോടതി വിധിയെന്ന് എം.കെ മുനീർ പറഞ്ഞു.
കെ.എം ഷാജിയെ കൃത്യമായി കള്ളകേസിൽ കുടുക്കിയതാണെന്നും പ്രതികാര രാഷ്ട്രീയത്തിനപ്പുറത്തേക്ക് ആ കേസിൽ യാതൊന്നുമില്ലെന്നും പൊതു സമൂഹത്തിനു മുന്നിൽ ഓരോ ദിവസവും വ്യക്തമായി കൊണ്ടിരിക്കുന്ന തരത്തിലാണ് കോടതി വിധികൾ വന്നു കൊണ്ടിരിക്കുന്നത്. അദ്ദേഹത്തിൽ നിന്നും പിടിച്ചെടുത്ത തെരഞ്ഞെടുപ്പ് ഫണ്ട് പൂർണമായും തിരിച്ചു നൽകാനുള്ള ഉത്തരവിലൂടെ ഇടതുപക്ഷത്തിന്റെ കുപ്രചരണങ്ങൾ പൊതുസമൂഹത്തിനു മുന്നിൽ തുറന്നു കാട്ടപ്പെട്ടിരിക്കുകയാണ്.
അനീതിക്കെതിരെയും അഴിമതിക്കെതിരെയും പ്രതികരിക്കുന്നവരെ കള്ളക്കേസിൽ കുടുക്കി രാഷ്ട്രീയ പ്രവർത്തനം അവസാനിപ്പിക്കാം എന്ന സി.പി.എമ്മിന്റെ എക്കാലത്തെയും അടവ് ഷാജിയെ പോലെയുള്ള യുവ രാഷ്ട്രീയ നേതാക്കൾക്കെതിരിൽ വിലപ്പോവില്ല. കാരണം അവരെല്ലാം നേരിന്റെ രാഷ്ട്രീയത്തോടൊപ്പമാണ്. മോദി സർക്കാർ സ്റ്റൈലിലുള്ള പിണറായിയുടെ പ്രതികാര രാഷ്ട്രീയത്തിനേറ്റ തിരിച്ചടി കൂടിയാണ് ഈ വിധിയെന്നും എം.കെ മുനീർ വ്യക്തമാക്കി.
അനധികൃത സ്വത്ത് സമ്പാദനക്കേസുമായി ബന്ധപ്പെട്ട് നടത്തിയ പരിശോധനയിൽ കെ.എം. ഷാജിയുടെ വീട്ടിൽ നിന്ന് വിജിലൻസ് പിടിച്ചെടുത്ത 47.35 ലക്ഷം രൂപ തിരിച്ചു നൽകണമെന്നാണ് ഹൈകോടതി ഉത്തരവിട്ടത്. കേസിൽ വിചാരണ തീരുംവരെ തുക പിടിച്ചുവെക്കേണ്ടതില്ലെന്ന് വിലയിരുത്തിയാണ് ജസ്റ്റിസ് എ. സിയാദ് റഹ്മാന്‍റെ ഉത്തരവ്. വിജിലൻസ് പിടിച്ചെടുത്ത പണം തിരിച്ചു നൽകാൻ നൽകിയ ഹരജി കോഴിക്കോട് വിജിലൻസ് കോടതി ത ള്ളിയതിനെതിരെ കെ.എം. ഷാജി നൽകിയ ഹരജിയാണ് ഹൈകോടതി പരിഗണിച്ചത്.
കെ.എം. ഷാജി അനധികൃതമായി സ്വത്ത് സമ്പാദിച്ചെന്ന് ആരോപിച്ച് 2020ൽ എം.ആർ. ഹരീഷ് നൽകിയ പരാതി കോഴിക്കോട് വിജിലൻസ് കോടതി പ്രാഥമിക അന്വേഷണത്തിനായി വിജിലൻസിന് കൈമാറിയിരുന്നു. അന്വേഷണ ഭാഗമായി കണ്ണൂരിൽ കെ.എം. ഷാജിയുടെ ഭാര്യയുടെ പേരിലുള്ള വീട്ടിൽ നടത്തിയ റെയ്‌ഡിലാണ് 47.35 ലക്ഷം രൂപ പിടിച്ചെടുത്തത്. എന്നാൽ, നിയമസഭ തെരഞ്ഞെടുപ്പ് പ്രചാരണത്തിനുള്ള ചെലവിനായി പൊതുജനങ്ങളിൽ നിന്ന് പിരിച്ചെടുത്ത തുകയാണിതെന്നും തെരഞ്ഞെടുപ്പ് ക്യാമ്പായി പ്രവർത്തിച്ച വീട്ടിൽ നിന്നാണ് പണം പിടിച്ചെടുത്തതെന്നും കെ.എം. ഷാജി വ്യക്തമാക്കി.
പൊതുജനങ്ങളിൽ നിന്ന് പിരിച്ചതാണെന്ന് വ്യക്തമാക്കി ഷാജി ഹാജരാക്കിയ രസീതുകൾ ശരിയല്ലെന്നും ഈ തുകയുടെ കണക്ക് തെരഞ്ഞെടുപ്പ് ചെലവിനത്തിൽ ഉൾപ്പെടുത്തിയിട്ടില്ലെന്നുമായിരുന്നു വിജിലൻസിന്‍റെ വാദം. എന്നാൽ, വരുമാന നികുതിയടക്കം നൽകിയെന്ന വസ്തുത കണക്കിലെടുത്ത് ബാങ്ക് ഗാരന്‍റിയുടെ അടിസ്ഥാനത്തിൽ തുക തിരിച്ചു നൽകാൻ കോടതി നിർദേശിക്കുകയായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.