യുവാക്കളെല്ലാം കാരിയർമാരാണെന്ന് പറയാൻ ഒരു കാരണവശാലും അനുവദിക്കില്ല -എം.കെ. മുനീർ
text_fieldsതിരുവനന്തപുരം: സ്വർണക്കടത്തുകാരുമായി നേരിട്ട് ബന്ധമുണ്ടെന്ന ആരോപണത്തിന് മറുപടിയുമായി എം.കെ. മുനീർ എം.എൽ.എ. ആരോപണം ഉന്നയിച്ചവർക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് മുനീർ പറഞ്ഞു.
കൊടുവള്ളി സ്വർണക്കച്ചവടത്തിന്‍റെയും കള്ളക്കടത്തിന്‍റെയും സ്ഥലമാണെന്നുമുള്ള ഒരു പൊതുധാരണ പരത്താൻ ശ്രമിക്കുകയാണ്. അതിൽ നിന്ന് ചെറുപ്പക്കാരെ രക്ഷപ്പെടുത്താൻ താൻ ശ്രമിക്കുന്നു. യുവാക്കൾക്ക് വിദേശത്ത് ജോലി ലഭിക്കുന്നതിന് ശ്രമം നടത്തും. അമ്പതോളം പേർക്ക് നിലവിൽ ജോലി ലഭിക്കുകയും ചെയ്തു.
ഇത്തിസലാത്ത് അടക്കം വലിയ കമ്പനികളിലാണ് അവർ ജോലി ചെയ്യുന്നത്. ജോലി കിട്ടുന്നതോടെ വലിയ ആരോപണത്തിൽ നിന്നും യുവാക്കൾ രക്ഷപ്പെടുകയാണ്. വീണ്ടും കാരിയർമാരാണെന്ന് പറയുമ്പോൾ തകർക്കപ്പെടുന്നത് യുവാക്കളുടെ വ്യക്തിത്വമാണ്. യുവാക്കളെല്ലാം കാരിയർമാരാണെന്ന് പറയാൻ ഒരു കാരണവശാലും അനുവദിക്കില്ല. ദുരാരോപണങ്ങളിൽ നിന്നും രക്ഷിക്കാനുള്ള ശ്രമമാണ് നടത്തുന്നതെന്നും മുനീർ ചൂണ്ടിക്കാട്ടി.
വിദേശത്ത് ജോലി തേടി പോകുന്നവർക്ക് താമസിക്കാൻ സ്ഥലം നൽകുകയും ജോലി കിട്ടിയ ശേഷം അവർ പോകുമ്പോൾ പുതിയ ആളുകൾ ആ സ്ഥലത്തേക്ക് വരുകയും ചെയ്യുന്നു. ജോലി തേടി വിദേശത്ത് പോകുന്ന മുഴുവൻ പേരുടെയും വിവരങ്ങൾ തന്‍റെ ഓഫീസിൽ രജിസ്റ്റർ ചെയ്ത് ഒപ്പ് വാങ്ങുന്നുണ്ട്. കാരിയറാകാൻ എം.കെ മുനീറിന്‍റെ ഓഫീസിൽ രജിസ്റ്റർ ചെയ്യാമെന്ന് പറയുന്ന ഏത് മൂഢനായ എം.എൽ.എയാണ് രാജ്യത്തുണ്ടാവുകയെന്നും അദ്ദേഹം ചോദിച്ചു.
അബുലൈസ് എന്നയാളുമായി ആർക്കാണ് ഏറ്റവും കൂടുതൽ ബന്ധമെന്ന് തനിക്കറിയാം. അതിന്‍റെ ചിത്രങ്ങളുണ്ട്. അക്കാര്യം പുറത്തുപറയാൻ ആഗ്രഹിക്കുന്നില്ല. ഇത്തരക്കാരുമായി ഏറ്റവും കൂടുതൽ ബന്ധമുള്ളത് കൊടുവള്ളിയിലെ ഇടതുപക്ഷത്തിനാണെന്ന് തെളിയിക്കാൻ സാധിക്കും.
താൻ വിദേശത്ത് അയക്കുന്ന യുവാക്കൾക്ക് താമസസൗകര്യം ലഭിക്കുന്നുണ്ടോ എന്ന് മാത്രം തനിക്ക് നോക്കേണ്ടതുള്ളൂ. അവർക്ക് കേസുണ്ടോ ഇല്ലയോ എന്ന് നോക്കേണ്ടത് കസ്റ്റംസും പൊലീസുമാണ്. കേസുണ്ടെങ്കിൽ അക്കാര്യം പൊലീസ് തന്നോട് പറയണം. അബുലൈസിനെതിരായ കേസ് തള്ളിക്കൊണ്ടുള്ള കോടതി ഉത്തരവ് കാണിച്ചുതന്നതാണ്. താൻ കള്ളക്കടത്തുകാരാണെന്ന് മാധ്യമങ്ങൾ വിശ്വസിക്കുകയാണോ എന്നും മുനീർ ചോദിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.